INDIA

അന്ധയായ അമ്മയെ വിമാനത്തിൽ തനിച്ചാക്കി; വിസ്താരക്കെതിരെ ആരോപണവുമായി യുവാവ്, മാപ്പ് പറഞ്ഞ് എയർലൈന്‍സ്

വെബ് ഡെസ്ക്

യാത്രക്കാരും ജീവനക്കാരും പുറത്തിറങ്ങിയ ശേഷം അന്ധയായ അമ്മയെ സഹായിക്കാതെ വിമാനത്തിൽ തനിച്ചാക്കിയെന്ന് ആരോപിച്ച് വിസ്താരയ്ക്കെതിരെ യുവാവ്. ഓഗസ്റ്റ് 31ന് ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാനത്തിലെ സംഭവം ചൂണ്ടിക്കാട്ടിയാണ് ആയുഷ് കെജ്‌രിവാൾ എന്ന യുവാവിന്റെ വിമർശനം.

വിമാനം കൊൽക്കത്തയിൽ ലാൻഡ് ചെയ്ത ശേഷം യാത്രക്കാരും ജീവനക്കാരുമൊക്കെ ഇറങ്ങിയിട്ടും തന്റെ അമ്മയെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ലെന്ന് ആയുഷ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ പറയുന്നു. വിമാനം ലാൻഡ് ചെയ്ത് എല്ലാരും അവിടെനിന്നും പോയശേഷം എത്തിയ ശുചീകരണ തൊഴിലാളി അമ്മയുടെ നിലവിളി കേട്ട് അവിടേക്ക് എത്തുകയും തുടർന്ന് അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു എന്നുമാണ് യുവാവിന്റെ ആരോപണം.

"വിസ്താര എയർലൈൻസ്, നിങ്ങൾക്ക് അന്ധയായ എന്റെ അമ്മയെ ഇത്തരത്തിലൊരു അപകടത്തിലാക്കാൻ എങ്ങനെ കഴിഞ്ഞു? നിങ്ങളുടെ മേല്‍നോട്ടത്തിൽ യാത്രചെയ്യുന്ന അംഗപരിമിതരായ യാത്രക്കാർക്ക് മേൽ നിങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവുമില്ലേ? ആയുഷ് കെജ്‌രിവാൾ വീഡിയോയിൽ ചോദിച്ചു. ഏത് സമയത്തും സഹായം ലഭ്യമാകുന്ന തരത്തിലുള്ള വിസ്താരയുടെ അസിസ്റ്റഡ് ട്രാവല്‍ പ്ലാന്‍ തിരഞ്ഞെടുത്തിട്ടും ഇത്തരത്തിലൊരു സംഭവമുണ്ടായത് വളരെ ഞെട്ടലുണ്ടാക്കിയതായും വേണ്ട സമയം കൃത്യമായ ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം വിമർശിച്ചു.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ, വിസ്താര എയർലൈൻസ് സംഭവത്തിൽ ക്ഷേദം പ്രകടിപ്പിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. "ഞങ്ങളുടെ ഭാഗത്തുനിന്നും താങ്കൾക്കുണ്ടായ ദുരനുഭവത്തിൽ ഞങ്ങൾ ഖേദിക്കുന്നു. വിസ്താരയിൽ, ഏറ്റവും ഉയർന്ന സേവന മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. എന്നാൽ, അതിൽ പരാജയപ്പെട്ടെന്ന് കേൾക്കുന്നത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കും. താങ്കളുടെ കേസ് റഫറൻസ് നമ്പറും ബുക്കിംഗ് വിശദാംശങ്ങളും ഞങ്ങൾക്ക് അയച്ചുതരിക" വിസ്താരയുടെ മറുപടിയിൽ വ്യക്തമാക്കി.

ആയുഷിന്റെ ദുരനുഭവം പങ്കുവച്ചതിന് പിന്നാലെ, നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിൽ വിസ്താരയ്‌ക്കെതിരെ രംഗത്തെത്തിയത്. ഇത്തരം സംഭവങ്ങൾ ഭയപ്പെടുത്തുന്നതും ആശങ്കയുണ്ടാക്കുന്നതുമാണെന്ന് പലരും സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ടാറ്റ പോലുള്ള കമ്പനികൾ ഇത്തരത്തിൽ പ്രൊഫഷണൽ അല്ലാതാകുന്നത് വലിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ചിലർ അഭിപ്രായപ്പെട്ടു. വിവിധ ഡിപ്പാർട്മെന്റുകൾ തമ്മിൽ കൃത്യമായ ആശയവിനിമയം നടക്കാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നും അത് വേഗത്തിൽ പരിഹരിക്കുമെന്ന് കരുതുന്നതായും മറ്റൊരു വിഭാഗവും അഭിപ്രായപ്പെട്ടു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?