കേന്ദ്ര സർക്കാരിനെതിരെ സഖ്യകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ (എൻപിഎഫ്) മണിപ്പൂരിൽനിന്നുള്ള എംപി ലോർഹൊ ഫോസെ രംഗത്ത്. മണിപ്പൂർ അവിശ്വാസപ്രമേയ ചർച്ചയിൽ സംസാരിക്കരുതെന്ന് ബിജെപി നിർദേശിച്ചതായി ലോർഹൊ ഫോസെ ആരോപിക്കുന്നു. മണിപ്പൂർ ജനതയുടെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കണമെന്ന തന്റെ ആഗ്രഹം നടക്കാതെ പോയെന്നും അദ്ദേഹം പറയുന്നു.
''സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ അക്രമം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഘടകകക്ഷികളോടും ഇന്ത്യൻ ജനതയോടും സംസാരിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, മണിപ്പൂരിനെ കുറിച്ചുള്ള എല്ലാ വശങ്ങളും ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കുമെന്നും അതിനാൽ ചർച്ചയിൽനിന്ന് മാറിനിൽക്കണമെന്നുമായിരുന്നു ബിജെപി നേതൃത്വത്തിന്റെ നിർദേശം'' - ലോർഹെ ഫോസെ പറഞ്ഞു.
സംസാരിക്കാൻ അവസരം നൽകണമെന്ന് സ്പീക്കറോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നില്ലെന്ന് ലോർഹൊ ഫോസെ വ്യക്തമാക്കുന്നു. ആവശ്യപ്പെട്ടിരുന്നെങ്കിലും അവസരം ലഭിക്കുമായിരുന്നില്ലെന്നാണ് അദ്ദേഹം അതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ എൻപിഎഫിന് സംസാരിക്കാൻ അവസരം നൽകിയിരുന്നെങ്കിൽ ജനങ്ങളിൽ വിശ്വാസം തിരിച്ചുപിടിക്കാൻ കേന്ദ്ര സർക്കാരിനാകുമായിരുന്നെന്ന് ലോർഹൊ ഫോസെ പറയുന്നു. മണിപ്പൂരിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഏറ്റവുംവ്യക്തമായി അവതരിപ്പിക്കാനാകുമായിരുന്നത് തനിക്കാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നേരത്തെ മണിപ്പൂരിൽനിന്നുള്ള എംപിമാർക്ക് സംസാരിക്കാൻ അവസരം നൽകാത്തതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
അതിനിടെ, മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മ്യാൻമർ അതിർത്തിഗ്രാമമായ മൊറേയിൽനിന്ന് രക്ഷപ്പെട്ട 230ലേറെ മെയ്തികൾ ഇപ്പോഴും കാട്ടിൽ ഒറ്റപ്പെട്ട് കഴിയുകയാണ്. ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മ്യാൻമർ മേഖലയിലേക്ക് കടന്നവരാണ് തിരിച്ചുവരവ് സാധ്യമാകാതെ കാട്ടിലകപ്പെട്ടത്. മ്യാൻമർ ദേശീയപാതയ്ക്ക് സമീപമാണ് ഇവർ കുടുങ്ങി കിടക്കുന്നത്. താത്കാലികമായി സുരക്ഷിത സ്ഥാനം നേരിയെന്ന ആശ്വാസത്തിലുന്നവർ ഇപ്പോൾ, പുറത്തുകടക്കാനാവാത്ത അവസ്ഥയിലാണ്. മേഖലയാകെ കുകി-സോ ഗോത്രവർഗങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്നതിനാൽ എങ്ങനെ പുറത്തിറങ്ങുമെന്ന് ഇവർക്കറിയില്ല. നിബിഡവനത്തിൽ ടെൻഡുകളിൽ കഴിയുന്ന മെയ്തി കുടുംബങ്ങളെ പുറത്തെത്തിക്കാൻ സൈന്യവും സർക്കാരും സഹായിക്കണമെന്ന ആവശ്യത്തിലാണ് സംഘം.
കുകികളും മെയ്തികളും സജീവമായിരുന്ന അതിർത്തിഗ്രാമമാണ് മൊറേ. ചുരാചന്ദ്പൂരിൽ കലാപം പൊട്ടിപുറപ്പെട്ടതിന് പിന്നാലെ ഇവിടെയും സ്ഥിതിഗതികൾ വഷളാകുകയായിരുന്നു. വീടുകൾക്ക് നേരെ കല്ലേറും തീയിടൽ നീക്കങ്ങളും നടന്നപ്പോഴാണ് അതിർത്തികടന്ന് താത്കാലിക അഭയം തേടാൻ ശ്രമിച്ചത്. സൈന്യത്തെ വിന്യസിച്ചിട്ടും മേഖലയിൽ സ്ഥിതിഗതികൾ സുരക്ഷിതമായിരുന്നില്ലെന്നും മെയ്തികൾ ചൂണ്ടിക്കാട്ടുന്നു. അന്ന് നഗരം വിട്ടിലായിരുന്നെങ്കിൽ വീടുകൾക്കൊപ്പം തങ്ങളേയും ചുട്ടെരിക്കുമായിരുന്നെന്നും മെയ്തി സംഘം പറയുന്നു. കാട്ടിൽ സ്ഥാപിച്ച താത്കാലിക ടെൻഡുകൾ തകർന്നനിലയിലും ആവശ്യത്തിന് ഭക്ഷണമില്ലാത്ത സാഹചര്യവുമാണ്. അതിനൊപ്പം ഡെങ്കിപ്പനി അടക്കമുള്ള അസുഖങ്ങളും പൊട്ടിപ്പുറപ്പെട്ടു തുടങ്ങി.
200ലധകിം ആളുകളുള്ള സംഘത്തെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വ്യക്തമാക്കിയിരുന്നു. എന്നാൽ തിരിച്ചെത്തിയാലും സുരക്ഷിതത്വമുണ്ടാകുമോ എന്ന ഭയം ഇവർക്കുണ്ട്.