ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ ആക്റ്റിന്റെ ഭരണഘടനാ സാധുത ശരിവച്ച് സുപ്രീംകോടതി. പ്രസ്തുത വകുപ്പിനെതിരായ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. എൻസിഇആർടി പാഠ്യപദ്ധതിക്ക് പുറമെ മത പഠനവും അനുവദിക്കുന്നതാണ് യുപി മദ്രസ ആക്റ്റ്.
2024 മാർച്ചിൽ 2004ലെ ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഭരണഘടനയിലെ മതേതര മൂല്യങ്ങൾ ലംഘിക്കുന്നതാണെന്നായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചത്.
മദ്രസകളില്‍ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്നതിന്റെ പേരില്‍ ന്യൂനപക്ഷ വിഭാഗത്തിലുള്ളവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള അവകാശം നിഷേധിക്കരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു. എന്നാൽ 12-ാം ക്ലാസിന് ശേഷം മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളായ കാമില്‍, ഫാസില്‍ എന്നിവയ്ക്ക് ഉത്തര്‍പ്രദേശ് മദ്രസ ബോർഡിന് അംഗീകാരം നൽകാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് നൽകുന്നത് യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.