INDIA

വീണ്ടും സംഘര്‍ഷഭൂമിയായി മണിപ്പൂര്‍: മുഖ്യമന്ത്രിയുടെ വസതി ആക്രമിക്കാന്‍ ശ്രമം, ക്രിസ്തീയ ദേവാലയങ്ങള്‍ക്കു നേരെയും പ്രതിഷേധം

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാസേനയ്ക്ക് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കേണ്ടി വന്നു

വെബ് ഡെസ്ക്

ജിരിബാമില്‍ തട്ടിക്കൊണ്ടുപോയ ആറു പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മണിപ്പൂരിലെ സ്ഥിതി വീണ്ടും വഷളായി. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ്ങിന്‌റെ വസതിയിലേക്ക് ഇന്നലെ വൈകിട്ട് പ്രതിഷേധക്കാര്‍ ഇരച്ചു കയറാന്‍ ശ്രമിച്ചു. ഇത് സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുള്ള വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാസേനയ്ക്ക് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കേണ്ടി വന്നു.

സുരക്ഷ കണക്കിലെടുത്ത് ഇംഫാല്‍ ടൗണില്‍ കരസേനയെയും അസം റൈഫിള്‍സിനെയും വിന്യസിച്ചിരിക്കുകയാണ്. ജിരിബാമില്‍ ക്രിസ്തീയ ദേവാലയങ്ങള്‍ക്കു നേരെയും വ്യാപക ആക്രമണമുണ്ടായി. അഞ്ച് പള്ളികള്‍ക്കും ആറ് വീടുകള്‍ക്കും തീയിട്ടു. ഐസിഐ ചര്‍ച്ച്, സാല്‍വേഷന്‍ ആര്‍മി പള്ളി , ഇഎഫ്‌സിഐ പള്ളി എന്നിവ ആക്രമിച്ച പള്ളികളില്‍ പെടുന്നു.

മണിപ്പൂര്‍ നദിയില്‍ നിന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ കാണാതായ ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധം വീണ്ടും ശക്തമായത്. തിങ്കളാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആയുധധാരികളായ 10 കുക്കി പുരുഷന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമത്തെ തുടര്‍ന്ന് ആറ് കുടുംബാംഗങ്ങളെ കാണാതായിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ ജിരിബാം ജില്ലയില്‍ കുക്കി ആദിവാസി വിഭാഗത്തില്‍പ്പെട്ട 31 കാരിയായ ഹ്‌മാര്‍ ഗ്രൂപ്പിലെ സ്ത്രീയെ ജീവനോടെ ചുട്ടുകൊന്നിരുന്നു.

ആറ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വീണ്ടും ഏര്‍പ്പെടുത്തിയ സായുധ സേനയ്ക്ക് അനിയന്ത്രിതമായ അധികാരം നല്‍കുന്ന വിവാദ നിയമമായ സായുധ സേന (പ്രത്യേക അധികാരങ്ങള്‍) നിയമം അല്ലെങ്കില്‍ AFSPA പുനഃപരിശോധിക്കാനും പിന്‍വലിക്കാനും മണിപ്പൂര്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ സെക്മായി പിഎസ്, ലംസാംഗ് പിഎസ്, ഇംഫാല്‍ ഈസ്റ്റിലെ ലാംലായ്, ബിഷ്ണുപൂരിലെ മൊയ്റാംഗ്, കാങ്പോക്പിയിലെ ലെയ്മഖോങ്, ജിരിബാം ജില്ലയിലെ ജിരിബാം എന്നിവിടങ്ങളില്‍ നവംബര്‍ 14-ന് ആഭ്യന്തര മന്ത്രാലയം അഫ്സ്പ വീണ്ടും ഏര്‍പ്പെടുത്തി. കേന്ദ്രം അധിക സുരക്ഷാ സേനയെ അയക്കുകയും രണ്ട് സമുദായങ്ങളിലെയും അക്രമാസക്തരായ അംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടി വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

നേരത്തേ രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടുകളിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയിരുന്നു. തുടര്‍ന്ന് ജില്ലയില്‍ അനിശ്ചിതകാലത്തേക്ക് ഇംഫാല്‍ വെസ്റ്റ് ഭരണകൂടം നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ്, ബിഷ്ണുപൂര്‍, തൗബാല്‍, കാക്ചിങ്, കാങ്‌പോക്പി, ചുരാചന്ദ്പൂര്‍ എന്നിവിടങ്ങളില്‍ രണ്ട് ദിവസത്തേക്ക് ഇന്‌റര്‍നെറ്റും മൊബൈല്‍ ഡേറ്റ സേവനങ്ങളും അധികൃതര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇംഫാലിലും ബിഷ്ണുപൂരിലും എംഎൽഎമാരുടെയും മന്ത്രിമാരുടെയും വീടുകൾ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്ത 23 പേരെ അറസ്റ്റ് ചെയ്തു. ഒരു പിസ്റ്റൾ, ഏഴ് റൗണ്ട് സിംഗിൾ ബാരൽ ബ്രീച്ച് ലോഡർ (എസ്എസ്ബിഎൽ) വെടിമരുന്ന്, എട്ട് മൊബൈൽ ഫോണുകൾ എന്നിവയും പോലീസ് കണ്ടെടുത്തു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം