മണിപ്പൂരില്‍ രണ്ടുമാസം നീണ്ടുനിന്ന വംശീയ കലാപത്തില്‍ 142 പേര്‍ മരിച്ചതായി സംസ്ഥാന സര്‍ക്കാര്‍. തിങ്കളാഴ്ച സുപ്രീംകോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലാണ് വിശദാംശങ്ങളുള്ളത്. മെയ് മൂന്നുമുതൽ ജൂലൈ നാലുവരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ മരണങ്ങളുണ്ടായത് ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ചുരാചന്ദ്പൂര്‍ ജില്ലകളിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജൂലൈ മൂന്നിന് കലാപവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ, കലാപ സാഹചര്യം സംബന്ധിച്ച് പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മണിപ്പൂർ ചീഫ് സെക്രട്ടറി വിനീത് ജോഷിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. മരണസംഖ്യയുടെ ജില്ലകൾ തിരിച്ചുള്ള കണക്കുകൾ, കലാപംമൂലമുണ്ടായ നാശനഷ്ടങ്ങളുടെ ഭൂമിശാസ്ത്രപരമായ വ്യാപനം വ്യക്തമാക്കുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ് എന്നീ രണ്ട് ജില്ലകളിലായി 29 വീതം മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മേയ് മൂന്നിന് ആരംഭിച്ച കലാപം ആദ്യം തലസ്ഥാന നഗരത്തില്‍ മാത്രമായാരുന്നെങ്കില്‍ അത് പിന്നീട് മലയോര ജില്ലകളുടെ അതിര്‍ത്തിയിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും നീങ്ങുകയായിരുന്നു. 26പേർ മരിച്ച ചുരാചാന്ദ്പൂര്‍ അക്രമങ്ങളുടെ പ്രധാന കേന്ദ്രമായി പിന്നീട് മാറി.
താഴ്‌വാര മേഖലയിലെ ജില്ലകളായ കാക്ചിങ്, ബിഷ്ണുപൂര്‍ എന്നിവിടങ്ങളില്‍ യഥാക്രമം 21,18 എന്നിങ്ങനെയാണ് മരണനിരക്ക്. ജൂൺ അവസാനം മുതൽ വലിയ അക്രമസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മലയോര ജില്ലയായ കാങ്പോപിയിൽ എട്ടുപേർ കൊല്ലപ്പെട്ടു. തെങ്നൗപാല്‍ (4), തൗബല്‍ (4), കാംജോങ് (2), ചന്ദേല്‍ (1) എന്നിവയാണ് ആളുകൾ കൊല്ലപ്പെട്ട മറ്റ് ജില്ലകൾ.
ജൂലൈ മൂന്നുവരെ സംസ്ഥാനത്ത് 5,053 തീവയ്പ്പുകളുണ്ടായതായി സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അതില്‍ 1,091എണ്ണം കാങ്‌പോക്പിയിലും 1043 എണ്ണം ചുരാന്ദ്പൂരിലുമാണ്. ഇംഫാല്‍ ഈസ്റ്റില്‍ 938, ബിഷ്ണുപൂരില്‍ 528 എന്നിങ്ങനെയും തീവയ്പ്പുകൾ റിപ്പോർട്ട് ചെയ്തു.
വംശീയ കലാപം സംസ്ഥാനത്ത് കത്തിപടർന്നതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിച്ചു. ചുരാചന്ദ്പൂരില്‍ 102 ദുരിതാശ്വാസ ക്യാമ്പുകളിലായി 14,816 പേരും കാങ്‌പോക്പിയില്‍ 60 ക്യാമ്പുകളിലായി 12,740 പേരും ഇപ്പോള്‍ കഴിയുന്നുണ്ടെന്നാണ് സർക്കാർ കണക്കുകൾ. സംസ്ഥാനത്ത് നിന്ന് പലായനം ചെയ്തവരുടെ എണ്ണം 54,488 ആയി.
സംസ്ഥാനത്ത് കലാപത്തെതുടർന്ന് പോലീസ് 5,995 എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്, ജൂലൈ 4ന് വൈകുന്നേരം 5 മണി വരെ 181 പേരെ അറസ്റ്റ് ചെയ്തു. അതില്‍ 108 പേരെ ജാമ്യത്തിലും രണ്ടുപേരെ വ്യക്തിഗത തിരിച്ചറിയല്‍ ബോണ്ടിലും വിട്ടയച്ചിട്ടുള്ളതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. മലയോര പ്രദേശങ്ങളിലും താഴ്വരകളിലും ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന ബങ്കറുകള്‍ സുരക്ഷാ സേന തകർത്തുവരുന്നതായി സര്‍ക്കാര്‍ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രദേശവാസികള്‍ക്ക് കാര്‍ഷിക ജോലികള്‍ ചെയ്യുന്നതിനും അവശ്യവസ്തുക്കളുടെ കയറ്റുമതിക്കും അകമ്പടി സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വംശീയ കലാപം കത്തിപടര്‍ന്ന സാഹചര്യത്തിലായിരുന്നു മണിപ്പൂര്‍ വിഷയത്തില്‍ കോടതിയുടെ ഇടപെടല്‍. കലാപം നേരിടാൻ സ്വീകരിച്ച നടപടികൾ, ക്രമസമാധാനപാലനം, ആയുധങ്ങൾ പിടിച്ചെടുക്കൽ, പുനരധിവാസം, ക്യാമ്പുകളിലെ വിശദാംശങ്ങൾ, സുരക്ഷിത സ്ഥാനം തേടി സംസ്ഥാനം വിട്ടവർ തുടങ്ങി എല്ലാ വിശദാംശങ്ങളും ഉൾക്കൊള്ളുന്ന റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം.
സംസ്ഥാന സര്‍ക്കാര്‍ കലാപം നിയന്ത്രണ വിധേയമാക്കാനുള്ള പരിശ്രമങ്ങള്‍ തുടരുമ്പോഴും ഞായറാഴ്ച രാത്രി നടന്ന വെടിവയ്പ്പില്‍ സംസ്ഥാനത്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വംശീയ കലാപം പൊട്ടിപുറപ്പെടുന്നതിന് മുൻപായി മണിപ്പൂരിലേയും മിസോറാമിലേയും അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിശദാംശങ്ങളും മറ്റ് രേഖകളും നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്ത സെക്രട്ടറി അജയ്കുമാർ ഭല്ലയാണ് സംസ്ഥാനങ്ങളോട് വിശദാംശങ്ങൾ തേടിയത്. ജൂൺ 22ന് അയച്ച കത്തിൽ സെപ്റ്റംബർ 30നകം നടപടികൾ പൂർത്തിയാക്കണെന്ന് ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിരുന്നു.