വംശീയ കലാപത്തിൽ എൺപതിലേറെ പേര്‍ കൊല്ലപ്പെട്ട മണിപ്പൂരിൽ ഞായറാഴ്ച വീണ്ടുമുണ്ടായ അക്രമസംഭവങ്ങളിൽ ഒരു പോലീസുകാരനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച മണിപ്പൂരിലെത്തുന്നതിനിടെയാണ് പുതിയ അക്രമസംഭവങ്ങള്‍.
അക്രമികളായ 40 പേരെ പോലീസും സൈന്യവും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി ബിരേൻ സിങ് അവകാശപ്പെട്ടത്. കലാപത്തിനിടെ കൊല്ലപ്പെട്ട കുകി ഗോത്രവിഭാഗത്തിലെ ആളുകളെ അക്രമികളെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. മണിപ്പൂരിലിപ്പോൾ നടക്കുന്നത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്നും കുകികളും സുരക്ഷാസേനയും തമ്മിലാണെന്നും ബിജെപി സര്‍ക്കാര്‍ അവകാശപ്പെടുന്നു.
കുകി താവളങ്ങൾ ലക്ഷ്യമിട്ട് പോലീസും സൈന്യവും സംയുക്തമായാണ് തിരച്ചിലും ഏറ്റുമുട്ടലും നടത്തുന്നത്. അമിത് ഷാ സംഘര്‍ഷ ബാധിത പ്രദേശം സന്ദര്‍ശിക്കുമെന്നറിയിച്ചതിന് പിന്നാലെയായിരുന്നു കുകികളെ ലക്ഷ്യമിട്ട് സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയത്. ഓപ്പറേഷന്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് അറിയിക്കുന്നു.
കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ കഴിഞ്ഞ ദിവസം മണിപ്പൂരിലെത്തി സാഹചര്യം വിലയിരുത്തിയിരുന്നു. തോക്കുകളും സ്നിപ്പര്‍ ഗണ്ണുകളും ഉപയോഗിച്ച് കുകി അക്രമികള്‍ സാധാരണക്കാര്‍ക്കെതിരെ ആക്രമണം നടത്തുകയാണെന്ന് പോലീസ് പറയുന്നു. ഗ്രാമങ്ങളിലെ വീടുകള്‍ക്ക് അക്രമികൾ തീവയ്ക്കുകയും നിരായുധരായ സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്‌തെന്നും മുഖ്യമന്ത്രി ആരോപിച്ചു.
മണിപ്പൂരിലെ പ്രധാന സാമുദായമായ മേയ്തി വിഭാഗത്തെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്താനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് സംസ്ഥാനത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധവുമായി കുകികൾ രംഗത്തെത്തിയതോടെ മെയ് 3ന് ആരംഭിച്ച വംശീയകലാപം ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച വീണ്ടും ശക്തിപ്പെട്ടു. സംഘര്‍ഷത്തില്‍ ഇതുവരെ 80 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ആയിരത്തിലധികം വീടുകള്‍ കത്തിനശിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുകികളെ സംരക്ഷിത വനമേഖലയില്‍ നിന്ന് മാറ്റിപാര്‍പ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പ്രതിഷേധം ഇരട്ടിയാക്കി. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ആസൂത്രിതമായി ഗോത്ര വിഭാഗത്തെ വനങ്ങളില്‍ നിന്നും നീക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കുകികളുടെ ആരോപണം. ഇംഫാലിലും ചുരാചന്ദ്പൂരിലുമെല്ലാം കുകികള്‍ക്ക് നേരെ വലിയതോതില്‍ ആക്രമണങ്ങളുണ്ടായി.