INDIA

"പ്രതിപക്ഷം ഒന്നിക്കണം": ബിജെപി വിരുദ്ധ മുന്നണിയിൽ നിലപാട് മാറ്റി മമത

വെബ് ഡെസ്ക്

പ്രതിപക്ഷ ഐക്യത്തിൽ നിലപാട് മാറ്റി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒരുമിക്കണമെന്നും ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നും മമത പറഞ്ഞു. കൊൽക്കത്തയിൽ സംഘടിപ്പിച്ച റാലിയിലായിരുന്നു മമതയുടെ ആഹ്വാനം. 2024ൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കുറച്ച് ദിവസങ്ങൾ മുൻപ് പറഞ്ഞ മമതയുടെ മനംമാറ്റം പ്രതിപക്ഷ ഐക്യത്തിന് ശുഭ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

"എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് പോരാടി, ബിജെപിയെ രാജ്യത്തെ അധികാരക്കസേരയിൽ നിന്ന് പുറത്താക്കണം" പഞ്ചായത്ത് തിഞ്ഞെടുപ്പിന് മുന്നോടിയായി കൊൽക്കത്തയിലെ സിറ്റി സെന്ററിൽ ചൊവ്വാഴ്ച നടന്ന റാലിയിൽ മമത പറഞ്ഞു, പ്രതിപക്ഷങ്ങൾ ഒന്നിച്ചുനിന്ന് ബിജെപിക്കെതിരെ വിജയകരമായി പോരാടണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയിൽ ബിജെപിയുടെ പ്രധാന ലക്‌ഷ്യം പ്രതിപക്ഷ പാർട്ടികളായി മാറിയിരിക്കുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമ്പോഴാണ് പ്രതിപക്ഷ നേതാക്കൾ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഭരണഘടനയുടെ അധഃപതനമാണിതെന്നും 'ദുശ്ശാസന'നെ പുറത്താക്കി രാജ്യത്തെ രക്ഷിക്കണമെന്നും മമത തുറന്നടിച്ചു.

രാഹുൽ ഗാന്ധിയെ മാനനഷ്ടകേസിൽ രണ്ട് വർഷം ശിക്ഷിക്കുകയും അതേതുടർന്ന് ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിന്റെ നിലപാട് മാറ്റം. രാഹുലിനെ അയോഗ്യനാക്കിയപ്പോള്‍ പാർലമെന്റിൽ നടത്തിയ കറുത്ത വസ്ത്രമണിഞ്ഞുള്ള പ്രതിഷേധത്തിലും തൃണമൂൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി കോൺഗ്രസ് വിളിച്ചുചേർക്കുന്ന പ്രതിപക്ഷ ഐക്യ വേദികളിൽ നിന്ന് അകന്നുനില്‍ക്കുകയായിരുന്നു മമത.

തിരഞ്ഞെടുപ്പിൽ ജനങ്ങളോട് മാത്രമാണ് സഖ്യമെന്നായിരുന്നു മമത മാസമാദ്യം പ്രഖ്യാപിച്ചത്. ബിജെപിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും തൃണമൂലിന് വോട്ട് ചെയ്യും. സാഗർദിഗി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്- സിപിഎം സഖ്യത്തോടുള്ള പരാജയവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തോൽവിയുമായിരുന്നു മമതയുടെ അന്നത്തെ പ്രഖ്യാപനങ്ങൾക്ക് പിന്നിൽ.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം