INDIA

മണിപ്പുർ: തിങ്കളാഴ്ച നടന്ന വെടിവയ്പ്പ് അന്വേഷിക്കാന്‍ പ്രത്യേക സംഘം, മരണം അഞ്ചായി

വെബ് ഡെസ്ക്

മണിപ്പുരിൽ തിങ്കളാഴ്ച നടന്ന വെടിവയ്പ്പിൽ മരണം അഞ്ചായി. തിങ്കളാഴ്ച നടന്ന വെടിവയ്പ്പിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയായിരുന്ന ഒരാൾകൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം അഞ്ചായി.

ആക്രമണത്തില്‍ പരുക്കേറ്റ് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന മുഹമ്മദ് അബ്ദുർ രാജഖ് ആണ് ബുധനാഴ്ച സ്വകാര്യാശുപത്രിയിൽ മരിച്ചത്. ലിലോങ് സ്വദേശിയായ രാജഖ് ലഹരി വിരുദ്ധ കൂട്ടായ്മയായ അഞ്ചുമാനിൽ അംഗമായിരുന്നു. വെടിവയ്പ്പിൽ രാജഖിനു സാരമായി പരുക്കേറ്റിരുന്നു.

അതിനിടെ പുതിയ ആക്രമണം സംബന്ധിച്ച അന്വേഷണം നടത്തുന്നതിന് മണിപ്പുർ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. തൗബാൽ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് രാകേഷ് ബൽവാൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം സബ് ഡിവിഷണൽ പോലീസ് ഓഫീസർ മുഹമ്മദ് റിയാജുദ്ദിൻ ഷാ നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘമായിരിക്കും സംഭവം അന്വേഷിക്കുക. കേസിന്റെ പുരോഗതി എല്ലാ ദിവസവും രണ്ടുതവണ പോലീസ് സൂപ്രണ്ട് വിലയിരുത്തുമെന്നും ഓർഡറിൽ പറയുന്നു.

സബ്ഡിവിഷണൽ പോലീസ് ഓഫീസറായ എൻ സുരേഷ് സിങ്ങും, ഇൻസ്‌പെക്ടർ മസൂദും, സബ് ഇൻസ്‌പെക്ടർമാരായ മുഹമ്മദ് അൻവർ ഹുസൈൻ, എസ് ഭുബോൺ സിംഗ്, എൻ തോമസ് സിംഗ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലെ മറ്റംഗങ്ങൾ. അതേസമയം മെയ്തി വിഭാഗങ്ങളിൽ നിന്നുള്ള മുസ്ലിങ്ങൾ നേതൃത്വം നൽകുന്ന ജോയിന്റ് ആക്ഷൻ കമ്മിറ്റി മരിച്ചവരുടെ മൃതശരീരങ്ങൾ അന്ത്യകർമങ്ങൾ ചെയ്യാൻ ഏറ്റെടുത്തു. വിഷയത്തിൽ ജോയിന്റ് ആക്ഷൻ കമ്മിറ്റിയും മണിപ്പുർ സർക്കാരും മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് ധാരണാപത്രം ഒപ്പുവച്ചു.

ധാരണ പ്രകാരം തിങ്കളാഴ്ചയിലെ സംഭവങ്ങളില്‍ മരിച്ച അഞ്ചുപേരുടെയും, ഗുരുതരമായി പരുക്കേറ്റ മൂന്നുപേരുടെയും വേണ്ടപ്പെട്ടവരിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും, നഷ്ടപരിഹാരമായി മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് 2 ലക്ഷം രൂപയും പരുക്കേറ്റ മറ്റുള്ളവർക്ക് ഒരു ലക്ഷം രൂപയും നൽകാമെന്നും ധാരണാപത്രത്തിൽ സർക്കാർ ഉറപ്പു നൽകുന്നു.

വെടിവയ്പ്പിന്റെ ഉത്തരവാദിത്തം റിവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് ഏറ്റെടുത്തു. ഒരു ലഹരി സംഘത്തിനെ അക്രമിക്കുന്നതിനിടെ സംഭവിച്ചതാണെന്നാണ് വിശദീകരണം

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും