INDIA

'സംസാരിക്കാൻ നല്‍കിയത് അഞ്ച് മിനുറ്റ് മാത്രം, അപമാനിച്ചു'; നിതി ആയോഗ് യോഗത്തില്‍ നിന്ന് മമത ബാനർജി ഇറങ്ങിപ്പോയി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്

വെബ് ഡെസ്ക്

ഡല്‍ഹിയില്‍ നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ഇറങ്ങിപ്പോയി. അഞ്ച് മിനുറ്റ് മാത്രമാണ് സംസാരിക്കാൻ സമയം അനുവദിച്ച് നല്‍കിയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മമതയുടെ ബഹിഷ്കരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്.

"സംസ്ഥാന സർക്കാരുകളോട് വിവേചനം കാണിക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ഞാൻ ആവശ്യപ്പെട്ടതാണ്. എനിക്ക് സംസാരിക്കണമായിരുന്നു, പക്ഷേ അനുവദിച്ച് നല്‍കിയത് അഞ്ച് മിനുറ്റ് മാത്രമായിരുന്നു. എനിക്ക് മുൻപ് സംസാരിച്ചവർ 10 മുതല്‍ 20 മിനുറ്റ് വരെ സംസാരിച്ചു. പക്ഷേ, എനിക്ക് ആ ആനുകൂല്യമുണ്ടായില്ല, ഇത് അപമാനിക്കലാണ്," മമത വ്യക്തമാക്കി.

നിതി ആയോഗിന്റെ യോഗം പ്രതിപക്ഷ പാർട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ബഹിഷ്കരിച്ചിരുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചത്. കേന്ദ്ര ബജറ്റിലെ അവഗണ ചൂണ്ടിക്കാണിച്ചായിരുന്നു തീരുമാനം.

ഇവർക്ക് പുറമേ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ആംആദ്മി നേതൃത്വം നല്‍‌കുന്ന ഡല്‍ഹി, പഞ്ചാബ് സർക്കാരുകളും ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നു. പൊതുയോഗത്തില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം ഉയരേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മമത പങ്കെടുത്തത്. 2047ല്‍ വികസിത രാജ്യമാക്കി ഇന്ത്യയെ മാറ്റുന്നതിനുവേണ്ടിയുള്ള ആശയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചർച്ച.

സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളുടെ ലെഫ്റ്റനന്റ് ഗവർണർമാരും കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടുന്നതാണ് നിതി ആയോഗിന്റെ ഉന്നത സമിതി.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍