INDIA

മഹാരാഷ്ട്ര: വിമത ഭീഷണിയില്‍ കുടുങ്ങി മുന്നണികൾ, ഏറ്റവും വലിയ തിരിച്ചടി ബിജെപി സഖ്യത്തിന്

പല നിയമസഭാ സീറ്റുകളിലും നടക്കുന്ന കടുത്ത പോരാട്ടത്തിൽ വിമതരുടെ സാന്നിധ്യം വെല്ലുവിളിയാകുമെന്നതിനാൽ അനുനയ നീക്കത്തിനുള്ള ശ്രമത്തിലാണ് ഇരുമുന്നണികളും

വെബ് ഡെസ്ക്

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി അവസാനിച്ചിട്ടും തലവേദന അവസാനിക്കാതെ മുന്നണികൾ വലയുന്നു. ഇരുമുന്നണികൾക്കുമായി ഏകദേശം 50 വിമതരുടെ വെല്ലുവിളിയാണ് നിലനിൽക്കുന്നത്. അതിൽ 36 പേർ ബിജെപി നേതൃത്വം നൽകുന്ന മഹായുതിയിൽ നിന്നുള്ളവരും ബാക്കിയുള്ളവർ പ്രതിപക്ഷ ക്യാമ്പിൽ നിന്നുള്ളവരുമാണ്. പല നിയമസഭാ സീറ്റുകളിലും നടക്കുന്ന കടുത്ത പോരാട്ടത്തിൽ വിമതരുടെ സാന്നിധ്യം വെല്ലുവിളിയാകുമെന്നതിനാൽ അനുനയ നീക്കത്തിനുള്ള ശ്രമത്തിലാണ് ഇരുമുന്നണികളും.

വിമതരിൽ 19 പേർ ബിജെപിയിൽ നിന്നുള്ളവരാണ്. 16 സ്ഥാനാർത്ഥികൾ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ നിന്നും, ഒരാൾ ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻസിപി) നിന്നുമാണ്. അതേസമയം, മഹാവികാസ് അഘാഡിക്ക് ഭീഷണിയാകുന്ന പതിനാലിന് പത്തും കോൺഗ്രസിന്റെ ഭാഗമായിരുന്നവരാണ്. ബാക്കി ഉദ്ധവ് താക്കറെയുടെ ശിവസേനയിൽനിന്നും. കുർള, സൗത്ത് സോലാപൂർ, പരന്ദ, സംഗോള, പന്ദർപുർ എന്നീ മണ്ഡലങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച സഖ്യകക്ഷികളിൽ നിന്നുള്ള സ്ഥാനാർഥികൾക്ക് പുറമെയാണ് 14 എംവിഎ വിമതർ.

കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഏക്‌നാഥ്‌ ഷിൻഡെയോടും ഉപമുഖ്യമന്ത്രിമാരായ അജിത് പവാറിനോടും ദേവേന്ദ്ര ഫഡ്‌നാവിസിനോടും മുന്നണിക്കുള്ളിൽ ആഭ്യന്തര ചേരിതിരിവുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിമതരെ സ്ഥാനാർത്ഥിത്വത്തിൽനിന്ന് പിൻവലിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് നാമനിർദേശ പത്രികാ സമർപ്പണം അവസാനിച്ചതിന് ശേഷം ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു.

പ്രശ്‌നങ്ങൾ പരിഹരിക്കാൻ മഹാവികാസ് അഘാഡി നേതാക്കളും കഴിഞ്ഞദിവസം ഉച്ചയ്ക്ക് യോഗം ചേർന്നിരുന്നു. എല്ലാ സൗഹൃദ പോരാട്ടങ്ങളും അവസാനിപ്പിക്കുകയും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കപ്പെടുകയും ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി രമേശ് ചെന്നിത്തല പറഞ്ഞു. വിമതരെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവംബർ നാലിനാണ് നാമനിര്‍ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി