തന്റെ ജനനം ദൈവഹിതമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തെ പരിഹസിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നരേന്ദ്ര മോദിക്ക് ക്ഷേത്രം പണിയാമെന്നും പരമ്പരാഗത വഴിപാടുകൾ നൽകാമെന്നുമായിരുന്നു മമതയുടെ പരാമർശം. കൊൽക്കത്തയിലെ ബരാസത്തിൽ നടന്ന റാലിയിലാണ് മമത മോദിയെ പരിഹസിച്ചത്.
"ഒരാൾ പറയുന്നു, അദ്ദേഹം(മോദി) ദൈവങ്ങളുടെ ദൈവമാണെന്ന്. ഭഗവാൻ ജഗന്നാഥൻ തൻ്റെ ഭക്തനാണെന്നാണ് മറ്റൊരു നേതാവ് പറയുന്നത്,” മമത ബാനർജി പറഞ്ഞു. "ദൈവമായ ഒരാൾ രാഷ്ട്രീയത്തിൽ വരരുത്. ദൈവം കലാപം ഉണ്ടാക്കരുത്. ഞങ്ങൾ അദ്ദേഹത്തിന് ക്ഷേത്രം ഉണ്ടാക്കി പ്രസാദവും പൂക്കളും മധുരപലഹാരങ്ങളും സമർപ്പിക്കും, അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ അദ്ദേഹത്തിന് ധോക്ല പോലും നൽകും." മമത പറഞ്ഞു. അങ്ങനെ അദ്ദേഹം അവിടെ ഇരുന്ന് രാജ്യത്തെ ശല്യപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും മമത പരിഹസിച്ചു.
ന്യൂസ് 18 ചാനലിന് വേണ്ടി റൂബിക ലിയാഖത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 'എന്റെ അമ്മ മരിക്കുന്നതുവരെ ഞാന്‍ എന്നെ ഒരു സാധാരണ മനുഷ്യനായിട്ടാണ് കരുതിയത്. പക്ഷേ, അവരുടെ മരണശേഷം, എന്റെ ജീവിതത്തില്‍ നടന്നതും നടക്കുന്നതുമായ എല്ലാ സംഭവങ്ങളും കൂട്ടിയോജിപ്പിച്ചപ്പോള്‍ ഞാന്‍ ജീവശാസ്ത്രപരമായി ജനിച്ചതല്ലെന്ന് മനസിലാക്കി. ഭൂമിയിലെ തന്റെ ജോലി പൂര്‍ത്തിയാക്കാന്‍ ദൈവം എന്നെ അയച്ചിരിക്കുന്നു. ഈ സ്ഥാനവും പ്രശസ്തിയും എല്ലാം അദ്ദേഹം നല്‍കി. അതുകൊണ്ട് തന്നെ തളരാതെ സജീവമായിരിക്കാനുള്ള ഊര്‍ജം എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ദൈവത്തിന്റെ ഒരു ഉപകരണം മാത്രമാണ്. അവന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്തും അവന്‍ എന്നിലൂടെ ചെയ്യുന്നു. ഞാന്‍ ഇതുവരെ ദൈവത്തെ കണ്ടിട്ടില്ല. മറ്റുള്ളവരെപ്പോലെ ഞാനും ദൈവത്തെ വിശ്വാസത്തോടെ ആരാധിക്കുന്നു,' അദ്ദേഹം പറഞ്ഞു.
വിശ്രമമില്ലാതെ ജോലിയില്‍ തുടരുന്നത് എങ്ങനെയാണെന്നും തളരാത്തത് എന്തുകൊണ്ടാണെന്നുമുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
പുരി ജഗന്നാഥൻ മോദിയുടെ ഭക്തനാണെന്ന് പുരിയിൽ നിന്നുള്ള ബിജെപിയുടെ ലോക്‌സഭാ സ്ഥാനാർത്ഥി സംബിത് പത്ര അടുത്തിടെ പറഞ്ഞിരുന്നു. ഒഡീഷയിലെ ഏറ്റവും വലിയ ആരാധനാമൂർത്തിയാണ് ജഗന്നാഥൻ. പ്രസ്താവന വലിയ വിവാദം സൃഷ്ഠിച്ചതോടെ സംബിത് പത്ര ക്ഷമാപണം നടത്തുകയായിരുന്നു. അബദ്ധവശാൽ സംഭവിച്ചതാണെന്നും ഇല്ലാത്ത പ്രശ്നത്തിന്റെ പേരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. നമുക്കെല്ലാവർക്കും നാക്കുപിഴ സംഭവിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.