മുംബൈ നഗരത്തിൽ 100 കിലോ ഭാരമുള്ള ബോംബുണ്ടെന്ന് വ്യാജ സന്ദേശം നൽകിയ 43കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് മുംബൈ പോലീസ് കൺട്രോൾ റൂം നമ്പറിൽ വിളിച്ച് നഗരത്തിൽ ബോംബുണ്ടെന്ന് ഇയാൾ വ്യാജ സന്ദേശം നൽകിയത്.
റുഖ്‌സർ അഹമ്മദ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ റുഖ്‌സർ 79 തവണ മുംബൈ പോലീസിന്റെ കൺട്രോൾ റൂമിലേക്ക് വിളിച്ചതായി കണ്ടെത്തി. വിവിധ പരാതികളും പ്രശ്നങ്ങളും ഉന്നയിച്ചാണ് പ്രതി കണ്ട്രോൾ റൂമിലേക്ക് നിരന്തരം വിളിച്ചത്. തയ്യൽക്കാരനാണ് റുഖ്‌സർ അഹമ്മദ്. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് കരുതുന്നതെന്ന് പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
ഈ മാസം ആറിന് 25 കാരനായ ഒരാളെ ജുഹുവിൽ നിന്ന് മുംബൈ പോലീസിന് വ്യാജ സന്ദേശം നൽകിയതിന് അറസ്റ്റ് ചെയ്തിരുന്നു.
സന്ദേശം വ്യാജമാണെന്ന് വ്യക്തമായതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷത്തിലാണ് പ്രതിയുള്ള സ്ഥലം കണ്ടെത്തിയത്. മുംബൈയിലെ മെൽവാനി ഏരിയയിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ 506-II ഉൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
ഈ മാസം ആറിന് 25 കാരനായ ഒരാളെ ജുഹുവിൽ നിന്ന് മുംബൈ പോലീസിന് വ്യാജ സന്ദേശം നൽകിയതിന് അറസ്റ്റ് ചെയ്തിരുന്നു. നഗരത്തിലുടനീളമുള്ള ലോക്കൽ ട്രെയിനുകളിൽ തുടർച്ചയായ ബോംബ് സ്ഫോടനങ്ങൾ നടക്കുമെന്നായിരുന്നു പ്രതിയുടെ അവകാശ വാദം. ഈ വർഷം ജൂണിൽ മുംബൈയിലെയും ഡൽഹിയിലെയും അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഹരിയാന പോലീസിന് വ്യാജ സന്ദേശം നൽകിയ പത്തൊമ്പതുകാരനെ പോലീസ് പുതുച്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ശേഷം പുതുച്ചേരിയിൽ നിന്നും പ്രതിയായ ജതിൻ പ്രജാപതി എന്നയാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം മുംബൈ പോലീസിന്റെ നിരവധി ഹെൽപ്പ് ലൈനുകളിലേക്കും കൺട്രോൾ റൂമുകളിലേക്കും കഴിഞ്ഞ ഏഴ് മാസത്തിനിടെ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട 31 കോളുകൾ ലഭിച്ചിട്ടുണ്ടെന്നും അവയെല്ലാം വ്യാജമായിരുന്നുവെന്നും പോലീസ് അറിയിച്ചു. ഇതേ കാലയളവിൽ നിരവധി ആത്മഹത്യാ ഭീഷണികളും ലഭിച്ചിട്ടുണ്ട്. വ്യാജ കോളുകളുമായി ബന്ധപ്പെട്ട് 17 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.