INDIA

തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മഹായുതി സഖ്യത്തില്‍ വിള്ളല്‍? മന്ത്രിസഭാ യോഗത്തില്‍ നിന്നിറങ്ങിപ്പോയി അജിത് പവാര്‍

വെബ് ഡെസ്ക്

ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാനിരിക്കെ മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തില്‍ വിള്ളല്‍ വീണെന്നു റിപ്പോര്‍ട്ട്. ബിജെപി-എന്‍സിപി(അജിത്പവാര്‍)-ശിവസേന(ഷിന്‍ഡേ) എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നു രൂപീകരിച്ച മഹായുതി സഖ്യത്തിന്റെ നയങ്ങളില്‍ അഭിപ്രായഭിന്നത ഉടലെടുത്തതോടെ എന്‍സിപി അജിത് പവാര്‍ പക്ഷമാണ് ഇടഞ്ഞത്.

കഴിഞ്ഞ ദിവസം മുംബൈയില്‍ ചേര്‍ന്ന നിര്‍ണായക മന്ത്രിസഭാ യോഗത്തില്‍ നിന്ന് അജിത് പവര്‍ ഇറങ്ങിപ്പോയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പട്ടികജാതി കമ്മീഷന് ഭരണഘടനാ പദവി നല്‍കാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരാനും ഒബിസി വിഭാഗങ്ങളെ ക്രീമിലെയറില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള വരുമാന പരിധി എട്ടു ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യാനും അടക്കം നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ട യോഗത്തില്‍ നിന്നാണ് അജിത് പവാര്‍ ഇറങ്ങിപ്പോയത്.

യോഗത്തില്‍ രൂക്ഷമായ വാഗ്വാദങ്ങള്‍ ഉണ്ടായെന്നും അതിനു പിന്നാലെ ഉപമുഖ്യമന്ത്രി കൂടിയായ അജിത് പവാര്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുകയായിരുന്നുവെന്നും ദേശീയ മാധ്യമമായ 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തു. അജിത് ഇറങ്ങിപ്പോയതിനു ശേഷമാണ് അതീവ നിര്‍ണായകമായ 38 തീരുമാനങ്ങളും മന്ത്രിസഭാ യോഗം കൈക്കൊണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹായുതി സഖ്യസര്‍ക്കാരിന്റെ പല നയങ്ങളോടും നേരത്തെ തന്നെ അജിത് പവാര്‍ പരോക്ഷ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ അജിത് പവാര്‍ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കാന്‍ ആരംഭിച്ചത് സഖ്യത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.

ധനമന്ത്രി സ്ഥാനം കൂടി വഹിക്കുന്ന തന്റെ അഭിപ്രായം ആരായാതെ സാമ്പത്തിക നയങ്ങളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കമാണ് അജിത് പവാറിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. എന്നാല്‍ സര്‍ക്കാരുമായി ഇടഞ്ഞെന്ന വാര്‍ത്ത അജിത് പവാര്‍ നിഷേധിച്ചിട്ടുണ്ട്. തനിക്ക് ലാത്തൂരില്‍ ഒരു കര്‍ഷക സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് യോഗത്തില്‍ നിന്ന് നേരത്തെ മടങ്ങിയതെന്നാണ് അജിത് പവാര്‍ നല്‍കുന്ന വിശദീകരണം.

എന്നാല്‍ സാമ്പത്തിക നയങ്ങളിലെ മാറ്റം ഉള്‍പ്പടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന മന്ത്രിസഭാ യോഗത്തെക്കാള്‍ വലുതാണോ കര്‍ഷക സമ്മേളനം എന്നാണ് മുഖ്യപ്രതിപക്ഷമായ മഹാ വികാസ് അഘാഡി സഖ്യനേതാക്കള്‍ ചോദിക്കുന്നത്. അജിത് പവാറും അദ്ദേഹത്തിന്റെ എന്‍സിപിയും മഹായുതി സഖ്യത്തില്‍ അവഗണന നേരിടുകയാണെന്നും ബിജെപി നല്‍കുന്ന ഭിക്ഷ സ്വീകരിക്കേണ്ട അവസ്ഥയാണ് അജിത് പവാറിനെന്നും കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവര്‍ പരിഹസിച്ചു.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. മുഖ്യപ്രതിപക്ഷമായ ശിവസേന(യുബിടി)-എന്‍സിപി(ശരദ് പവാര്‍)-കോണ്‍ഗ്രസ് കൂട്ടുകെട്ടായ മഹാ വികാസ് അഘാഡി സഖ്യം ശക്തമായ പ്രചാരണമാണ് മഹായുതി സഖ്യത്തിനെതിരേ അഴിച്ചുവിടുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു മുന്നില്‍ കനത്ത തിരിച്ചടിയും മഹായുതി സഖ്യത്തിന് നേരിട്ടിരുന്നു.

സംസ്ഥാനത്തെ 48 ലോക്സഭാ സീറ്റുകളില്‍ 30 എണ്ണവും നേടി മഹാ വികാസ് അഘാഡി സഖ്യം ഭരണകക്ഷിയെ ഞെട്ടിച്ചിരുന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 23 സീറ്റുകള്‍ നേടിയ ബിജെപി ഒമ്പതിലേക്കും എന്‍സിപി അജിത്പവാര്‍ വിഭാഗം വെറും ഒരു സീറ്റിലേക്കും ഒതുങ്ങിയിരുന്നു. 15 സീറ്റുകളില്‍ മത്സരിച്ച ശിവസേന ഷിന്‍ഡെ വിഭാഗത്തിനു വെറും ഏഴു സീറ്റ് മാത്രമാണ് നേടാനായത്.

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം

എ ഡി എമ്മിന്റെ ആത്മഹത്യ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുത്ത് പോലീസ്

അഞ്ച് ബാറ്റർമാർ പൂജ്യത്തില്‍, രണ്ടക്കം കടന്നത് പന്തും ജയ്സ്വാളും മാത്രം; ന്യൂസിലൻഡിനെതിരെ 46 റണ്‍സില്‍ ഇന്ത്യ പുറത്ത്