പെട്രോള്‍ ലിറ്ററിന് 100 രൂപ പോലും വലിയ പ്രതിഷേധമുയര്‍ത്തുന്ന നാട്ടില്‍ 200 രൂപ നല്‍കി ഇന്ധനം നിറയ്‌ക്കേണ്ട ഗതികേടിലാണ് ഒരു ജനത. എടിഎമ്മില്‍ പണമില്ല. അവശ്യമരുന്നുകളോ സാധനങ്ങളോ ദുര്‍ലഭം. എത്രനാള്‍ കൂടി ഈ ദുരിതം നീളുമെന്ന് അറിയാത്ത ആ അനിശ്ചിതത്വത്തിന്‌റെ പേരാണ് ഇന്ന് മണിപ്പൂര്‍.
ഒരുമാസം നീണ്ടുനിന്ന കലാപം അമര്‍ന്നു. പക്ഷേ നിത്യജീവിതം ഇന്നും സംഘര്‍ഷഭരിതമാണ് മണിപ്പൂരുകാര്‍ക്ക്. ദേശീയപാതയിലെ ഉപരോധത്തെ തുടര്‍ന്ന് ചരക്കുനീക്കം നിലച്ചതാണ് ഇംഫാല്‍ താഴ്‌വരയില്‍ ജീവിതം ദുരിതത്തിലാക്കിയത്. ആഴ്ചകളായി ഇതേ അവസ്ഥയിലാണ് മണിപ്പൂർ ജനത.
മെയ്തീ സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കുന്നതിനെതിരെ മണിപ്പൂര്‍ ഓള്‍ ട്രൈബല്‍ സ്റ്റുഡന്‌റ്‌സ് യൂണിയന്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ മെയ് മൂന്നിനാണ് സംസ്ഥാനത്ത് സംഘര്‍ഷം ഉടലെടുക്കുന്നത്. മെയ്തീ, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനും കലാപത്തിനും ഇത് വഴിവച്ചു. ഒരുമാസത്തോളം നീണ്ട സംഘര്‍ഷത്തില്‍ 98 പേര്‍ മരിച്ചെന്നും 310 പേര്‍ക്ക് പരുക്കേറ്റെന്നുമാണ് സര്‍ക്കാരിന്‌റെ ഔദ്യോഗിക കണക്ക്. ഒരിക്കലും പറഞ്ഞു തീര്‍ക്കാനാകാത്ത ശത്രുതയിലേക്കാണ് രാജ്യത്തെ രണ്ട് സമുദായങ്ങള്‍ ഇന്ന് ചെന്നെത്തിയിരിക്കുന്നത്.
കലാപത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക് സ്വന്തം നാടും വീടും വിട്ടിറങ്ങേണ്ടി വന്നു. മണിപ്പൂരിന്‌റെ ഇതര ഭാഗങ്ങളിലേക്ക് മാത്രമല്ല, കിലോമീറ്ററുകള്‍ക്കപ്പുറം ഗുവഹത്തിയിലും ഡല്‍ഹിയിലുമടക്കം അഭയം തേടിവന്നു പലര്‍ക്കും. മറ്റ് സംസ്ഥാനങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെക്കാള്‍, ദുരിതത്തിലാണ് കലാപമതിജീവിച്ച് മണിപ്പൂരില്‍ കഴിയുന്നവര്‍.
ഒരുമാസത്തോളം ഇന്‌റര്‍നെറ്റ് സംവിധാനമില്ല, ദേശീയ പാത അടഞ്ഞു കിടക്കുന്നു. രാജ്യത്തിന്‌റെ മറ്റുഭാഗങ്ങളില്‍ നിന്ന് പൂര്‍ണമായും ഒറ്റപ്പെട്ട് കഴിയുകയായിരുന്നു ഇവിടുത്തുകാർ. കര്‍ഫ്യൂ ഇളവ് വരുത്തിയെങ്കിലും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് മണിക്കൂറുകള്‍ മാത്രമാണ്. അവശ്യസാധനങ്ങളുടെ ലഭ്യത കുറവ് വിലവര്‍ധനയ്ക്ക് കാരണമായി.
ഒരു കിലോ അരിക്ക് കലാപത്തിന് മുന്‍പ് 30 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോഴത് ഇരട്ടിയായി 60 രൂപയിലെത്തി. ഒരുകിലോ സവാളയുടെ വില 35ല്‍ നിന്ന് 70ലേക്ക് ഉയര്‍ന്നു. 15 രൂപ വിലയുണ്ടായിരുന്നു ഉരുളക്കിഴങ്ങിനിപ്പോള്‍ 40 രൂപയാണ് വില. ഒരു മുട്ടയ്ക്ക് നേരത്തെ ആറ് രൂപയായിരുന്നി വിലയെങ്കില്‍ നാല് രൂപ കൂടി ഇപ്പോള്‍ വര്‍ധിച്ചു.
ഇന്ധനക്ഷാമം മൂലം പല പെട്രോള്‍ പമ്പുകളും അടച്ചിരിക്കുകയാണ്. തുറന്ന് പ്രവര്‍ത്തിക്കുന്ന പല പമ്പുകളിലും ഇന്ധനം നിറയ്ക്കാന്‍ മണിക്കൂറുകള്‍ വരിനില്‍ക്കണം. കരിഞ്ചന്തയില്‍ ലിറ്ററിന് 200 രൂപവരെയാണ് പെട്രോളിന് ഈടാക്കുന്നത്.
എടിഎമ്മില്‍ പണമില്ലാതെ എങ്ങനെയാണ് സാധനങ്ങള്‍ വാങ്ങാനാകുക. ബാങ്കുകള്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 2000 രൂപ പിന്‍വലിക്കാനുള്ള ആര്‍ബിഐ തീരുമാനം പോലും അസാധാരണമായ രീതിയില്‍ ബാധിക്കുന്നു എന്നതാണ് മണിപ്പൂരിലെ യാഥാര്‍ഥ്യം. അവശ്യമരുന്നുകളുടെ ദൗര്‍ലഭ്യം ദുരുതാശ്വാസ ക്യാമ്പുകളെയാണ് കൂടുതലായി ബാധിക്കുന്നത്. ആളുകള്‍ കൂട്ടത്തോടെ സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കുന്നതും മറ്റൊരു പ്രതിസന്ധിയാണ്.
അവശ്യവസ്തുക്കള്‍ റെയില്‍ മാര്‍ഗം എത്തിക്കുന്നതിനടക്കമുള്ള നടപടികള്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. ദേശീയപാത രണ്ടിലെ ഉപരോധം അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ രംഗത്തെത്തി. അഭ്യര്‍ഥന മാനിക്കാന്‍ പ്രക്ഷോഭകര്‍ തയ്യാറായില്ലെങ്കില്‍ മണിപ്പൂര്‍ ജനതയുടെ ദുരിതത്തിന് ഉടനൊന്നും അറുതിയാകില്ല.