കര്‍ണാടക ഹൈക്കോടതി മുറിയില്‍ ചീഫ് ജസ്റ്റിസ് നിളയ് വിപിന്‍ചന്ദ്ര അഞ്ജാരിയയ്ക്കു മുന്നില്‍ സ്വയം കഴുത്തറുത്ത് അത്മഹത്യ ശ്രമം നടത്തി മധ്യവയസ്‌കന്‍. മൈസൂരുവില്‍ നിന്നുള്ള ശ്രീനിവാസാണ് കത്തിയുപയോഗിച്ച് കഴുത്തറുത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇന്നു രാവിലെ കോടതി ചേര്‍ന്നയുടനെയായിരുന്നു സംഭവം.
കോടതി മുറയിലേക്ക് കടന്നു വന്ന ശ്രീനിവാസ് തന്റെ കൈവശമുണ്ടായിരുന്ന ഫയലുകള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ഏല്‍പിച്ച ശേഷം പൊടുന്നനെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് കോടതി മുറിയില്‍ എത്തിയതിനു പിന്നാലെയാണ് സംഭവം. സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ ഇയാളെ കീഴ്‌പ്പെടുത്തി അടൃത്ത ആശുപത്രിയിലേക്കു മാറ്റി.
കോടതി മുറിക്കുള്ളില്‍ നടന്ന സുരക്ഷാ വീഴ്ചയില്‍ ചീഫ് ജസ്റ്റില്‍ പിന്നീട് ആശങ്ക രേഖപ്പെടുത്തി. കോടതി മുറിക്കുള്ളിലേക്ക് മാരകായുധവുമായി ഒരാള്‍ക്ക് പ്രവേശിക്കാന്‍ എങ്ങനെ കഴിഞ്ഞുവെന്ന് ആരാഞ്ഞ ചീഫ് ജസ്റ്റിസ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടു.
അതേസമയം ശ്രീനിവാസ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കൈമാറിയ ഫയലില്‍ എന്താണ് എന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. അഭിഭാഷകന്‍ മുഖേന കോടതിക്കു മുമ്പാകെ സമര്‍പ്പിക്കാത്തതിനാല്‍ ഫയലിലെ ഉള്ളടക്കം പരിശോധിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റില്‍ അറിയിച്ചു. തുടര്‍ന്ന് ഫയല്‍ പോലീസിന് കൈമാറിയിട്ടുണ്ട്.