INDIA

'പാർട്ടിയുടെ പ്രതിച്ഛായ ഇല്ലാതാക്കാൻ ശ്രമിക്കുന്നു'; കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്‌തിട്ടില്ലെന്ന് മമത

വെബ് ഡെസ്ക്

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിനിരയാക്കി കൊലചെയ്യപ്പെട്ട ജൂനിയർ ഡോക്ടറുടെ കുടുംബത്തിന് കേസ് ഒതുക്കിത്തീർക്കാൻ പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സർക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിതെന്നാണ് മമത ആരോപിക്കുന്നത്.

കേസ് ഒതുക്കിത്തീർക്കുന്നതിനായി തനിക്ക് പണം വാഗ്ദാനം ചെയ്‌തെന്നാണ് 32 വയസുള്ള ജൂനിയർ ഡോക്ടറുടെ അച്ഛൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. സർക്കാരിനും പോലീസിനുമെതിരായ ആരോപണങ്ങളുമായി ഇനി രംഗത്ത് വരരുതെന്നാവശ്യപ്പെട്ടാണ് പോലീസ് പണം വാഗ്ദാനം ചെയ്തതെന്നാണ് ഡോക്ടറുടെ അച്ഛന്റെ ആരോപണം.

കേസിന്റെ തുടക്കം മുതൽ അന്വേഷണം ഒതുക്കിത്തീർക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടെന്നും മരണവാർത്തയറിഞ്ഞെത്തിയപ്പോൾ തങ്ങളെ മൃതദേഹം കാണാൻ പോലും സമ്മതിക്കാതെ പോസ്റ്റ്മോർട്ടം അവസാനിക്കുന്നതുവരെ പോലീസ് സ്റ്റേഷനിൽ കാത്തിരിക്കാൻ ആവശ്യപ്പെട്ട പോലീസ് ഒടുവിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി മൃതദേഹം കൈമാറിയപ്പോൾ പണം വാഗ്ദാനം ചെയ്യുകയായിരുന്നു എന്നാണ് ഡോക്ടറുടെ അച്ഛൻ ആരോപിച്ചത്.

താൻ ഡോക്ടറുടെ കുടുംബത്തിന് ഒരിക്കലും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഇത് സർക്കാരിന്റെ പ്രതിച്ഛായ തകർക്കുക എന്ന ഉദ്ദേശത്തിൽ നടക്കുന്ന പ്രചാരണമാണെന്നുമായിരുന്നു മമത ബാനർജിയുടെ പ്രതികരണം. നഷ്ടപ്പെട്ട ജീവന് പണം പകരമാകില്ലെന്നും നഷ്ടപ്പെട്ട മകളുടെ ഓർമയിൽ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടെങ്കിൽ തന്നെ ബന്ധപ്പെടണമെന്നുമാണ് ഡോക്ടറുടെ കുടുംബത്തോട് പറഞ്ഞതെന്നുമാണ് മമത ബാനർജി വിശദീകരിക്കുന്നത്.

സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ കൊൽക്കത്ത പോലീസ് കമ്മിഷണർ രാജിവയ്ക്കാൻ തയ്യാറാണെന്ന് തന്നെ അറിയിച്ചിരുന്നു എന്നാൽ ദുർഗാ പൂജ വരാനിരിക്കുന്നതുകൊണ്ടു തന്നെ ക്രമസമാധാനം നിയന്ത്രിക്കാനറിയാവുന്ന ഒരാൾ ഈ സ്ഥാനത്ത് വേണം. അതിനാലാണ് കമ്മിഷണർ ആ സ്ഥാനത്ത് തുടരുന്നതെന്നും മമത പറയുന്നു. ഇപ്പോൾ നടക്കുന്നത് ഇടതുപക്ഷ പാർട്ടികളും കേന്ദ്ര സർക്കാരും ചേർന്നുള്ള ഗൂഢാലോചനയാണെന്നും മമത ആരോപിക്കുന്നു.

അന്വേഷണം അട്ടിമറിക്കാൻ പോലീസിന്റെ ഭാഗത്ത് നിന്നുതന്നെ ശ്രമമുണ്ടായി എന്ന ആരോപണം കുടുംബം ഉന്നയിച്ചതിനു പിന്നാലെ സർക്കാർ പ്രതിസന്ധിയിലായിരുന്നു. എന്നാൽ അതിനുപിന്നാലെ മരിച്ച ഡോക്ടറുടെ അച്ഛൻ തന്നെ അട്ടിമറിശ്രമങ്ങളെ തള്ളിക്കളയുന്ന വീഡിയോ തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന വിമർശനം അടിസ്ഥാനരഹിതമാണ് എന്നാണ് വിഡിയോയിൽ ഡോക്ടറുടെ അച്ഛൻ പറയുന്നത്.

ഓഗസ്റ്റ് 9നാണ് കോൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ വച്ച് ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും