INDIA

മണിപ്പൂർ കലാപം അന്വേഷിക്കാൻ മൂന്നംഗ സമിതി; ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അധ്യക്ഷൻ

അക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെടാനും വ്യാപിക്കാനുമുണ്ടായ കാരണങ്ങളാകും പ്രധാനമായും കമ്മീഷൻ പരിശോധിക്കുക

വെബ് ഡെസ്ക്

ഒരുമാസത്തോളം നീണ്ടുനിന്ന മണിപ്പൂരിലെ വംശീയ കലാപത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലാണ് അന്വേഷണ കമ്മീഷൻ. വിരമിച്ച ഐഎഎസ് , ഐപിഎസ് ഉദ്യോഗസ്ഥരായ ഹിമാൻഷു ശേഖർ ദാസ്, അലോക പ്രഭാകർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

80ലധികം പേരുടെ ജീവനെടുത്ത അക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെടാനും വ്യാപിക്കാനുമുണ്ടായ കാരണങ്ങളാകും പ്രധാനമായും കമ്മീഷൻ പരിശോധിക്കുക. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നതും അന്വേഷണ വിധേയമാക്കും. ആറ് മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് അന്വേഷണസമിതി പ്രഖ്യാപനം.

അതിനിടെ ഇംഫാൽ-ദിമാപൂർ ദേശീയ പാതയിലെ ഉപരോധം പിൻവലിക്കണമെന്ന് മണിപ്പൂര്‍ ജനതയോട് അമിത് ഷാ ആവശ്യപ്പെട്ടു. ഉപരോധം നീക്കിയാൽ മാത്രമെ ഭക്ഷണസാധനങ്ങൾ, മരുന്ന്, ഇന്ധനം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ലഭ്യമാക്കാനാകൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ട്വീറ്റ് ചെയ്തു. മണിപ്പൂരിനെ പഴയതുപോലെ സുന്ദരമാക്കിയെടുക്കാൻ സമവായനീക്കങ്ങൾക്കായി സിവിൽ സൊസൈറ്റി സംഘടനകളുടെ സഹായം ആവശ്യപ്പെട്ടു. എല്ലാവരും ഒന്നിച്ച് നിന്നാൽ മാത്രമെ മണിപ്പൂരിനെ സാധാരണനിലയിലേക്ക് മടക്കിക്കൊണ്ടുവരാനാകൂവെന്നും അമിത് ഷാ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സമാധാന നീക്കങ്ങള്‍ക്ക് പിന്നാലെ മണിപ്പൂരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെട്ടിരുന്നു. അഞ്ച് ജില്ലകളില്‍ കർഫ്യൂ പൂര്‍ണമായും പിൻവലിക്കുകയും മറ്റിടങ്ങളില്‍ ഏതാനും മണിക്കൂറുകൾ ഇളവ് അനുവദിക്കുകയും ചെയ്തു. അനുമതിയില്ലാതെ സൂക്ഷിച്ചിരിക്കുന്ന ആയുധങ്ങള്‍ തിരികെ നല്‍കണമെന്ന അമിത്ഷായുടെ നിര്‍ദേശ പ്രകാരം നിരവധിപേര്‍ പോലീസ് സ്‌റ്റേഷനിലെത്തി ആയുധങ്ങള്‍ വച്ച് കീഴടങ്ങിയിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കഴിഞ്ഞ ദിവസം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. 10 ലക്ഷം രൂപയും മരിച്ചയാളുടെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കുമെന്നാണ് പ്രഖ്യാപനം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ