അടുത്തവർഷം ഓഗസ്റ്റ് പതിനഞ്ചിന് ചെങ്കോട്ടയില്‍ കാണാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പരാമർശത്തെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അടുത്തവർഷം ചെങ്കോട്ടയിലായിരിക്കില്ല, വീട്ടിലായിരിക്കും മോദി പതാകയുയർത്തുകയെന്ന് ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷത്തിന് ചെങ്കോട്ടയിൽ എത്താതിരുന്ന ഖാർഗെ, വീഡിയോ സന്ദേശത്തിലൂടെ മോദിക്ക് മറുപടി നൽകി. രാജ്യത്തെ വികസനം എൻഡിഎ സർക്കാരിലൂടെയായിരുന്നെന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ ഖാർഗെ രൂക്ഷമായി വിമർശിച്ചു. ''ഇന്ത്യയിൽ വികസനം പെട്ടെന്നുണ്ടായതല്ല. എല്ലാ പ്രധാനമന്ത്രിമാരും രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകിയിട്ടുണ്ട്. ഇന്ന് ജനാധിപത്യവും ഭരണഘടനയും സ്വയംഭരണ സ്ഥാപനങ്ങളും ഗുരുതരമായ ഭീഷണിയിലാണ്'' - ഖാർഗെ ആരോപിച്ചു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും മറ്റ് കോൺഗ്രസ് പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, ലാൽ ബഹദൂർ ശാസ്ത്രി, രാജീവ് ഗാന്ധി, പി വി നരസിംഹ റാവു, മൻമോഹൻ സിങ് എന്നിവരും രാഷ്ട്രനിർമാണത്തിൽ നൽകിയ സംഭാവനകളെ പറ്റിയും ഖാർഗെ വീഡിയോയിൽ എടുത്തുപറയുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ സംഭാവനകളെ പറ്റിയും അദ്ദേഹം പരാമർശിച്ചു.
"ഇന്ന് ജനാധിപത്യവും ഭരണഘടനയും സ്വയംഭരണ സ്ഥാപനങ്ങളും ഗുരുതരമായ ഭീഷണിയിലാണ് എന്ന് വേദനയോടെ ഞാൻ പറയുന്നു. ശബ്ദത്തെ അടിച്ചമർത്താൻ പുതിയ രീതികൾ ഉപയോഗിക്കുന്നു. സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, ആദായനികുതി റെയ്‌ഡുകൾ. തിരഞ്ഞെടുപ്പ് കമ്മീഷനെ ദുർബലപ്പെടുത്തുന്നു, പ്രതിപക്ഷ എംപിമാരെ കബളിപ്പിക്കുന്നു, സസ്‌പെൻഡ് ചെയ്യുന്നു, മൈക്കുകൾ നിശബ്ദമാക്കുന്നു, പ്രസംഗങ്ങൾ ഇല്ലാതാക്കുന്നു"- ഖാർഗെ പറഞ്ഞു.
ചെങ്കോട്ടയിലെ ഇന്നത്തെ സ്വാതന്ത്ര്യദിന പ്രസംഗം പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ അവസാനത്തെ പ്രസംഗമായിരിക്കുമെന്നായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം.