INDIA

'ഹൃദയസ്തംഭനം മൂലം മലയാളി യുവതി മരിക്കാന്‍ കാരണം അമിതജോലിഭാരം'; ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിക്കെതിരെ മാതാപിതാക്കള്‍, അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി

വെബ് ഡെസ്ക്

ആഗോള അക്കൗണ്ടിങ്‌, ഉപേദശക സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യങ്ങിൽ ജോലിക്ക് കയറി നാലു മാസത്തിനകം മലയാളി യുവതി മരിച്ച സംഭവത്തില്‍ കമ്പനിയുടെ ജോലി സംസ്‌കാരം സംബന്ധിച്ച വിവാദം ശക്തമാകുന്നു. കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടൻ്റായ കൊച്ചി കങ്ങാരപ്പടി സ്വദേശിനി അന്ന സെബാസ്റ്റിയന്‍ പേരയില്‍ (26) ആണ് ഹൃദയസ്തംഭനം മൂലം പൂനെയിലെ താമസസ്ഥലത്ത് മരിച്ചത്. ജൂലായ് 20നായിരുന്നു സംഭവം.

മകളുടെ മരണം സംബന്ധിച്ച് അന്നയുടെ മാതാവ് അനിത അഗസ്റ്റിൻ കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമനിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച സജീവമായത്.

അതേസമയം, അന്നയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചു. സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യപ്പെടുന്നതുമായി തൊഴിൽസാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തും. അന്നയ്ക്ക് നീതി ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി എക്സ് പോസ്റ്റിൽ വ്യക്തമാക്കി. അന്നയുടെ മരണം അതിദാരുണമാണെന്നും കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും ഏണസ്റ്റ് ആന്‍ഡ് യങ് അധികൃതരും വ്യക്തമാക്കി.

തുടക്കക്കാര്‍ക്ക് ഇത്ര ജോലിഭാരം നല്‍കുന്നതിനും ഞായറാഴ്ചകളില്‍ പോലും രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നതിനും ഒരു ന്യായീകരണവുമില്ലെന്ന് അനിത കത്തില്‍ പറയുന്നു.

''മാര്‍ച്ചിലാണ് അന്ന ജോലിക്ക് കയറിയത്. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടായിരുന്നു അവള്‍ക്ക്. എന്നാല്‍ നാലുമാസത്തിനിപ്പുറം എന്റെ ലോകം തന്നെ തകര്‍ത്തുകൊണ്ടാണ് ആ വിവരമെത്തിയത്. എങ്കിലും ജോലിഭാരവും പുതിയ അന്തരീക്ഷവും മണിക്കൂറുകള്‍ നീളുന്ന ജോലിയും അവളെ ശാരീരികമായും മാനസികമായും തകര്‍ത്തു. അവളവിടെ വിശ്രമമില്ലാതെയാണ് ജോലിചെയ്തത്. അവള്‍ക്ക് ഉറക്കക്കുറവും സമ്മര്‍ദവും അനുഭവപ്പെടാന്‍ തുടങ്ങി. സമ്മർദത്തിന്റെ ഫലമായി അവള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. അതുവരെ ഒരുപ്രശ്നവുമില്ലാതിരുന്ന പെണ്‍കുട്ടിയാണ്,'' അനിത കത്തില്‍ കുറിച്ചു.

''ജൂലായ് ആറിനു അവളുടെ കോണ്‍വൊക്കേഷനായി ഞങ്ങള്‍ പുണെയിലെത്തി. അന്ന് നെഞ്ചുവേദനയെന്ന് പരാതിപ്പെട്ടപ്പോള്‍ ഡോക്ടറെ കാണിച്ചു. ഇസിജിയില്‍ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. ഉറക്കക്കുറവും ഭക്ഷണം കഴിക്കാത്തതുമാണ് പ്രശ്നമെന്ന് ഡോക്ടര്‍ പറഞ്ഞു. ഞങ്ങള്‍ കൊച്ചിയില്‍നിന്ന് എത്തിയതേയുള്ളൂ. ഞങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്നും അവള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നിട്ടും ഡോക്ടറെ കണ്ടശേഷം ഒരുപാട് ജോലിയുണ്ടെന്ന് പറഞ്ഞ് അവള്‍ ഓഫീസിലേക്കുപോയി. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ കോണ്‍വൊക്കേഷന്‍ പോലും അന്നയ്ക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല.''.

''അടുത്തദിവസം കോണ്‍വൊക്കേഷന്റെ സമയത്തുപോലും അവളുടെ ചിന്തകളില്‍ ജോലി തന്നെയായിരുന്നു.. അന്ന ആ ജോലിക്കെത്തിയപ്പോള്‍ തന്നെ അവളുടെ ടീം മാനേജര്‍ പറഞ്ഞിരുന്നു, 'പലരും മുമ്പ് ജോലിഭാരമെന്ന് പറഞ്ഞ് രാജിവെച്ചിട്ടുണ്ട്. നിങ്ങള്‍ അവരുടെയെല്ലാം അഭിപ്രായം തിരുത്തണമെന്ന്'.

പലപ്പോഴും വൈകുന്നേരമാവുമ്പോഴാണ് അവള്‍ക്ക് ജോലി അസൈന്‍ ചെയ്തുകൊടുത്തിരുന്നത്. ആ മാനേജരുടെ കീഴില്‍ നല്ല ബുദ്ധിമുട്ടായിരിക്കുമല്ലോ എന്ന് പലരും അവളോട് തമാശയായി ചോദിച്ചിട്ടുമുണ്ട്. ഒരുദിവസം രാത്രിയാണ് അവളുടെ മാനേജര്‍ ഒരു ജോലികൊടുത്തത്. പിറ്റേദിവസം രാവിലെയാകുമ്പോഴേക്കും അത് തീര്‍ക്കണമെന്നും പറഞ്ഞു. അവള്‍ക്ക് ശ്വാസം വിടാന്‍ പോലും സമയം കിട്ടിയിരുന്നില്ല. പലപ്പോഴും രാത്രി വീട്ടിലെത്തി വസ്ത്രം പോലും മാറാതെ കിടക്കയിലേക്ക് വീഴുകയായിരുന്നു അവള്‍. അത്രയും ക്ഷീണമായിരിക്കും''.

ക്രിക്കറ്റ് മത്സരങ്ങളുടെ സമയം അനുസരിച്ചാണ് മാനേജര്‍ മീറ്റിങ്ങുകള്‍ മാറ്റിവെച്ചിരുന്നത്. ആദ്യജോലിയായതിനാല്‍ അന്ന പരാതിപ്പെട്ടില്ല. അതിന് അവള്‍ കൊടുക്കേണ്ടിവന്ന വില സ്വന്തം ജീവനായിരുന്നെന്നും അമ്മ കത്തില്‍ ചൂണ്ടിക്കാട്ടി.

അന്നയുടെ മരണകാരണം കത്തില്‍ പറയുന്നില്ലെങ്കിലും വിശ്രമമില്ലായ്മയും ഉറക്കമില്ലായ്മയും അടക്കം ശാരീരികപ്രശ്നങ്ങളാണ് മരണത്തിനിടയാക്കിയതെന്ന് പറയപ്പെടുന്നു. അന്നയുടെ മാതാവിന്റെ ഹൃദയഭേദകമായ കത്തു പുറത്തുവന്നതോടെ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളിലെ ജോലിയുടെ സംസ്‌കാരത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച സജീവമാണ്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും