INDIA

അറസ്റ്റ് ചെയ്തവരെ പാര്‍പ്പിക്കാന്‍ ഇടമില്ല; മണിപ്പൂരിന്റെ മലയോര മേഖലയില്‍ താത്കാലിക ജയിലുകള്‍ പണിയുന്നു

മണിപ്പൂര്‍ ഗവര്‍ണര്‍ അനസൂയ ഉയ്‌കെയാണ് താത്കാലിക ജയില്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്

വെബ് ഡെസ്ക്

വംശീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ അറസ്റ്റിലാവുന്നവരെ പാര്‍പ്പിക്കാന്‍ ഇടമില്ലെന്ന് ചൂണ്ടിക്കാട്ടി മണിപ്പൂരിലെ മലയോര മേഖലയില്‍ താത്കാലിക ജയിലിന് അനുമതി നല്‍കി ഗവര്‍ണര്‍. കുകി-മെയ്തി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം കെട്ടടങ്ങാത്ത സാഹചര്യത്തില്‍ പിടികൂടുന്ന അക്രമികളെ പാര്‍പ്പിക്കാന്‍ പോലീസ് കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ്‌ ഗവര്‍ണര്‍ അനസൂയ ഉയ്‌കെ ഉത്തരവ് പുറപ്പെടുവിച്ചത്.

ചുരാചന്ദ്പൂരിലെ ഗാന്‍പിമുളിലുള്ള അതിര്‍ത്തി സുരക്ഷാ സേനയുടെ (ബിഎസ്എഫ്) സബ്സിഡിയറി ട്രെയിനിങ് സെന്ററില്‍ (എസ്ടിസി)ആണ് താത്കാലിക ജയില്‍ അനുവദിച്ചിരിക്കുന്നത്. മണിപ്പൂരിലെ മലയോരമേഖലയില്‍ തടങ്കല്‍ സൗകര്യം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തരവ്.

കുകി-മെയ്തി വിഭാഗങ്ങള്‍ തമ്മില്‍ മെയ് മൂന്നിനാരംഭിച്ച സംഘര്‍ഷത്തില്‍ കഴിഞ്ഞ നാല് മാസത്തില്‍ ചുരാചന്ദ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത 2700 കേസുകളില്‍ വെറും 25 ആളുകളെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അറസ്റ്റ് ചെയ്ത അക്രമകാരികളെ മലനിരകളിലേക്ക് കൊണ്ട് പോവുന്നത് കൂടുതല്‍ ആക്രമണങ്ങള്‍ക്കും അപകടങ്ങള്‍ക്കും വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്ത എല്ലാവരേയും അന്നേ ദിവസം തന്നെ ജാമ്യത്തില്‍ വിട്ടയക്കേണ്ട സ്ഥിതി വന്നുവെന്നും പോലീസ് പറയുന്നു. മോചിപ്പിച്ചവരില്‍ ആയുധ നിയമം , നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളില്‍ അറസ്റ്റ് ചെയ്തവരും ഉള്‍പ്പെടുന്നുവെന്നാണ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

'ഇംഫാലില്‍ ഒരു ജയില്‍ മാത്രമേയുള്ളൂ. കുന്നുകളില്‍ നിന്ന് ആളുകളെ പിടികൂടി താഴ്വരയിലേക്ക് കൊണ്ടുപോകുന്നതിനുള്ള അപകടസാധ്യത കണക്കിലെടുക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. പാതിവഴിയില്‍ ആക്രമണങ്ങളുണ്ടായേക്കാം. ഇതാണ് അറസ്റ്റിന്റെ ദിവസം മജിസ്ട്രേറ്റുമാര്‍ പോലും ജാമ്യം നല്‍കാന്‍ നിര്‍ബന്ധിതരാകുന്നത്.' പോലീസ് പറഞ്ഞു. ജയിലുകള്‍ ഇല്ലാത്തതിനാല്‍ പലപ്പോഴും അറസ്റ്റ് ചെയ്യാന്‍ പോലും പോലീസ് മടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

'ബിഎസ്എഫ് സബ്സിഡിയറി ട്രെയിനിങ് സെന്റര്‍ വളരെ വലുതാണ്. തടങ്കല്‍ കേന്ദ്രമാക്കി മാറ്റാവുന്ന കെട്ടിടങ്ങളുടെ ഭാഗങ്ങളും മനസിലാക്കിയിട്ടുണ്ട്. പ്രദേശം ജയിലാക്കി മാറ്റാനുള്ള നടപടികള്‍ വേഗത്തില്‍ ആരംഭിക്കും. ' മണിപ്പൂര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ദ പ്രിന്റിനോട് പറഞ്ഞു.

പോലീസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം മണിപ്പൂരില്‍ മെയ് മൂന്നിന് പൊട്ടിപുറപ്പെട്ട വംശീയ കലാപത്തില്‍ ഏതാണ്ട് 200 ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും 1200ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും 50000ത്തിലധികം ആളുകള്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം 6500 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത് അതില്‍ 280 അറസ്റ്റുകള്‍ മാത്രമെ നടന്നിട്ടുള്ളുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ