INDIA

ശരദ് പവാര്‍-അജിത് പവാര്‍ കൂടിക്കാഴ്ചയില്‍ ആശങ്ക; വേണ്ടിവന്നാല്‍ തന്ത്രം മാറ്റാന്‍ കോണ്‍ഗ്രസും ശിവസേനയും

ശനിയാഴ്ച്ച് ശരദ് പവാര്‍ അജിത് പവാറുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോല

വെബ് ഡെസ്ക്

എൻസിപി അധ്യക്ഷൻ ശരദ് പവാറും പാർട്ടി വിമതനും ബന്ധുവുമായ അജിത് പവാറുമായുള്ള കൂടിക്കാഴ്ചകൾ പതിവായതോടെ പുതിയ നീക്കം ശക്തമാക്കി കോൺഗ്രസും ശിവസേനയും. ശരദ് പവാറിന്റെ ചാഞ്ചാട്ടം തിരിച്ചടിയാകുമെന്ന് മുന്നിൽക്കണ്ട്, 2024 ലോക്സഭാ തിരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടാമെന്ന ചർച്ചകൾ മഹാ വികാസ് അഘാഡി സജീവമാക്കി. എൻസിപിയെ കൂട്ടാതെ ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടാനാണ് ഇരുപാര്‍ട്ടികളും തയാറെടുക്കുന്നത്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളെ ഇതുസംബന്ധിച്ച് ഇന്നലെ പരസ്യമായി സൂചന നല്‍കുകയും ചെയ്തു.

ശരദ് പവാറും പാർട്ടി വിമതനായ അജിത് പവാറും തമ്മിൽ തുടരെ ചർച്ചകൾ നടത്തുന്നത് മഹാ വികാസ് അഘാഡി സഖ്യത്തിന് അംഗീകരിക്കാനാകുന്നതല്ലെന്ന് പട്ടോളെ വ്യക്തമാക്കി. ഇത്തരം കൂടിക്കാഴ്ചകളിൽ കോൺഗ്രസിന് അതൃപ്തിയും ആശങ്കയുമുണ്ടെന്ന് അദ്ദേഹം തുറന്നുപറയുകയും ചെയ്തു. ശരദ്പവാര്‍ ബിജെപി പക്ഷത്തേക്കു പോകുന്ന സാചര്യം മുന്നില്‍ക്കണ്ട് തങ്ങള്‍ പ്ലാന്‍ ബി തയാറാക്കിയിട്ടുണ്ടെന്നും ഹൈക്കമാന്‍ഡായിരിക്കും അതില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും പട്ടോളെ വ്യക്തമാക്കി. ''എന്തായാലും ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഈ വിഷയം ചര്‍ച്ച ചെയ്യും. പ്രതിപക്ഷ സംഖ്യമായ 'ഇന്ത്യ'യും ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇപ്പോള്‍ ഇക്കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഉചിതമല്ല'' - പട്ടോളെ കൂട്ടി ചേര്‍ത്തു.

ശരദ് പവാറിനെ എന്‍ ഡി എയില്‍ എത്തിക്കാനായി കേന്ദ്രമന്ത്രി സ്ഥാനവും നീതി ആയോഗ് അധ്യക്ഷ സ്ഥാനവും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്റെ ആരോപണം. എന്‍സിപി പിളര്‍ത്തി ബിജെപി പക്ഷത്തേക്കു മാറി ഉപമുഖ്യമന്ത്രിയായ അനന്തരവന്‍ അജിത് പവാറുമായി ശരദ് പവാര്‍ നടത്തുന്ന രഹസ്യനീക്കങ്ങളില്‍ ശിവസേന നേതാവ് സഞ്ജയ് റാവുത്തും അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. സഖ്യമുപേക്ഷിച്ച് എന്‍സിപി എന്‍ഡിഎ പക്ഷേത്തേക്കു നീങ്ങുമെന്നു തന്നെയാണ് കോണ്‍ഗ്രസ്-ശിവസേന പാളയങ്ങള്‍ വിശ്വസിക്കുന്നത്. അതിനാല്‍ത്തന്നെ അണിയറയില്‍ ചരടുവലികള്‍ സജീവമാണ്.

അതേസമയം താന്‍ ഇപ്പോഴും മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമാണെന്നും എന്നും ബിജെപിയെയും വര്‍ഗീയതയെയും എതിര്‍ക്കുന്ന നിലപാട് മാത്രമേ സ്വീകരിച്ചിട്ടുള്ളൂവെന്നുമാണ് ശരദ് പവാര്‍ പറയുന്നത്.'' പാര്‍ട്ടിയിലെ ചിലര്‍ വ്യത്യസ്തമായി വഴിയാണ് സ്വീകരിച്ചത്. എന്നാല്‍ സ്ഥിതി ഗതികള്‍ മനസിലാക്കുന്നതോടെ അവരുടെ നിലപാടുകളില്‍ മാറ്റം വന്നേക്കും. അവര്‍ നിലപാട് മാറ്റിയാലും ഇല്ലെങ്കിലും ഞങ്ങള്‍ തിരഞ്ഞെടുത്ത വഴിയില്‍ നിന്ന് വ്യതി ചലിക്കില്ല''- ശരദ് പവാര്‍ അറിയിച്ചു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി