INDIA

വീണ്ടും അശാന്തി നിഴലിക്കുന്ന മണിപ്പൂര്‍, ജിരിബാമില്‍ ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹം കണ്ടെത്തി

അസം അതിര്‍ത്തിയോട് ചേര്‍ന്ന ജിരിബാമിലാണ് അക്രമങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്

വെബ് ഡെസ്ക്

ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മണിപ്പൂര്‍ അശാന്തമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ജിരിബാമില്‍ തട്ടിക്കൊണ്ടുപോയ മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടരെന്ന് സംശയിക്കുന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ ആറുപേരില്‍ ഉള്‍പ്പെട്ട മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹം ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേതുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ടെത്തിയ മൃതദേഹങ്ങള്‍ ബന്ദികളാക്കപ്പെട്ടവരുടേത് തന്നെയാണോ എന്നതില്‍ ഇതുവരെ സ്ഥിരീകരണമില്ല. ജിരി പുഴയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അസമിലെ സില്‍ച്ചറില്‍ എത്തിച്ചു.

നവംബര്‍ ആദ്യവാരത്തിലായിരുന്നു മണിപ്പൂരില്‍ വീണ്ടും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അസം അതിര്‍ത്തിയോട് ചേര്‍ന്ന ജിരിബാമിലാണ് അക്രമങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 7 മുതല്‍ 13 മരണങ്ങളും മണിപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മണിപ്പൂരിലെ അക്രമം വര്‍ധിച്ചതിന് പിന്നാലെ 2,500-ഓളം അധിക അര്‍ധസൈനികരെകൂടി സംസ്ഥാനത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ 19 മാസമായി സംസ്ഥാനത്ത് ഇപ്പോള്‍ 29,000-ത്തിലധികം പേര്‍ അടങ്ങുന്ന 218 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനകകളെ വിന്യസിച്ചിട്ടുണ്ട്. സൈന്യവും അസം റൈഫിള്‍സും സുരക്ഷ ഉറപ്പിക്കാന്‍ രംഗത്തുണ്ട്.

ഇതിനിടെ, തട്ടിക്കൊണ്ടുപോയ മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇംഫാല്‍ താഴ്‌വരയില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ജിരിബാമില്‍ സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 10 മാര്‍ ഗോത്രവിഭാഗക്കാര്‍ക്കു വേണ്ടി കുക്കി ഭൂരിപക്ഷ ജില്ലകളിലും പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ അര്‍ധ സൈനിക വിഭാഗങ്ങളെ സംസ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ജിരിബാമില്‍ ക്യാംപ് ചെയ്താണ് തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നത്.

അക്രമങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ സംഘര്‍ഷ ബാധിതമായ ജിരിബാം ഉള്‍പ്പെടെയുള്ള ആറ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ആര്‍മ്ഡ് ഫോഴ്‌സ് (സ്‌പെഷ്യല്‍ പവര്‍) ആക്റ്റ് (അഫ്‌സ) പ്രഖ്യാപിച്ചു. മണിപ്പുരിലെ അസ്ഥിരാവസ്ഥ കണക്കിലെടുത്താണ് സായുധ സേനാ പ്രത്യേകാധികാര നിയമം മണിപ്പൂരില്‍ വീണ്ടും നടപ്പിലാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പടിഞ്ഞാറന്‍ ഇംഫാല്‍ ജില്ലയിലെ സെക്മായ്, ലംസാങ്, കിഴക്കന്‍ ഇംഫാല്‍ ജില്ലയിലെ ലംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്പോക്പിയിലെ ലെയ്മഖോങ്, ബിഷ്ണുപൂരിലെ മൊയ്റാംഗ് എന്നിവയാണ് അഫ്സ്പ വീണ്ടും ഏര്‍പ്പെടുത്തിയ പോലീസ് സ്റ്റേഷന്‍ മേഖലകള്‍.

അദാനിയില്‍ തട്ടിയുലഞ്ഞ് മഹാരാഷ്ട്ര രാഷ്ട്രീയം; 'മനുഷ്യനാണ്, നാക്കു പിഴ സംഭവിക്കാ'മെന്ന് പറഞ്ഞ് തലയൂരി അജിത് പവാര്‍

മണിപ്പൂരില്‍ പ്രതിഷേധം ശക്തമാകുന്നു; ഇന്റര്‍നെറ്റ്, മൊബൈല്‍ ഡേറ്റ സേവനങ്ങള്‍ നിര്‍ത്തിവെച്ച് അധികൃതര്‍

ലക്ഷ്യം ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങള്‍; ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ വ്യോമാക്രമണവുമായി ഇസ്രയേല്‍

'ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ഉദ്ദേശ്യമില്ല'; ബൈഡന്‍ ഭരണകൂടത്തിന് ഇറാന്റെ സന്ദേശം

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്