INDIA

കലാപമടങ്ങാതെ മണിപ്പൂർ; സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രം; രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ്

ആക്രമണത്തിനിരയായ ബിജെപി എംഎല്‍എ അത്യാസന്ന നിലയിൽ

വെബ് ഡെസ്ക്

മണിപ്പൂരില്‍ ഗവര്‍ണറുടെ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിന് പിന്നാലെയും പ്രക്ഷോഭത്തിന് അയവില്ല. ആള്‍ക്കൂട്ട ആക്രമണത്തിനിരയായ ബിജെപി എംഎല്‍എ അത്യാസന്ന നിലയിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം അമിത് ഷാ രാജിവയ്ക്കണമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് മടങ്ങുന്നതിനിടെ ഇംഫാലില്‍ വച്ചായിരുന്നു ബിജെപി എംഎല്‍എ വുങ്സാഗിന്‍ വാല്‍ട്ടെക്ക് നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ എംഎല്‍എയെ ഇംഫാലിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (RIMS) പ്രവേശിപ്പിച്ചു. രോഷാകുലരായി കാറിനരികിലേക്ക് ഓടിയെത്തിയ ആള്‍ക്കൂട്ടം എംഎല്‍എയെയും ഡ്രൈവറെയും മര്‍ദിക്കുകയായിരുന്നു. ഇതോടെ എംഎല്‍എയുടെ ഒപ്പമുണ്ടായിരുന്ന അംഗരക്ഷകന്‍ ഓടിക്ഷപ്പെട്ടു. കുക്കി സമുദായത്തില്‍ നിന്നുള്ള എംഎല്‍എയാണ് വാല്‍ട്ടെ. കഴിഞ്ഞ ബിജെപി മന്ത്രിസഭയില്‍ മണിപ്പൂരിലെ ട്രൈബല്‍ അഫയേഴ്‌സ് & ഹില്‍സ് മന്ത്രിയായിരുന്നു ഇദ്ദേഹം.

ബുധനാഴ്ചയാണ് ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ മണിപ്പൂരിന്‌റെ (എടിഎസ്യുഎം) നേതൃത്വത്തില്‍ 10 ജില്ലകളില്‍ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചത്. മണിപ്പൂരിലെ ജനസംഖ്യയുടെ 53% വരുന്ന മെയ്തേയ് സമുദായത്തിന് പട്ടിക വര്‍ഗ പദവി നല്‍കണമെന്നായിരുന്നു ആവശ്യം. ഇംഫാല്‍ താഴ്‌വരയില്‍ ആധിപത്യം പുലര്‍ത്തുന്ന ഗോത്രവര്‍ഗക്കാരല്ലാത്ത സമുദായമാണ് മെയ്തേയികള്‍. സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 10 ഇല്‍ ഒന്നിലാണ് ഇവര്‍ താമസിക്കുന്നത്. 10 മലയോര ജില്ലകളില്‍ മാര്‍ച്ച് സംഘടിപ്പിച്ചതിന് പുറമെ സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികളും അരങ്ങേറി. മാര്‍ച്ചിനിടെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ സായുധരായ ആള്‍ക്കൂട്ടം മെയ്തേയ് സമുദായാഗംങ്ങള്‍ക്ക് നേരെ നടത്തിയ ആക്രണമാണ് സംസ്ഥാനത്താകെ കലാപസമാനമായ സാഹചര്യം സൃഷ്ടിച്ചത്.

ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയമാണ് മണിപ്പൂരിലെ സംഘർഷത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. സമാഘാന പുനഃസ്ഥാപിക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിനെ വിമർശിച്ച കോൺഗ്രസ് അനുച്ഛേദം 356 പ്രകാരം സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. അമിത്ഷാ യെ പുറത്താക്കണമെന്നും എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ചത്. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങുമായി ടെലിഫോണില്‍ സംസാരിക്കുകയും ചെയ്തു. സമീപ സംസ്ഥാനങ്ങളായ അസം, നാഗാലാന്‍ഡ്, മിസോറാം എന്നിവിടങ്ങിളിലെ മുഖ്യമന്ത്രിമാരുമായും അമിത് ഷാ ഫോണില്‍ സംസാരിച്ചു.

റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെയും അസം റൈഫിള്‍സിന്റെ സൈനികരെയും ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് ഇതിനോടകം വിന്യസിപ്പിച്ചിട്ടുണ്ട്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും മുന്‍ സിആര്‍പിഎഫ് മേധാവിയുമായ കുല്‍ദീപ് സിങിനെ സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചതാണ് വിവരം. ഇതിന് പുറമെ, സിആര്‍പിഎഫിന്‌റെയും ബിഎസ്എഫിന്‌റെയും അടക്കം 12 കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളഎയും വിന്യസിച്ചിട്ടുണ്ട്. 10 കമ്പനി അര്‍ധസൈനികരെ വെള്ളിയാഴ്ച കൂടുതലായി നിയോഗിക്കും.

പ്രശ്‌നബാധിത മേഖലകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിച്ചുണ്ട്. ഇതിനിടെയാണ് ഷൂട്ട് അറ്റ് സൈറ്റിന് ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ഗവര്‍ണര്‍ അനുസൂയ യു കെയുടെ നടപടി. ക്രിമിനല്‍ നടപടി ചട്ടം 1973ന് കീഴിലുള്ള വ്യവസ്ഥകള്‍ പ്രകാരവും സാഹചര്യം നിയന്ത്രിക്കാന്‍ കഴിയാത്തതുമായ സന്ദര്‍ഭങ്ങളിലാണ് കലാപകാരികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിട്ടുണ്ട്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്