മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സിന്റെ കണ്ടെത്തല്‍. 508 കോടി രൂപ ഭൂപേഷ് ബാഗലിന് ലഭിച്ചതായും ഇഡി അവകാശപ്പെട്ടു.
മഹാദേവ് വാതുവെപ്പ് ആപ്പ് പ്രൊമോട്ടര്‍മാര്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് 508 കോടി രൂപ കൈമാറിയതായി മൊഴി ലഭിച്ചതായിട്ടാണ് ഇഡിയുടെ വെളിപ്പെടുത്തല്‍. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിക്കെതിരെ ഇഡി ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
2023 നവംബര്‍ 7, 17 തീയതികളില്‍ നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഹാദേവ് ആപ്പിന്റെ പ്രമോട്ടര്‍മാര്‍ ഛത്തീസ്ഗഡില്‍ വന്‍തോതില്‍ പണം ഒഴുക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ചത്തീസ്ഗഡില്‍ ഇഡി വിവിധ ഇടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.
ഭരണകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി വന്‍തോതില്‍ പണം എത്തിക്കുന്നതിനായി, പ്രത്യേകിച്ച് യുഎഇയില്‍ നിന്ന് അയച്ച ഒരു ക്യാഷ് കൊറിയര്‍ അസിം ദാസിനെ പിടികൂടിയതായും ഇയാളുടെ വീട്ടില്‍ നിന്നും കാറില്‍ നിന്നും 5.39 കോടി രൂപ കണ്ടെടുത്തതായും ഇഡി മാധ്യമങ്ങളെ അറിയിച്ചു. പിടിച്ചെടുത്ത ഫണ്ടുകള്‍ ഛത്തീസ്ഗഢിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി രാഷ്ട്രീയക്കാരനായ ഒരു 'ബാഗേലി'ന് കൈമാറാന്‍ മഹാദേവ് ആപ്പ് പ്രൊമോട്ടര്‍മാര്‍ കൊടുത്തയച്ചതാണെന്ന് അസിം ദാസ് സമ്മതിച്ചുവെന്നും ഇഡി മാധ്യമങ്ങളെ അറിയിച്ചു.
മഹാദേവ് ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പില്‍ പോക്കര്‍ ഉള്‍പ്പെടെയുള്ള ചീട്ടുകളികള്‍, ഭാഗ്യ പരീക്ഷണ കളികള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ടെന്നീസ്, ഫുട്‌ബോള്‍ തുടങ്ങിയ വ്യത്യസ്ത തത്സമയ ഗെയിമുകള്‍ ലഭ്യമാണ്. ആപ്പിന്റെ ഉപയോക്താക്കള്‍ ഇവയില്‍ അനധികൃത വാതുവെപ്പ് നടത്തുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ വിവിധ തിരഞ്ഞെടുപ്പുകളില്‍ പോലും വാതുവെപ്പ് നടത്താനുള്ള അവസരം ആപ്പ് ഒരുക്കുന്നുണ്ടെന്ന് ഇ ഡി നേരത്തെ പറഞ്ഞിരുന്നു.
പല രീതിയില്‍ വാതുവെപ്പ് ആപ്പുകളെ നിരവധി സെലിബ്രിറ്റികള്‍ പ്രോത്സാഹിപ്പിക്കുന്നതായി ഇഡി കണ്ടെത്തിയിരുന്നു.കേസുമായി ബന്ധപ്പെട്ട് 2023 ഓഗസ്റ്റില്‍ വ്യവസായി സഹോദരങ്ങളായ സുനില്‍, അനില്‍ ദമ്മാനി, പോലീസ് ഉദ്യോഗസ്ഥരായ ചന്ദ്ര ഭൂഷണ്‍ വര്‍മ്മ, സതീഷ് ചന്ദ്രകര്‍ എന്നിവരെ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. വാതുവെപ്പ് ആപ്പിന്റെ കമ്പനി പ്രൊമോട്ടര്‍മാരായ സൗരഭ് ചന്ദ്രകര്‍, രവി ഉപ്പല്‍ എന്നിവരും കള്ളപ്പണ വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം നേരിടുന്നുണ്ട്.