'ചോദ്യത്തിന് കോഴ' ആരോപണത്തിന് പിന്നാലെ, എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശയെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ മുന്നില്‍ ഇനിയെന്താണ് വഴികള്‍? സുപ്രീംകോടതിയെ സമീപിച്ചാല്‍ മഹുവയ്ക്ക് ലോക്‌സഭാംഗത്വം തിരികെ ലഭിക്കുമോ? പാര്‍ലമെന്റ് നടപടികളില്‍ ഇടപെടാന്‍ ജുഡീഷ്യറിക്ക് എത്രമാത്രം സാധിക്കും?
പാര്‍ലമെന്റ് നടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുക എന്നതാകും മഹുവ ആദ്യം സ്വീകരിക്കുന്ന വഴി. എന്നാല്‍, ഇതില്‍ ചില നിയമപ്രശ്‌നങ്ങളുണ്ട്. നടപടിക്രമങ്ങളിലെ ക്രമക്കേടിന്റെ പേരില്‍ സഭാ നടപടികളെ കോടതിയില്‍ ചോദ്യം ചെയ്യാനാകില്ല. കോടതി ഇടപെടലില്‍ നിന്ന് സഭാ നടപടികളെ സംരക്ഷിക്കുന്നതാണ് ഭരണഘടനയുടെ അനുച്ഛേദം 122. 'പാര്‍ലമെന്റിന്റെ ഏതെങ്കിലും നടപടികളുടെ സാധുത, നടപടി ക്രമങ്ങളിലെ പ്രശ്‌നങ്ങളുടെ പേരില്‍ ചോദ്യം ചെയ്യാനാകില്ല' എന്നാണ് അനുച്ഛേദം 122 വ്യക്തമാക്കുന്നത്. 'പാര്‍ലമെന്റിന്റെ നടപടി ക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന അംഗമോ, ഉദ്യോഗസ്ഥരോ ഏതെങ്കിലും കോടതികളുടെ അധികാര പരിധികളില്‍ പെടുന്നതല്ല' എന്ന് ഭരണഘടനയുടെ അനുച്ഛേദം 122 വ്യക്തമാക്കുന്നു.
എന്നാല്‍, ഇത് നടപടിക്രമങ്ങളുടെ കാര്യത്തില്‍ മാത്രമാണ്. ജുഡീഷ്യല്‍ ഇടപെടലുകള്‍ ആവശ്യമായി വരുന്ന മറ്റു കേസുകള്‍ ഉണ്ടാകാമെന്ന് സുപ്രീംകോടതി വിലയിരുത്തിയിട്ടുണ്ട്. 2007ലെ രാജാ റാം പാല്‍ കേസിലാണ് കോടതി ഈ നിരീക്ഷണം നടത്തിയിട്ടുള്ളത്. പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയ നടപടി ചോദ്യം ചെയ്തുള്ള രാജാ റാം പാലിന്റെ ഹര്‍ജി തള്ളിയെങ്കിലും, ഈ കേസില്‍ സുപ്രീംകോടതി നടത്തിയ നിരീക്ഷണം പ്രസക്തമാണ്.
മഹുവ മൊയ്ത്രയുടെ വിഷയത്തിന് സമാനമായ സംഭവമാണ് രാജാ റാം പാല്‍ കേസിലും നടന്നത്. 2005ലാണ് ചോദ്യത്തിന് കോഴ വാങ്ങി എന്ന ആരോപണത്തെ തുടര്‍ന്ന് രാജാ റാം പാല്‍ അടക്കം 11 ലോക്‌സഭ എംപിമാരേയും ഒരു രാജ്യസഭ എംപിയേയും പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയത്. ഇതിനെ ചോദ്യം ചെയ്ത് ബിഎസ്പി എംപിയായ രാജാ റാം പാല്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ വാദം കേട്ട സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച്, ഹര്‍ജി തള്ളി. ബെഞ്ചിലെ നാല് ജഡ്ജിമാര്‍ പാര്‍ലമെന്റ് നടപടി ശരിവച്ചപ്പോള്‍ ഒരു ജഡ്ജി എതിരായി വിധിയെഴുതി. സ്വയം സംരക്ഷിക്കാനുള്ള പാര്‍ലമെന്റിന്റെ അവകാശത്തെ ചോദ്യം ചെയ്യാനാകില്ല എന്നായിരുന്നു സുപ്രീകോടതി നിലപാട്.
അതേസമയം, ഭരണഘടനാവിരുദ്ധമായ നടപടികള്‍ ജുഡീഷ്യല്‍ പരിശോധനയില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നില്ല എന്ന നിരീക്ഷണവും സുപ്രീംകോടതി നടത്തിയിട്ടുണ്ട്. ഈ നിരീക്ഷണം ഉയര്‍ത്തിക്കാട്ടിയാകും മഹുവ സുപ്രീംകോടതിയെ സമീപിക്കുക. കാരണം, മഹുവയെ പുറത്താക്കാന്‍ ശിപാര്‍ശ ചെയ്ത എത്തിക്‌സ് കമ്മിറ്റിക്ക് ഇത്തരമൊരു നടപടിക്ക് ശിപാര്‍ശ ചെയ്യാനുള്ള അധികാരമില്ല.
ലോക്സഭയുടെ പ്രിവിലേജസ് കമ്മിറ്റിക്കാണ് അതിനുള്ള അധികാരമുള്ളത്. പ്രത്യേകാവകാശ ലംഘനം (Breach of Privileges) അല്ലെങ്കില്‍ സഭയെ അവഹേളിക്കുക (Contempt of the House) എന്ന രണ്ട് കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഒരു എംപിയെ പുറത്താക്കുവാന്‍ സാധിക്കുക. മറ്റ് കാര്യങ്ങളില്‍ എംപിമാരെ പുറത്താക്കാന്‍ സാധിക്കുകയില്ല. അതിന് ശിപാര്‍ശ ചെയ്യാനുള്ള അധികാരം പ്രിവിലേജസ് കമ്മിറ്റിക്കാണ്. സഭയുടെ പ്രത്യേകമായ അവകാശങ്ങള്‍ ലംഘിച്ചാലോ, സഭയില്‍ അവമതിയും നിന്ദയുമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയാലോ ആണ് ഒരു അംഗത്തെ പുറത്താക്കാന്‍ സാധിക്കുകയുള്ളു. ഇത്തരം ശിപാര്‍ശകള്‍ നല്‍കാന്‍ വേണ്ടിയാണ് പ്രിവിലേജസ് കമ്മിറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്.
ഈ വാദം ഉയര്‍ത്തി മഹുവയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാം. താന്‍ സഭയ്ക്ക അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയിട്ടില്ലെന്ന് മഹുവ തുടക്കം മുതല്‍ ആവര്‍ത്തിച്ചു പറയുന്നുമുണ്ട്. തന്റെ വശം വ്യക്തമായി കേള്‍ക്കാന്‍ എത്തിക്‌സ് കമ്മിറ്റി തയ്യാറായിരുന്നില്ലെന്നും ഹിയറിങ്ങിനിടെ തന്നെ വ്യക്തിഹത്യ നടത്താനാണ് എത്തിക്‌സ് കമ്മിറ്റി അംഗങ്ങള്‍ ശ്രമിച്ചതെന്നും മഹുവ ആരോപിക്കുന്നുണ്ട്. ഈ ആരോപണം സുപ്രീംകോടതിയുടെ പരിഗണനയില്‍ വരുമ്പോള്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
മറ്റൊരാള്‍ക്ക് ലോഗിന്‍ പാസ്‌വേഡ് ഷെയര്‍ ചെയ്യുന്നത് കുറ്റമാണെന്ന് പറയുന്ന നിയമം നിലവിലില്ലെന്നാണ് മഹുവയുടെ പക്ഷം. ഭരണഘടനയുടെ അനുച്ഛേദം 20 പ്രകാരം, നിലവിലുള്ള നിയമം ഉണ്ടെങ്കില്‍ മാത്രമേ, ഒരാളെ ശിക്ഷിക്കാന്‍ കഴിയുള്ളു. ലോഗിന്‍ വിവരങ്ങള്‍ മറ്റൊരാളുമായി പങ്കിടാന്‍ സാധിക്കുമോ എന്നതിനേക്കുറിച്ച് പാര്‍ലമെന്റ് ചട്ടങ്ങള്‍ വ്യക്തമാക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത് ചട്ടലംഘനമാണെന്ന് പറയാന്‍ സാധിക്കില്ല.
കോടതിയെ സമീപിക്കുന്നതിന് പുറമേ, എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ പാര്‍ലമെന്റ് പുനഃപരിശോധിക്കണം എന്ന് മഹുവയ്ക്ക് ആവശ്യപ്പെടാവുന്നതാണ്. എത്തിക്‌സ് കമ്മിറ്റിയുടെ നടപടികള്‍ പക്ഷാപാതപരവും മുന്‍വിധിയോടുകൂടി ഉള്ളതാണെന്നും ആരോപിച്ച് പാര്‍ട്ടിയുടെ മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍ വഴി പുനഃപരിശോധന ആവശ്യം ഉന്നയിക്കാവുന്നതാണ്.