മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ, ഇന്ത്യയുമായുള്ള വാട്ടര്‍ സര്‍വെ പദ്ധതിയില്‍ നിന്ന് പിന്‍മാറി മാലിദ്വീപ്. 2019 ജൂണ്‍ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിഹിയും തമ്മില്‍ ഒപ്പുവച്ച ഹൈഡ്രോഗ്രാഫിക് സര്‍വേയില്‍ നിന്നാണ് മാലിദ്വീപ് പിന്‍മാറിയിരിക്കുന്നത്. പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതായി മാലിദ്വീപ് പ്രധാനമന്ത്രി മുഹമ്മദ് മുയിസു അറിയിച്ചു. മാലിദ്വീപിന്റെ സമുദ്രാതിര്‍ത്തിയില്‍ വേലിയറ്റങ്ങള്‍, സമുദ്ര പ്രവാഹങ്ങള്‍, തീരങ്ങള്‍, പവിഴ പുറ്റുകള്‍ എന്നിവയെ കുറിച്ച് പഠിക്കാന്‍ ഹൈഡ്രോളിക് സര്‍വേ നടത്താന്‍ ഇന്ത്യക്ക് അനുവാദം നല്‍കിയതായിരുന്നു കരാര്‍. നവംബറില്‍ അധികാരമേറ്റ മാലിദ്വീപ് സര്‍ക്കാര്‍ ഔദ്യോഗികമായി അവസാനിപ്പിക്കുന്ന ആദ്യ ഉഭയകക്ഷി കരാറാണിത്.
2024 ജൂണ്‍ ഏഴിന് അവസാനിക്കുന്ന കരാര്‍ പുതുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു എന്ന് മാലിദ്വീപ് പ്രസിഡന്റിന്റെ ഓഫീസിലെ പബ്ലിക് പോളിസി അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഫിറുസുള്‍ അബ്ദുള്‍ ഖലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കരാറില്‍ നിന്ന് പിന്‍മാറാന്‍ ഒരു കക്ഷി ആഗ്രഹിക്കുകയാണെങ്കില്‍, കരാര്‍ തീരുന്നതിന് ആറുമാസം മുന്‍പ് രണ്ടാമത്തെ കക്ഷിയെ അറിയിക്കണം എന്നാണ് നിബന്ധന. അല്ലാത്തപക്ഷം, അഞ്ചുവര്‍ഷത്തേക്ക് കരാര്‍ പുതുക്കും. അതുകൊണ്ടാണ്, കരാറില്‍ നിന്ന് പിന്‍മാറുന്നതിനെ പറ്റി ഇപ്പോള്‍ തീരുമാനം എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ നിലപാട് ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും ഖലീല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുമായുള്ള കരാര്‍ റദ്ദാക്കുന്ന കാര്യം ക്യാബിനറ്റ് യോഗത്തില്‍ പ്രസിഡന്റ് മുയിസു ചര്‍ച്ച ചെയ്‌തെന്ന് മാലിദ്വീപ് മാധ്യമം 'ദി സണ്‍' റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം സര്‍വേകള്‍ നടത്താനും 'സെന്‍സിറ്റീവ്' വിവരങ്ങള്‍ ശേഖരിക്കാനും മാലിദ്വീപ് സൈന്യത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതാണ് ദേശീയ സുരക്ഷയ്ക്ക് നല്ലതെന്ന് ഭരണകൂടം വിശ്വസിക്കുന്നതായി ഖലീല്‍ പറഞ്ഞു.
കോപ്28 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രധാനമന്ത്രി മുഹമ്മദ് മുയിസുവും തമ്മില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നതായാണ് സൂചന. ദ്വീപിലുള്ള 77 ഇന്ത്യന്‍ സൈനികരേയും മാലിദ്വീപിന് നല്‍കിയ രണ്ട് സൈനിക ഹെലികോപ്റ്ററുകളും ഒരു വിമാനവും ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെ കുറിച്ചും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.
ചൈനീസ് നിലപാടുകളുമായി ചേര്‍ന്നുനില്‍ക്കുന്ന മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണം തന്നെ ഇന്ത്യന്‍ സൈന്യത്തെ ദ്വീപില്‍ നിന്ന് പുറത്താക്കും എന്നായിരുന്നു. ദ്വീപില്‍ നിലയുറപ്പിച്ച ഇന്ത്യന്‍ സൈന്യം മാലിദ്വീപിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന് ആരോപിച്ചായിരുന്നു മുയിസുവിന്റെ പ്രധാന പ്രചാരണം.
മാലിദ്വീപും ഇന്ത്യയും തമ്മില്‍ പലപ്പോഴും സമ്മിശ്ര ബന്ധമായിരുന്നു. ചില പ്രസിഡന്റുമാര്‍ ഇന്ത്യന്‍ അനുകൂല നിലപാടും ചിലര്‍ ഇന്ത്യ വിരുദ്ധ നിലപാടും സ്വീകരിച്ചിട്ടുണ്ട്. 2018 ല്‍ അധികാരത്തിലേറിയ ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ കാലഘട്ടത്തില്‍ 'ഇന്ത്യ ആദ്യം' എന്ന നയമാണ് മാലിദ്വീപ് സ്വീകരിച്ചിരുന്നത്. 2004 ലെ സുനാമിയിലും 2014 ല്‍ ഡിസംബറില്‍ മാലിയിലെ ജലപ്രതിസന്ധിയിലും മാലിദ്വീപിനെ ആദ്യം സഹായിച്ചത് ഇന്ത്യയായിരുന്നു. തുറമുഖ പദ്ധതി, ക്രിക്കറ്റ് സ്റ്റേഡിയം, വിമാനത്താവള വികസന പദ്ധതികള്‍, പാലങ്ങള്‍, റോഡുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലുമെല്ലാം ധാരണകളുണ്ടായിരുന്നു. 2018 നും 2022 നും ഇടയില്‍ 1100 കോടി രൂപയാണ് ഇന്ത്യ മാലിദ്വീപിന് സഹായമായി നല്‍കിയത്. അതിനു മുമ്പുള്ള അഞ്ചു വര്‍ഷക്കാലത്തേക്കാള്‍ 500 കോടി അധികമാണിത്. കഴിഞ്ഞ വര്‍ഷം മാത്രം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം 50 കോടിയായിരുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് മുയിസു കടുത്ത ഇന്ത്യാവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്.
ഇന്ത്യയുടെ പടിഞ്ഞാറ് തീരത്തോട് ചേര്‍ന്നുള്ള മാലിദ്വീപും ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ കടന്നുപോകുന്ന വാണിജ്യ കടല്‍ പാതകളും ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. മാലിദ്വീപില്‍ ചൈനയുടെ താല്‍പര്യവും ഇക്കാരണത്താലാണ്. അധികാരം പിടിച്ചാല്‍ ചൈന-മാലിദ്വീപ് ബന്ധത്തിന്റെ മറ്റൊരു അധ്യായത്തിന് തുടക്കമായിരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികൃതരുമായി നടന്ന ഒരു യോഗത്തില്‍ മുയിസു പറഞ്ഞിരുന്നു.
മാലിദ്വീപിലെ ഇന്ത്യന്‍ സൈന്യം
77 സൈനികര്‍ അടങ്ങുന്നതാണ് മാലിദ്വീപിലെ ഇന്ത്യന്‍ സൈനിക സംഘം. മുയിസുവിന്റെ ആരോപണങ്ങള്‍ക്ക് വിരുദ്ധമായി ഇന്ത്യ മാലിദ്വീപില്‍ നിലയുറപ്പിച്ചിട്ടില്ലയെന്നുവേണം പറയാന്‍. കാരണം മെഡിക്കല്‍ ഇവാക്കുവേഷന്‍, നിരീക്ഷണം, വ്യോമ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ട്രോളിങ് കപ്പല്‍, ഡോര്‍ണിയര്‍ എയര്‍ക്രാഫ്റ്റ്, രണ്ട് എഎല്‍എച്ച് ഹെലികോപ്റ്ററുകള്‍ എന്നിവയ്ക്കായുള്ള ക്രൂ മെമ്പേഴ്‌സും സാങ്കേതിക വിദഗ്ധരും മാത്രമാണ് മാലിദ്വീപിലുള്ളൂവെന്നാണ് വസ്തുത. ഒരു സൈനിക ശക്തി എന്നതിന് പകരം മാനുഷിക ദൗത്യങ്ങള്‍ക്കാണ് ഈ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത്.
മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍, 'ഒരു സൈനിക ശക്തിയെ പ്രതിനിധീകരിക്കുന്നു' എന്നതിനു പുറമെ, മാനുഷിക ദൗത്യങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച ചരിത്രമാണ് മാലിദ്വീപിലെ ഇന്ത്യന്‍ സംഘത്തിനുള്ളത്. 2019 മുതല്‍ ആകെ 977 ദൗത്യങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതില്‍ ഭൂരിഭാഗവും മാലിദ്വീപിലെ ജനങ്ങള്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കുന്നതിന് വേണ്ടിയുള്ളതായിരുന്നു. 2019 - 23 കാലഘട്ടത്തില്‍ 461 മെഡിക്കല്‍ ഇവാക്കുവേഷന്‍ ദൗത്യങ്ങളും 148 തിരച്ചില്‍-രക്ഷാ പ്രവര്‍ത്തന ദൗത്യങ്ങളും ഉള്‍പ്പെടുന്നു.
ഈ മാനുഷിക ദൗത്യങ്ങളുടെ എണ്ണം 2019-നും 2022-നുമിടയില്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 2022ല്‍ 262 ദൗത്യങ്ങളാണ് സംഘടിപ്പിച്ചത്.