INDIA

മണിപ്പൂരിൽ കുക്കികളുടെ കൂട്ട ശവസംസ്കാരം തടഞ്ഞ് ഹൈക്കോടതി; അഞ്ച് ദിവസത്തേക്ക് തത്‍സ്ഥിതി തുടരാൻ നിർദേശം

വെബ് ഡെസ്ക്

മണിപ്പൂർ സംഘർഷത്തിൽ കൊല്ലപ്പെട്ട 35 കുക്കി ഗോത്ര വിഭാഗക്കാരുടെ സംസ്കാരം തടഞ്ഞ് മണിപ്പൂർ ഹൈക്കോടതി. തത്കാലം ശവസംസ്കാരം നടത്തേണ്ടെന്നും തത്‍സ്ഥിതി തുടരാനുമാണ് കോടതി ഉത്തരവ്. അതേസമയം കേന്ദ്ര ആഭ്യന്തമന്ത്രാലയത്തിന്റെ ഉറപ്പിൻമേൽ കൂട്ട ശവസംസ്കാരം നിർത്തിവയ്ക്കുകയാണെന്ന് കുകി നേതാക്കൾ അറിയിച്ചു.

മെയ് മാസത്തിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 120ലേറെപ്പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 35 കുക്കികളുടെ മൃതദേഹമാണ് കൂട്ടത്തോടെ സംസ്കരിക്കാൻ ഗോത്ര സംഘടനയായ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) തീരുമാനിച്ചത്. ഇതിനെതിരെ മെയ്തി വിഭാഗക്കാരാണ് കോടതിയെ സമീപിച്ചത്. ഇന്ന് 11 മണിക്ക് കൂട്ട ശവസംസ്കാരം നിശ്ചയിച്ച സാഹചര്യത്തിൽ മണിപ്പൂർ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എം വി മുരളീധരന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, പുലർച്ചെ അറ് മണിക്ക് വാദം കേൾക്കുകയായിരുന്നു.

ചുരാചന്ദ്പൂരിലെ ഹവോലായ് ഖോപി ഗ്രാമത്തിലെ നിർദിഷ്ട ശ്മശാന സ്ഥലത്ത് തത്‍സ്ഥിതി തുടരാൻ കോടതി നിർദേശിച്ചു. കുക്കി വിഭാഗക്കാർക്ക് ശ്മശാനത്തിനായി മറ്റൊരു സ്ഥലം കണ്ടെത്തി അപേക്ഷ നൽകാമെന്ന് കോടതി വ്യക്തമാക്കി. മേഖലയിൽ സമാധാനം ഉറപ്പാക്കണമെന്ന് സംസ്ഥാന - കേന്ദ്ര സർക്കാരുകൾക്ക് മണിപ്പൂർ ഹൈക്കോടതി നിർദേശം നൽകി. അഞ്ച് ദിവസത്തേക്കാണ് മൃതദേഹങ്ങളുടെ കൂട്ട സംസ്കാരം തടഞ്ഞത്. അടുത്ത ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും.

പ്രദേശത്ത് ഇന്നലെ മുതൽ സംഘർഷം നിലനിൽക്കുകയാണ്. ഇന്ന് സംസ്കാരം നടത്തുമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു മെയ്തി വിഭാഗം. സംഘർഷ സാധ്യത കണക്കിലെടുത്ത് ബിഷ്ണുപൂർ-ചുരാചന്ദ്പൂർ ജില്ലാ അതിർത്തിയിലേക്ക് അധിക സുരക്ഷാ സേനയെ എത്തിച്ചു. ആഴ്ചകൾ പഴക്കമുള്ള മൃതദേഹങ്ങൾ വരെ സംസ്കാരിക്കാനുള്ളവയുടെ കൂട്ടത്തിലുണ്ട്. ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളുടെ ശരീരം സംരക്ഷിച്ചിരിക്കുന്നത് വെളുത്ത മത്തങ്ങകളും ഐസ് കട്ടകളും ഉപയോഗിച്ചാണ്. ഒൻപത് കോൾഡ് സ്റ്റോറേജ് യൂണിറ്റുകൾ മാത്രമാണ് ഈ ആശുപത്രിയിൽ ഉള്ളത്.

സംസ്കാരം നടത്താൻ ഉദ്ദേശിച്ച സ്ഥലം മെയ്തി വിഭാഗത്തിന്റെ പ്രദേശമായ ബിഷ്ണുപുർ ജില്ലയിലാണെന്നും ചുരാചന്ദ്പുർ ജില്ലയ്ക്കപ്പുറം സംസ്കാരം നടത്തിയാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും കോ ഓർഡിനേറ്റിങ് കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റി (കൊകോമി) മുന്നറിയിപ്പു നൽകിയിരുന്നു. സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിഷയത്തിൽ ഇടപെട്ടത്. ശ്മശാനം നിയമവിധേയമാക്കിത്തരും എന്നതടക്കം അഞ്ച് വിഷയങ്ങളിൽ ആഭ്യന്തരമന്ത്രാലയം ഉറപ്പു നൽകിയെന്നും അത് പാലിക്കപ്പെട്ടില്ലെങ്കിൽ മുൻ നിശ്ചയിച്ച പ്രകാരം ചടങ്ങുകളുമായി മുന്നോട്ടുപോകുമെന്നും ഐടിഎൽഎഫ് വ്യക്തമാക്കി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?