INDIA

ചോദ്യത്തിന് കോഴ ആരോപണം: മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി

ആരോപണം അന്വേഷിച്ച എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്മേൽ ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പിന് പിന്നാലെയാണ് സ്പീക്കറുടെ നടപടി

വെബ് ഡെസ്ക്

ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭായിൽനിന്ന് പുറത്താക്കി. പരാതി അന്വേഷിച്ച പാർലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി മഹുവയെ പുറത്താക്കാൻ ശിപാർശ ചെയ്തിരുന്നു. കമ്മിറ്റി റിപ്പോർട്ട് സഭയിൽ ചർച്ചയ്ക്ക് വച്ചശേഷം നടന്ന വോട്ടെടുപ്പിന് പിന്നാലെയായിരുന്നു പുറത്താക്കൽ നടപടി. അതേമസമയം, ബിജെപിയുടെ അന്ത്യത്തിന്റെ തുടക്കമാണെന്നും തെരുവിൽ ഉൾപ്പെടെ തന്റെ പോരാട്ടം തുടരുമെന്നും പുറത്താക്കപ്പെട്ടതിനുപിന്നാലെ മഹുവ പ്രതികരിച്ചു.

''എംപിയെന്ന നിലയിലുള്ള മഹുവ മൊയ്ത്രയുടെ പെരുമാറ്റം അധാര്‍മികവും മര്യാദയില്ലാത്തതുമാണെന്ന എത്തിക്‌സ് കമ്മിറ്റിയുടെ നിഗമനം സഭ അംഗീകരിക്കുന്നു. അതിനാൽ അവർ എംപിയായി തുടരുന്നത് ഉചിതമല്ല,'', മഹുവയെ പുറത്താക്കുന്നത് അറിയിച്ചുകൊണ്ട് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.

കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ എത്തിക്സ് കമ്മിറ്റി അധ്യക്ഷന്‍ വിനോദ് സോൻകറാണ് മഹുവയ്‌ക്കെതിരായ റിപ്പോർട്ട് സഭയില്‍ വച്ചത്. റിപ്പോർട്ടിനെക്കുറിച്ച് സംസാരിക്കാൻ മഹുവയെ സ്പീക്കർ അനുവദിച്ചില്ല. എത്തിക്‌സ് കമ്മിറ്റി മുമ്പാകെ സംസാരിക്കാന്‍ മഹുവയക്ക് അവസരം ലഭിച്ചുവെന്നായിരുന്നു സ്പീക്കറുടെ നിലപാട്. റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്ന പ്രതിപക്ഷം ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.

തുടർന്ന് റിപ്പോര്‍ട്ട് പരിഗണിക്കണമെന്ന് അഭ്യർഥിച്ചുള്ള പ്രമേയം പാര്‍ലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി അവതരിപ്പിച്ചു. തുടർന്ന് പ്രമേയം ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷം വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് രണ്ടുമണിവരെ ലോക്‌സഭ നിര്‍ത്തിവച്ചു. രണ്ട് മണിക്ക് വീണ്ടും സഭ ചേര്‍ന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് വോട്ടെടുപ്പ് ബഹിഷ്‌കരിച്ച പ്രതിപക്ഷം, സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

ഇപ്പോള്‍ നടക്കുന്നത് മഹാഭാരത യുദ്ധമാണെന്നും ഇനി മഹാഭാരത യുദ്ധം കാണാമെന്നുമായിരുന്നു പാര്‍ലമെന്റിലേക്ക് പോകുന്നതിന് മുന്‍പ് മഹുവ മാധ്യമങ്ങളോട് പ്രതികരിച്ചത്.

വിഷയത്തില്‍ അംഗങ്ങളെല്ലാം സഭയില്‍ ഹാജരാകണമെന്ന് ബിജെപി വിപ്പ് നല്‍കിയിരുന്നു. അതേസമയം, മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള നടപടിയെ എതിര്‍ത്ത് 'ഇന്ത്യ' മുന്നണി രംഗത്തെത്തി. മഹുവ മൊയ്ത്രയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതിന് മുമ്പ് സമിതിയുടെ ശുപാര്‍ശകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

വിനോദ് കുമാര്‍ സോങ്കറിന്റെ നേതൃത്വത്തിലുള്ള എത്തിക്സ് കമ്മിറ്റി, മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കാനുള്ള ശുപാര്‍ശ സംബന്ധിച്ച റിപ്പോര്‍ട്ട് നവംബര്‍ ഒന്‍പതിന് അംഗീകരിച്ചിരുന്നു . 500 പേജുള്ള റിപ്പോര്‍ട്ടാണ് കമ്മിറ്റി മൊയ്ത്രക്കെതിരെ തയാറാക്കിയത്. നാലിനെതിരെ ആറ് വോട്ടിനാണ് റിപ്പോര്‍ട്ട് പാസായത്. കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രണീത് കൗര്‍ മഹുവയ്ക്കെതിരെ വോട്ട് ചെയ്തു. എന്നാല്‍, ഡാനിഷ് അലിയും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തു.

അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് കോഴ വാങ്ങിയെന്നും ലോക്സഭയിലേക്ക് നേരിട്ട് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള എംപിയുടെ പാര്‍ലമെന്ററി ലോഗിന്‍ ഐഡി പങ്കുവച്ചെന്നുമുള്ള ആരോപണങ്ങളാണ് മഹുവയ്‌ക്കെതിരെ നിലനില്‍ക്കുന്നത്. എത്തിക്‌സ് കമ്മിറ്റി ഹിയറിങ്ങില്‍ നിന്ന് മഹുമ മോയ്ത്ര ഇറങ്ങിപ്പോയിരുന്നു. കമ്മിറ്റി അംഗങ്ങള്‍ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് മഹുവ ഇറങ്ങിപ്പോയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ