INDIA

സീറ്റ് വിഭജന ചർച്ചകൾക്കിടെ 'ഇന്ത്യ' സഖ്യത്തിൽ വാക് പോര് മുറുകുന്നു; സിപിഎമ്മിനെ ഭീകരപാർട്ടിയെന്ന് വിളിച്ച് മമത ബാനർജി

വെബ് ഡെസ്ക്

'ഇന്ത്യ' മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ നടന്നുകൊണ്ടിരിക്കെ സിപിഎമ്മിനെ 'ഭീകര പാർട്ടി' എന്ന് അഭിസംബോധന ചെയ്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവുമായ മമത ബാനർജി. പശ്ചിമ ബംഗാളിൽ ബദ്ധവൈരികളായ സിപിഎമ്മും തൃണമൂലും തമ്മിൽ സഖ്യം സാധ്യമാകില്ലെന്ന് സൂചിപ്പിക്കുന്ന പല പ്രതികരണങ്ങൾ നേരത്തെ വന്നിരുന്നു. എന്നാൽ ഇത്രയേറെ പ്രകോപനപരമായ ഭാഷ ഉപയോഗിക്കുന്നതിലൂടെ ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായേക്കും. ഇത് 'ഇന്ത്യ' സഖ്യത്തിന്റെ ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങളെയും ബാധിച്ചേക്കുമെന്നും വിലയിരുത്തലുകളുണ്ട്.

പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസിൽ ചൊവ്വാഴ്ച നടന്ന സർക്കാർ പരിപാടിയിലായിരുന്നു മമതയുടെ രൂക്ഷമായ പരാമർശം. ഭീകര പാർട്ടിയായ സിപിഐഎം ബിജെപിയെ സഹായിക്കുകയാണെന്നായിരുന്നു മമതയുടെ പ്രസ്താവന. അവരുമായി യാതൊരുവിധ ധാരണയ്ക്കും തയാറല്ല. അവർ ഭരിച്ച 34 വർഷം ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും മമത കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളിൽ ടിഎംസിയുമായി സഖ്യത്തിന് സാധ്യയില്ലെന്ന് കഴിഞ്ഞ ആഴ്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. സിപിഎം, തൃണമൂൽ, കോൺഗ്രസ് എന്നിവർ ഒരൊറ്റ കുടക്കീഴിൽ വരുന്നത് വളരെ ബുദ്ധിമുട്ടാണെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

സംസ്ഥാനത്തെ സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസും തൃണമൂലുമായി തെറ്റിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിൽ രണ്ടെണ്ണം മാത്രമേ കോൺഗ്രസിന് നൽകൂവെന്ന് തൃണമൂൽ പറഞ്ഞതായി വാർത്തകൾ വന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇരുപാർട്ടികളും തമ്മിൽ തർക്കങ്ങളുണ്ടായത്. ഒപ്പം മമതയുടെ സഹതാപം ആവശ്യമില്ലെന്ന സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ അധീർ രഞ്ജൻ ചൗധരി പ്രതികരണവും തർക്കം രൂക്ഷമാക്കിയിരുന്നു.

ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിൽ കോൺഗ്രസിനെ കുറിച്ച് മമത മൗനം പാലിച്ചെങ്കിലും തൃണമൂൽ പശ്ചിമ ബംഗാൾ ജനറൽ സെക്രട്ടറി കുനാൽ ഘോഷ് കോൺഗ്രസിനെ പരിഹസിച്ചിരുന്നു. "മൂന്നോ നാലോ ബിസ്കറ്റ് മാത്രേ കഴിക്കാൻ സാധിക്കു എങ്കിലും ചായക്കടയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ പത്തോ ഇരുപതോ ബിസ്കറ്റുകൾക്കായി കുട്ടികൾ വാശി പിടിക്കാറുണ്ട്". കുനാൽ ഘോഷ് കോൺഗ്രസിനെ നേരിട്ട് പരാമർശിക്കാതെ പറഞ്ഞു. ഇടതുപാർട്ടികളുമായി അകന്നു നിൽക്കുന്നതിനെ കോൺഗ്രസിലെ ഒരുപക്ഷവും എതിർക്കുന്നുണ്ട്. 'ഇന്ത്യ'യിലെ പ്രമുഖ പാർട്ടികൾ തമ്മിലുണ്ടാകുന്ന ഇത്തരം വാക്കുതർക്കങ്ങൾ മുന്നണിയുടെ ലക്ഷ്യത്തെ തന്നെ ദുർബലപ്പെടുത്തുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും