തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളില്‍ കൊടിമരത്തിനുശേഷം ഹിന്ദുക്കളല്ലാത്തവര്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിക്കാന്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് (എച്ച് ആര്‍ ആന്‍ഡ് സി ഇ) വകുപ്പിനോട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. ഹിന്ദുക്കള്‍ക്കും അവരുടെ മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ പിന്തുടരാനും അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയിലെ മധുര ബെഞ്ചിലെ ജസ്റ്റിസ് എസ് ശ്രീമതിയുടേതാണ് വിധി.
പളനി ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിലും അതിന്റ ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കള്‍ക്കുമാത്രം പ്രവേശനം അനുവദിക്കണമെന്ന ഡി സെന്തില്‍കുമാറിന്റെ ഹര്‍ജി പരിഗണിക്കുകകയായിരുന്നു കോടതി. എല്ലാ പ്രവേശന കവാടങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശസ്തമായ ഈ മുരുകക്ഷേത്രം ഡിണ്ടിഗൽ ജില്ലയിലെ പളനിയിലാണ് സ്ഥിതി ചെയ്യുന്നത്.
തമിഴ്‌നാട് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ടൂറിസം വകുപ്പ്, കമ്മീഷണര്‍, എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പ്, പളനിക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരാണ് എതിര്‍ കക്ഷികൾ. എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പാണ് തമിഴ്‌നാടിലെ ഹിന്ദുക്ഷേത്രങ്ങളുടെ ഭരണം നടത്തുന്നത്. സെന്തില്‍കുമാറിന്റെ ഹര്‍ജി സ്വീകരിച്ച കോടതി ക്ഷേത്രത്തിന്റെ പ്രവേശന സ്ഥലത്തും കൊടിമരത്തിന് സമീപവും 'കൊടിമരത്തിന് ശേഷം അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ് സ്ഥാപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
''ഹിന്ദുമതത്തില്‍ വിശ്വസിക്കാത്ത അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് എതിര്‍ഭാഗത്തോട് നിര്‍ദേശിക്കുന്നു. അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രതിഷ്ഠ സന്ദര്‍ശിക്കണമെന്ന് അവകാശപ്പെട്ടാല്‍ അവരില്‍നിന്നും ദൈവത്തില്‍ വിശ്വാസമുണ്ടെന്നും ഹിന്ദു മതത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുമെന്നും ക്ഷേത്ര ആചാരങ്ങള്‍ അനുസരിക്കുമെന്നും പ്രതിജ്ഞയെടുക്കണം. അങ്ങനെയാണെങ്കില്‍ അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാം,'' കോടതി ഉത്തരവിട്ടു.
അത്തരത്തില്‍ ആരെയെങ്കിലും പ്രവേശിപ്പിക്കുകയാണെങ്കില്‍ അത് ക്ഷേത്രത്തിന്റെ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും കോടതി പറയുന്നു. സര്‍ക്കാര്‍, ക്ഷേത്രത്തിന്റെ ആനുഷ്ഠാനങ്ങളും ആചാരങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ട് ക്ഷേത്രം പരിപാലിക്കണമെന്നും കോടതി ഉത്തരവിട്ടു.
എന്നാല്‍ പ്രസ്തുത ക്ഷേത്രത്തില്‍ മാത്രം ഉത്തരവ് നടപ്പാക്കാമെന്ന സര്‍ക്കാരിന്റെ റിട്ട് ഹര്‍ജിയും കോടതി തള്ളി. ഇവിടെ ഉന്നയിക്കപ്പെട്ട പ്രശ്‌നം വലുതാണെന്നും എല്ലാ ഹിന്ദുക്ഷേത്രങ്ങള്‍ക്കും ഇത് ബാധകമാണെന്നും കോടതി പറഞ്ഞു. ഈ നിബന്ധനകള്‍ വിവിധ മതങ്ങള്‍ക്കിടയില്‍ സാമുദായിക സൗഹാര്‍ദവും സമൂഹത്തില്‍ സമാധാനവും ഉറപ്പാക്കുകയും ചെയ്യുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാര്‍, എച്ച്ആര്‍ആന്‍ഡ് സിഇ വകുപ്പ് തുടങ്ങി ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട എല്ലാവരും ഈ ഉത്തരവ് എല്ലാ ഹിന്ദു ക്ഷേത്രത്തില്‍ നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങള്‍ ടൂറിസ്റ്റ് സ്ഥലങ്ങളോ പിക്‌നിക്ക് സ്‌പോട്ടുകളോ അല്ലെന്നും കോടതി പറഞ്ഞു. ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമര്‍ശം. ''അന്യമതത്തില്‍പ്പെട്ട ഒരുപറ്റം ആളുകള്‍ ബ്രഹദീശ്വര്‍ ക്ഷേത്രത്തെ ടൂറിസ്റ്റ് കേന്ദ്രമായി കണക്കാക്കി ക്ഷേത്രപരിസരത്ത് മാംസാഹാരം കഴിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതുപോലെ ജനുവരി 11ന് മധുര മീനാക്ഷി സുന്ദരേശ്വര്‍ ക്ഷേത്രത്തില്‍ മറ്റ് മതത്തില്‍പ്പെട്ടവര്‍ പ്രവേശിക്കുകയും അവരുടെ മതഗ്രന്ഥം ഉപയോഗിച്ച് കോവിലിനുസമീപം പ്രാര്‍ത്ഥന നടത്തിയതായും ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സംഭവങ്ങള്‍ ഹിന്ദു മതസ്ഥര്‍ക്ക് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളില്‍ ഇടപെടുന്നതാണ്,'' കോടതി പറഞ്ഞു.