ഹരിയാനയില്‍ കന്നുകാലികളെ കടത്തിയതായി ആരോപിക്കപ്പെട്ട യുവാവ് വാഹനാപകടത്തില്‍ മരിച്ചു. നുഹിലെ ഹുസൈന്‍പുര്‍ ഗ്രാമത്തിലെ വാരിസ് എന്ന 22കാരനാണ് അപകടത്തില്‍ മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് വാരിസ് സഞ്ചരിച്ചിരുന്ന കാറില്‍ പച്ചക്കറി വ്യാപാരിയുടെ ടെമ്പോ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ വാരിസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. കാറില്‍ വാരിസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. വാരിസിന്റേത് അപകട മരണമാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അതേസമയം, ഗോ സംരക്ഷകര്‍ പിന്തുടര്‍ന്നതാണ് അപകടത്തില്‍പ്പെടാന്‍ കാരണമെന്നും, സംഘം വാരിസിനെ മര്‍ദിച്ചിരുന്നുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
അബ്ദുല്‍ കരീമും മകനും മാത്രമാണ് ടെമ്പോയില്‍ ഉണ്ടായിരുന്നതെന്നാണ് എഫ്‌ഐആര്‍. കരീമാണ് വാഹനം ഓടിച്ചിരുന്നത്. എതിര്‍ദിശയിലെത്തിയ വാരിസിന്റെ കാര്‍ ടെമ്പോയിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് കരീമിനെ ഉദ്ധരിച്ച് എഫ്‌ഐആര്‍ പറയുന്നത്. കരീമിന് കാര്യമായി പരുക്കുണ്ടായില്ല. അതേസമയം, മകന് പരുക്കേറ്റു. കാറിലുണ്ടായിരുന്ന വാരിസ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കും കാര്യമായ പരുക്കേറ്റു. കാറിന്റെ പിന്നിലെ സീറ്റില്‍ ഒരു പശുവും ഉണ്ടായിരുന്നു. അതിന്റെ കാലിനും പരുക്കേറ്റിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരുക്കേറ്റവരെ ആശുപത്രിയിലാക്കി. സംഭവസ്ഥലത്തെത്തിയ ഗോ രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ പശുവിനെ രക്ഷപെടുത്തിയെന്നുമാണ് എഫ്‌ഐആര്‍.
വാരിസ് ഉള്‍പ്പെടെ പരുക്കേറ്റവരെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വാരിസ് മരിച്ചു. ടെമ്പോ ഡ്രൈവറായ കരീമിന്റെ പരാതിയെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി നിയമപ്രകാരവും ഹരിയാന ഗൗവംശ് സംരക്ഷണ്‍ ആന്‍ഡ് ഗൗസംവര്‍ധന്‍ ആക്ട് പ്രകാരവുമാണ് കേസെടുത്തതെന്നും പോലീസ് അറിയിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം, വാരിസിന്റെ കാറിനെ ഗോ സംരക്ഷകര്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. അപകടത്തിന് പിന്നാലെ, പരുക്കേറ്റ വാരിസിനെ ഗോ സംരക്ഷകര്‍ മര്‍ദിക്കുകയും ചെയ്തു. ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം കുടുംബത്തിന്റെ ആരോപണം സംബന്ധിച്ച് അന്വേഷിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.