മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് പങ്കിടല്‍ സംബന്ധിച്ച് വിലപേശല്‍ തുടരുന്ന മഹാ വികാസ് അഘാഡി (എംവിഎ) കക്ഷികള്‍ക്ക് ഇന്നു നിര്‍ണായകം. ഇന്നു മുംബൈയില്‍ നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ), എന്‍ സി പി (ശരദ് പവാര്‍) കക്ഷികള്‍ തമ്മില്‍ സീറ്റ് വിഭജനത്തില്‍ അന്തിമധാരണയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ശിവസേന, കോണ്‍ഗ്രസ് കക്ഷികള്‍ തമ്മിലാണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്. തര്‍ക്കം പരിഹരിക്കുന്നതില്‍ ശരദ് പവാറിന്റെ ഇടപെടലാണ് ഏവരും ഉറ്റുനോക്കുന്നത്.
സീറ്റ് വിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസും ശിവസേനയും തമ്മിലുള്ള അഭിപ്രായഭിന്നതകളെത്തുടര്‍ന്ന്, മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി നേതാവ് രമേശ് ചെന്നിത്തല ശനിയാഴ്ച ഉദ്ധവ് താക്കറെയുമായും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പ്രശ്‌നപരിഹാരമായില്ല. അതേസമയം, തര്‍ക്കത്തിന് അയവ് വന്നതായാണു വിവരം. നേരത്തെ കോണ്‍ഗ്രസും ശിവസേനയും തമ്മില്‍ നടന്ന ചര്‍ച്ച സമവായത്തിലെത്തിയിരുന്നില്ല. തുടര്‍ന്നാണു മധ്യസ്ഥ റോളില്‍ ശരദ് പവാര്‍ എത്തിയത്. കോണ്‍ഗ്രസ് മഹാരാഷ്ട്ര അധ്യക്ഷന്‍ നാനാ പടോലെയും ശിവസേനയും തമ്മിലുള്ള പശ്നങ്ങളാണ് സീറ്റ് പങ്കിടല്‍ ധാരണയിലെത്താത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
35-40 സീറ്റില്‍ എംവിഎ സഖ്യകക്ഷികള്‍ക്കിടയില്‍ അനിശ്ചിതാവസ്ഥ തുടരുകയാണെന്ന് നാനാ പടോലെ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, 96 സീറ്റിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പാര്‍ട്ടി സ്‌ക്രീനിങ് കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. 63 സ്ഥാനാര്‍ഥികളുടെ പേരുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സി ഇ സി) അംഗീകരിക്കുകയും ചെയ്തു. 25ന് സി ഇ സി വീണ്ടും യോഗം ചേരും.
സീറ്റ് വിഭജനം ഇന്നു വൈകീട്ട് മൂന്നിനു ചേരുന്ന യോഗത്തില്‍ അന്തിമമാക്കുമെന്നാണു രമേശ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്. മുംബൈയില്‍ ചേരുന്ന യോഗത്തില്‍ ചെന്നിത്തലയ്ക്കു പുറമെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ എന്നിവരുള്‍പ്പെടെയുള്ള സഖ്യത്തിന്റെ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും. യോഗത്തിനു മുന്നോടിയായി ശരദ് പവാറിനെ അദ്ദേഹത്തിന്റെ വസതിയില്‍ മുതിര്‍ന്ന നേതാവ് സന്ദര്‍ശിച്ചു.
210 സീറ്റില്‍ എംവിഎ സമവായത്തിലെത്തിയതായി ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത് ഞായറാഴ്ച പറഞ്ഞിരുന്നു. ''210 സീറ്റില്‍ ഞങ്ങള്‍ സമവായത്തിലെത്തി. വലിയ നേട്ടമാണത്. സംയുക്ത ശക്തിയായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയെ കൊള്ളയടിക്കുന്ന ശക്തികളെ ഞങ്ങള്‍ പരാജയപ്പെടുത്തും,''സഞ്ജയ് റാവത്ത് പറഞ്ഞു.
തര്‍ക്കം പരിഹരിക്കുന്നതിനായി, മുംബൈയിലെ വാന്ദ്രേ ഈസ്റ്റ്, ഘാട്കോപ്പര്‍ വെസ്റ്റ് സീറ്റുകള്‍ ശിവസേനയ്ക്ക് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് ഒടുവില്‍ സമ്മതിച്ചതായാണ് വിവരം. സീഷന്‍ സിദ്ദിഖാണ് വന്ദ്രേ ഈസ്റ്റിലെ നിലവിലെ എംഎല്‍എ. ഇവിടെ ഇവിടെ ഉദ്ധവ് താക്കറെയുടെ അനന്തരവന്‍ വരുണ്‍ സര്‍ദേശായിയെ മത്സരിപ്പിക്കാനാണു ശിവസേന നീക്കം. വിദര്‍ഭയിലെ രണ്ട് സീറ്റുകള്‍ വിട്ടുനല്‍കാനും കോണ്‍ഗ്രസ് തയാറായിട്ടുണ്ട്. എന്നാല്‍, നാഗ്പൂര്‍ സൗത്ത് സീറ്റ് ശിവസേനയ്ക്ക് ഒരുകാരണവശാലും വിട്ടുകൊടുക്കില്ലെന്നാണു കോണ്‍ഗ്രസ് നിലപാട്.
നാസിക്കാണ് തര്‍ക്കം തുടരുന്ന മറ്റൊരു മണ്ഡലം. ഇവിടെ സുധാകര്‍ ബുഡ്ജുഗറിനെ മത്സരിപ്പിക്കാന്‍ ശിവസേന (യുബിടി) ഏറെക്കുറെ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ മണ്ഡലത്തിനുവേണ്ടി കോണ്‍ഗ്രസ് നിര്‍ബന്ധം പിടിക്കുകയാണ്. നാസിക് വെസ്റ്റ് സീറ്റിനായി മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയതായാണു വിവരം. അതേസമയം, മുംബൈയിലെ ചെമ്പൂര്‍, സെവ്രി, ബൈക്കുള്ള, ഘാട്കോപ്പര്‍ വെസ്റ്റ്, മഗതാനെ, കുര്‍ള സീറ്റുകളില്‍ ശിവസേന സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
വിദര്‍ഭയില്‍ 12 സീറ്റ് ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍മറി, ഗഡ്ചിരോളി, ഗോണ്ടിയ, ഭണ്ഡാര, ചിമൂര്‍, ബല്ലാര്‍പൂര്‍, ചന്ദ്രപൂര്‍, രാംടെക്, കാംതി, സൗത്ത് നാഗ്പൂര്‍, അഹേരി, ഭദ്രാവതി വരോറ എന്നിവയാണ് ഈ സീറ്റുകള്‍. ഇവയൊന്നും നിലവില്‍ എംവിഎ പ്രതിനിധീകരിക്കുന്നവയല്ല. ആറ് സീറ്റില്‍ ബിജെപിയും മൂന്നെണ്ണത്തില്‍ സ്വതന്ത്രരുമാണ് കഴിഞ്ഞ തവണ ജയിച്ചത്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എ ആശിഷ് ജയ്സ്വാളാണ് രാംടെക്കിനെ പ്രതിനിധീകരിക്കുന്നത്. എന്‍സിപി അജിത് പവാര്‍ വിഭാഗമാണ് അഹേരി കൈവശം വച്ചിരിക്കുന്നത്. ഭദ്രാവതി വരോറ മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്.
288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കു നവംബര്‍ 20നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 23നാണ് ഫലപ്രഖ്യാപനം. ഭരണകക്ഷിയായ ബിജെപി 99 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക 20നു പുറത്തിറക്കിയിരുന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്റെ ശക്തികേന്ദ്രമായ നാഗ്പൂര്‍ സൗത്ത് വെസ്റ്റില്‍നിന്ന് ജനവിധി തേടും. രാജ്യസഭാ എംപി അശോക് ചവാന്റെ മകള്‍ ശ്രിജയ ചവാന്‍ ഭോക്കറിലും ബിജെപി മഹാരാഷ്ട്ര പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവാന്‍കുലെ കാംതിയിലും മത്സരിക്കും.
2022 ജൂണില്‍ ശിവസേനയും 2023 ജൂലൈയില്‍ എന്‍സിപിയും പിളര്‍ന്നശേഷം മഹാരാഷ്ട്രയില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ശിവസേനയിലെ പിളര്‍പ്പിനെത്തുടര്‍ന്നാണ് എംവിഎയ്ക്ക് ഭരണം നഷ്ടപ്പെട്ടതും ബിജെപി, ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ), എന്‍സിപി (അജിത് പവാര്‍ വിഭാഗം) സഖ്യം അധികാരത്തിലെത്തിയതും.