INDIA

'പാകിസ്താനെ പ്രകോപിപ്പിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരും'; മണിശങ്കർ അയ്യരുടെ പഴയവീഡിയോ വിവാദമാക്കി ബിജെപി, രൂക്ഷവിമർശനം

വെബ് ഡെസ്ക്

പാകിസ്താനും ഇന്ത്യയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വൈറലായതിന് പിന്നാലെ കടുത്ത വിമർശനം നേരിട്ട് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. പാകിസ്ഥാനും ഇന്ത്യയും ചർച്ചയിൽ ഏർപ്പെടണമെന്നും അല്ലെങ്കിൽ ഇന്ത്യ വലിയ വില നൽകേണ്ടി വരുമെന്നുമായിരുന്നു മണിശങ്കർ അയ്യരുടെ പരാമർശം. സർക്കാരിന് വേണമെങ്കിൽ പാകിസ്ഥാനോട് കർക്കശമായി സംസാരിക്കാം. എന്നാൽ അയൽ രാജ്യത്തെ ബഹുമാനിക്കുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്നും പാകിസ്താന്റെ പക്കൽ അണുബോംബുകളുണ്ടെന്നും സർക്കാർ അവരെ പ്രകോപിപ്പിച്ചാൽ ബോംബുകൾ ഇന്ത്യക്കുമേൽ വർഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

"പാകിസ്താനിൽ ആറ്റം ബോംബുള്ളതിനാൽ ഇന്ത്യ അവരെ ബഹുമാനിക്കണം. നമ്മൾ അവർക്ക് ബഹുമാനം നൽകിയില്ലെങ്കിൽ, അവർ ഇന്ത്യക്കെതിരെ ആറ്റം ബോംബ് പ്രയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിക്കും." അഭിമുഖത്തിൽ അയ്യർ പറയുന്നു. "നമ്മൾ അവരോട് സംസാരിക്കണം. എന്നാൽ ഇപ്പോൾ നമ്മൾ പകരം നമ്മൾ നമ്മളുടെ സൈനിക ശക്തി വർധിപ്പിക്കുകയാണ്. ഇത് എല്ലാതലത്തിലും പിരിമുറുക്കം വർധിപ്പിക്കുകയാണ്. അവർക്ക് ആറ്റം ബോംബുകളുണ്ട്. ഒരു 'ഭ്രാന്തൻ' ഇന്ത്യയിൽ ബോംബ് വിക്ഷേപിക്കാൻ തീരുമാനിച്ചാൽ എന്ത് സംഭവിക്കും," അദ്ദേഹം പറഞ്ഞു. " നമുക്കും അവയുണ്ട്. പക്ഷെ ഒരു 'ഭ്രാന്തൻ' ലാഹോറിൽ ബോംബ് ഇടാൻ തീരുമാനിച്ചാൽ, റേഡിയേഷൻ അമൃത്സറിലെത്താൻ 8 സെക്കൻഡ് എടുക്കില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

പഴയ അഭിമുഖമാണ് പ്രചരിക്കുന്നതെന്ന് അയ്യർ പ്രതികരിച്ചു. ശൈത്യകാലത്ത് നടത്തിയ അഭിമുഖമാണെന്ന് ധരിച്ചിട്ടുള്ള സ്വെറ്ററിൽനിന്നു വ്യക്തമാണ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പൊളിഞ്ഞതിനാലാണ് ബിജെപി ഈ വീഡിയോ ആയുധമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു." അവരുടെ കളിയുടെ ഭാഗമാകാൻ ഞാനില്ല. താൽപര്യമുള്ളവർ എന്റെ രണ്ട് പുസ്തകങ്ങളായ ‘മെമ്മയേഴ്‌സ് ഓഫ് എ മാവറിക്’, ‘ദ് രാജീവ് ഐ ന്യൂ’ എന്നിവയിലെ പ്രസക്ത ഭാഗങ്ങൾ ദയവായി വായിക്കുക’’ അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡ്ഢിത്തരങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അയ്യരുടെ പഴയ അഭിമുഖം ബിജെപി പ്രചരിപ്പിക്കുകയാണെന്നാണ് കോൺഗ്രസിന്റെ പ്രതികരണം. ‘‘പാക്കിസ്ഥാനുമായി ബന്ധപ്പെട്ടു മണിശങ്കർ അയ്യർ പറഞ്ഞ പ്രസ്താവനയോടു കോൺഗ്രസ് പൂർണമായും വിയോജിക്കുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് അദ്ദേഹം നടത്തിയ പരാമർശങ്ങളാണാണു ബിജെപി ഇപ്പോൾ സജീവമാക്കുന്നത്. മോദിയുടെ ദൈനംദിന വിഡ്ഢിത്തരങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുകയാണു ലക്ഷ്യം," കോൺഗ്രസ് നേതാവ് പവൻ ഖേര വ്യക്തമാക്കി.

ബിജെപി രൂക്ഷമായ വിമർശനമാണ് അയ്യരുടെ പ്രസ്താവനക്കെതിരെ നടത്തിയിരിക്കുന്നത്. പരാമർശം ഇന്ത്യയെ സംബന്ധിച്ച കോൺഗ്രസിൻ്റെ പ്രത്യയശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്നുവെന്നായിരുന്നു വിമർശനം. ബിജെപിയുടെ വിവിധ നേതാക്കൾ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഈ തിരഞ്ഞെടുപ്പുകളിൽ രാഹുലിന്റെ പ്രത്യയശാസ്ത്രങ്ങൾ പൂർണമായും ദൃശ്യമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിയാച്ചിൻ വിട്ട് കൊടുക്കുന്നത് ഉൾപ്പടെ പാകിസ്താന് അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പിന്തുണ, ജനങ്ങളെ ഭിന്നിപ്പിക്കൽ, നുണകൾ, ദുരുപയോഗം, വ്യാജ ഉറപ്പുകൾ നൽകി പാവപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

രക്ഷപ്പെടുന്ന ഏതൊരു ഭീകരനെയും വധിക്കാൻ ഇന്ത്യൻ സൈന്യം പാകിസ്താനിലേക്ക് കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ബിജെപി നേതാക്കളും മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് മണിശങ്കർ അയ്യരുടെ പ്രസ്താവന.പാകിസ്താൻ്റെ ആണവശേഷിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ രണ്ടാമത്തെ നേതാവായിരുന്നു മണിശങ്കർ അയ്യർ. പ്രകോപനമുണ്ടായാൽ പാകിസ്താന് ആറ്റംബോംബ് പ്രയോഗിക്കാൻ കഴിയുമെന്ന് നാഷണൽ കോൺഫറൻസ് (എൻസി) മേധാവി ഫാറൂഖ് അബ്ദുള്ള മുന്നറിയിപ്പ് നൽകിയിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും