വളരെ വ്യത്യസ്തമായൊരു കേസാണ് ആഗ്രയിലെ മാധ്യമപ്രവർത്തകയും ഒരു പ്രമുഖ പത്രത്തിന്റെ പത്രാധിപരുടെ ഭാര്യയുമായ നീലം ശർമ്മയുടെ കൊലപാതകത്തിന്റേത്. 2014 ഫെബ്രുവരി 20 നാണ് സ്വന്തം വീട്ടിൽ വെച്ച് നീലവും വളർത്തുനായയും കൊല്ലപ്പെട്ടത്. ഇപ്പോള്‍ 9 വർഷങ്ങള്‍ക്ക് ശേഷം പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുകയാണ്. പ്രതിയെ കണ്ടെത്താൻ സഹായിച്ചതാകട്ടെ വീട്ടിലെ തത്തയുടെ മൊഴിയും. കൊലയ്ക്ക് ശേഷം വീട്ടിലുണ്ടായിരുന്ന പണവും സ്വർണവും പ്രതികള്‍ കവർച്ച ചെയ്തിരുന്നു. ഭർത്താവ് വിജയ് ശർമയും മകൻ രാജേഷും മകൾ നിവേദിതയും ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി ഫിറോസാബാദിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം. കവർച്ചയായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യമെന്ന് കണ്ടെത്തിയെങ്കിലും പ്രതികളെ കുറിച്ച് യാതൊരു സൂചനയും പോലീസിന് ലഭിച്ചിരുന്നില്ല.
നീലത്തിന്റെ മരണത്തോടെ വീട്ടിലെ തത്ത ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നിർത്തിയിരുന്നു
എന്നാല്‍ പിന്നീടാണ് മറ്റൊരു കാര്യം നീലത്തിന്റെ ഭർത്താവ് വിജയുടെ ശ്രദ്ധയില്‍ പെടുന്നത്. നീലത്തിന്റെ മരണത്തോടെ വീട്ടിലെ തത്ത ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നിർത്തി എന്നതായിരുന്നു അത്. പിന്നീട് തത്ത സംസാരിക്കാതെയുമായി. ഇതോടെയാണ് കൊലപാതകം തത്ത കണ്ടിട്ടുണ്ടാവാമെന്ന് വിജയ്ക്ക് സംശയം തോന്നിയത്. തുടർന്ന് വീട്ടിൽ വരുന്നവരുടെയും സംശയമുള്ളവരുടെയും ബന്ധുക്കളുടെയുമൊക്കെ പേരുകള്‍ വിജയ് തത്തയോട് പറഞ്ഞു. അദ്ദേഹത്തെ ഞെട്ടിച്ചു കൊണ്ട് അവരുടെ ബന്ധുവായ അഷു എന്നയാളുടെ പേര് കേട്ടയുടൻ തത്ത അസ്വസ്ഥത പ്രകടിപ്പിക്കുകയും അഷു, അഷു എന്ന് പറഞ്ഞ് ഓടി നടക്കുകയും ചെയ്തു. ഇതോടെ വിജയ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
അഷുവിനെ ചോദ്യം ചെയ്യണമെന്ന് വിജയ് ആവശ്യപ്പെട്ടു. പോലീസിന് മുന്നിലും തത്ത അഷുവിന്റെ പേര് ആവർത്തിച്ചതോടെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. തുടർന്ന് സുഹൃത്ത് റോണിയുടെ സഹായത്തോടെ താൻ നീലത്തെ കൊലപ്പെടുത്തിയാതാണെന്ന് ഇയാള്‍ സമ്മതിച്ചു. എംബിഎ പഠിക്കുന്നതിനായി 80,000 രൂപ അഷുവിന് വിജയ് ശർമ്മ മുൻപ് നൽകിയിരുന്നു. ഇതോടെ വീട്ടിൽ സ്വർണവും പണവും ഉണ്ടെന്ന് മനസ്സിലാക്കിയ പ്രതി കൂട്ടുകാരനൊപ്പം ചേർന്ന് കൃത്യം നടപ്പാക്കുകയായിരുന്നു. വളർത്ത് നായയുടെ കഴുത്തിൽ കത്തി കൊണ്ടുള്ള 9 മുറിവും നീലത്തിന്റെ ശരീരത്തിൽ 14 മുറിവുകളുമായിരുന്നു പ്രതി ഉണ്ടാക്കിയത്.
തത്തയുടെ മൊഴി നിർണായകമായെങ്കിലും നിയമപ്രകാരം അത് തെളിവായി രേഖപ്പെടുത്താൻ കഴിയുകയില്ല. പക്ഷേ കേസിലുടനീളം തത്തയുടെ കാര്യം ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്ന് ആറു മാസത്തിനുള്ളില്‍ തത്ത ചത്തുവെന്ന് മകള്‍ നിവേദിത വ്യക്തമാക്കുന്നു. പ്രതിക്ക് ശിക്ഷ ലഭിക്കുന്നത് കാണാൻ കാത്തുനിൽക്കാതെ കോവിഡ് കാലത്ത് വിജയ് ശർമയും മരിച്ചു. വിധിയിൽ സന്തോഷമുണ്ടെന്നും മറ്റാർക്കും ഇത്തരം ഹൃദയഭേദകമായ അവസ്ഥയുണ്ടാകരുതെന്നാണ് ആഗ്രഹമെന്നും നിവേദിത മാധ്യമങ്ങളോട് പ്രതികരിച്ചു.