INDIA

മണിപ്പൂരിന്റെ പ്രാദേശിക സ്വഭാവം നിലനിർത്തണം; കേന്ദ്രമന്ത്രിമാരെ കണ്ട് മേയ്തി എംഎല്‍എമാർ

കുക്കി-സോമി വിമത ഗ്രൂപ്പുകളുമായുള്ള ത്രികക്ഷി കരാറില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്ന് മേയ്തി എംഎൽഎമാർ

വെബ് ഡെസ്ക്

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ കേന്ദ്രമന്ത്രിമാരുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി മേയ്തി വിഭാഗം. മേയ്തി വിഭാഗത്തിൽനിന്നുള്ള 30 എംഎല്‍എ മാരാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്. മണിപ്പൂരിന്റെ പ്രാദേശിക സ്വഭാവത്തിൽ എന്തെങ്കിലും മാറ്റം വരുത്തുന്നത് അംഗീകരിക്കില്ലെന്ന് എംഎൽഎമാര്‍ കേന്ദ്ര മന്ത്രിമാരെ ധരിപ്പിച്ചു. കുക്കി-സോമി വിമത ഗ്രൂപ്പുകളുമായുള്ള ത്രികക്ഷി കരാറില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.

മേയ്തി എംഎല്‍എമാരുടെ പ്രതിനിധിസംഘത്തില്‍ കൂടുതലും ബിജെപി അംഗങ്ങളായിരുന്നു. എന്‍പിപി, ജെഡിയു എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള ഓരോ എംഎല്‍എമാരും സംഘത്തിലുണ്ടായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വവുമായും എംഎൽഎമാരുടെ സംഘം കൂടിക്കാഴ്ച നടത്തും. മണിപ്പൂരില്‍ ഒരു മാസത്തിലേറെയായി നീണ്ടുനില്‍ക്കുന്ന ഏറ്റുമുട്ടലുകള്‍ക്കിടെയാണ് പ്രാദേശിക സ്വത്വത്തിനും സ്വഭാവത്തിനും ഊന്നല്‍ നൽകുന്ന ചര്‍ച്ചകളുമായി മേയ്തി വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്. മണിപ്പൂരിലെ കലാപം സംസ്ഥാനത്തിന്റെ പ്രത്യേക ഭരണം ആവശ്യപ്പെടുന്നതിലേക്ക് വരെ കുക്കി-സോമി വിഭാഗത്തെ നയിച്ച സാഹചര്യത്തിലാണ് നീക്കം.

''മണിപ്പൂരിലെ സമാധാനം എങ്ങനെ വേഗത്തില്‍ പുനഃസ്ഥാപിക്കാമെന്ന് തീരുമാനിക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നത്. അതിന്റ ഭാഗമായി പ്രതിരോധ മന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ഞങ്ങള്‍ ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ചു'' - സംഘത്തിലുണ്ടായിരുന്ന എംഎൽഎമാർ പ്രതികരിച്ചു. നിയമസഭാ സ്പീക്കര്‍, നാല് സംസ്ഥാന ക്യാബിനറ്റ് മന്ത്രിമാര്‍, മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ മരുമകന്‍ ആര്‍ കെ ഇമോ എന്നിവരും എംഎല്‍എമാരുടെ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.

മണിപ്പൂരിലെ മേയ്തി വിഭാഗക്കാരായ ബിജെപി എംഎഎൽമാര്‍ ഡൽഹിയിലെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും പ്രധാനമന്ത്രിയെ കാണാൻ അനുമതി ലഭിച്ചിരുന്നില്ല. ചൊവ്വാഴ്ച പ്രധാനമന്ത്രി അമേരിക്കൻ സന്ദര്‍ശനത്തിന് പുറപ്പെട്ട സാഹചര്യത്തിലാണ് പ്രതിരോധമന്ത്രിയേയും ധനമന്ത്രിയേയും ബിജെപി നേതൃത്വത്തേയും കണ്ട് എംഎൽഎമാര്‍ മടങ്ങുന്നത്. മണിപ്പൂര്‍ വിഷത്തിൽ പ്രധാനമന്ത്രി മൗനം തുടരുന്നതിനെതിരെ പ്രതിപക്ഷവും സംസ്ഥാനത്ത് നിന്നുള്ള ബിജെപി അംഗങ്ങളും പ്രതിഷേധം അറിയിച്ചിരുന്നു.

മണിപ്പൂരിൽ അന്തരീക്ഷം കലാപകലുഷിതമായ സാഹചര്യത്തിൽ ഇംഫാൽ താഴ്‌വരയെ ബഫര്‍ സോണുകളാക്കി തിരിച്ച് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് സുരക്ഷാസേന. സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപുറപ്പെട്ടതിന് പിന്നാലെ ഏറ്റവും കൂടുതൽ ആക്രമണങ്ങളും കൊലപാതകങ്ങളും കൊള്ളയടികളുമുണ്ടായ മേഖലയായതിനാലാണ് ഇംഫാൽ താഴ്വരയിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. സമാധാനം പുനഃസ്ഥാപിക്കുന്നത് വരെ മേയ്തി, കുക്കി വിഭാഗങ്ങൾ വ്യത്യസ്ത മേഖലകളിൽ തുടരുന്നുവെന്ന് ഉറപ്പാക്കാനാണ് സൈന്യത്തിന്റെ ഇടപെടൽ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ