പ്രതിപക്ഷ പാർട്ടികളെ നിയന്ത്രിക്കുന്നത് അർബൻ നക്‌സലുകളാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുക മാത്രമല്ല രൂക്ഷ വിമർശനങ്ങളും ഖാർഗെ ഉന്നയിച്ചു. പട്ടികജാതി, ഗോത്രവർഗ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് കാരണം കേന്ദ്രം ഭരിക്കുന്ന ബിജെപിയാണെന്ന് ഖാർഗെ കുറ്റപ്പെടുത്തി.
"ഭീകരവാദം, ആള്‍ക്കൂട്ട ആക്രമണം തുടങ്ങിയ സംസ്കാരങ്ങള്‍ വളർത്തിയെടുക്കുന്നത് ബിജെപിയാണ്. പുരോഗമനവാദികളെ അർബൻ നക്‌സലുകളെന്ന് പ്രധാനമന്ത്രി മുദ്രകുത്തുകയാണ്. ഇത് പ്രധാനമന്ത്രിയുടെ ഒരു ശീലമാണ്. പ്രധാനമന്ത്രിയുടെ പാർട്ടി ഭീകരവാദ പാർട്ടിയാണ്. അവർ ആള്‍ക്കൂട്ടക്കൊലയില്‍ ഏർപ്പെടുന്നു, സാധാരണക്കാരെ ആക്രമിക്കുന്നു, പട്ടികജാതിവിഭാഗത്തില്‍പ്പെട്ടവരും വായില്‍ മൂത്രമൊഴിക്കുന്നു, ഗോത്രവിഭാഗത്തില്‍പ്പെട്ടവരെ ബലാത്സംഗം ചെയ്യുന്നു," ഖാർഗെ പറഞ്ഞു.
ഇത്തരം പ്രവൃത്തികള്‍ അനുവദിക്കുക മാത്രമല്ല, ബിജെപി പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ഖാർഗെ കൂട്ടിച്ചേർത്തു. "ബിജെപി അധികാരത്തിലുള്ള എല്ലായിടത്തും പട്ടികജാതി, ഗോത്രവർഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വർധിക്കുകയാണ്. എന്നിട്ട്, മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു. ഇത് മോദിയുടെ സർക്കാരാണ്, ഇത്തരം അതിക്രമങ്ങള്‍ നിയന്ത്രിക്കാൻ മോദിക്ക് കഴിയും, പക്ഷേ തയാറാകുന്നില്ല," ഖാർഗെ വ്യക്തമാക്കി.
സെപ്റ്റംബർ 28ന് ജമ്മുവില്‍ നടന്ന റാലിക്കിടെയായിരുന്നു പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരായ അർബൻ നക്സല്‍ പരാമർശം നടത്തിയത്. അർബൻ നക്‌സല്‍ അനുഭാവികളാല്‍ പ്രതിപക്ഷ പാർട്ടികള്‍ സ്വാധീനിക്കപ്പെട്ടിട്ടുള്ളതായും തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി വിദേശശക്തികളെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും മോദി പറഞ്ഞു.
ഖാർഗെയുടെ പരാമർശങ്ങളെ ബിജെപി തള്ളി. ഖാർഗെയുടെ വാക്കുകള്‍ ബിജെപിയെ തിരഞ്ഞെടുത്ത ഇന്ത്യയിലെ വോട്ടർമാരെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ബിജെപി വക്താവ് ഷഹസാന് പൂനവാല പറഞ്ഞു. "2014, 2019, 2024 വർഷങ്ങളില്‍ കോടിക്കണിക്കിന് പേരാണ് ബിജെപിക്ക് വോട്ടു ചെയ്തത്. വോട്ടർമാരെ അപമാനിക്കുകയാണ് ഖാർഗെ, ഇത് കോണ്‍ഗ്രസിന്റെ ഒരു ശീലമായി മാറിക്കഴിഞ്ഞു. ജനങ്ങള്‍ ഭീകരവാദികളെ തിരഞ്ഞെടുത്തെന്ന് പറയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്," പൂനവാല പറഞ്ഞു.
ഇത്തരം ഭാഷ ഉപയോഗിച്ച് മോദിയെ അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസ് പലപ്പോഴും ആവർത്തിച്ചിട്ടുള്ള കാര്യമാണ്. അവർ ഒബിസി സമാജിനേയും ജനങ്ങളേയുമാണ് അധിക്ഷേപിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ ഡിഎൻഎയിലുള്ളതാണ്. കോണ്‍ഗ്രസൊരു ദളിത് വിരുദ്ധ പാർട്ടിയാണെന്നും പൂനവാല ആക്ഷേപിച്ചു.