ഇന്ത്യയിലെ ആദ്യ മങ്കി പോക്‌സ് മരണം കേരളത്തില്‍. തൃശ്ശൂരില്‍ വൈറസ് ബാധിച്ച് മരിച്ചെന്ന് സംശയിച്ച ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശി യുവാവിന് (22) രോഗം സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് ലഭിച്ച പരിശോധനാ ഫലത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച രാവിലെയാണ് യുവാവ് മരിച്ചത്.
വിദേശത്ത് നടത്തിയ പരിശോധനയില്‍ യുവാവിന് മങ്കിപോക്‌സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഞായറാഴ്ച തന്നെ സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് പൂനെയിലെ സ്ഥിരീകരണം ലഭിക്കുന്നത്. യുഎഇയില്‍ നിന്ന് വരുമ്പോള്‍ തന്നെ യുവാവിന് പനിയുണ്ടായിരുന്നു. റാസല്‍ഖൈമയില്‍ ഡോക്ടറെ കാണിച്ചിരുന്നു എങ്കിലും ഈ വിവരം നാട്ടില്‍ അറിയിച്ചിരുന്നില്ലെന്നാണ് വിവരം.
സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേര്‍ നിരീക്ഷണത്തില്‍
യുവാവിന്റെ മരണം മങ്കി പോക്‌സ് മൂലമാണെന്ന സംശയം ഉയര്‍ന്നതിന് പിന്നാലെ തന്നെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. യുഎഇയില്‍ നിന്നെത്തിയ യുവാവിനെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ട് വന്ന സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള ആര്‍ക്കും നിലവില്‍ രോഗ ലക്ഷണങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. മരണത്തിന്റെ പശ്ചാത്തലത്തില്‍ വിശദമായ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്.
യുഎഇയില്‍ നിന്നെത്തിയ യുവാവിന് കേരളത്തിലെത്തിയത് മുതല്‍ മങ്കി പോക്‌സിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദേഹത്ത് കുരുക്കള്‍ ഉണ്ടായിരുന്നില്ല. നാട്ടിലെത്തിയതിന് പിന്നാലെ യുവാവ് കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ ഉള്‍പ്പെടെ പോയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.