മണിപ്പൂരിൽ വംശീയകലാപം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ബിരേൻ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഡൽഹിയിലേക്ക്. ബുധനാഴ്ച പ്രധാനമന്ത്രി യുഎസ് സന്ദര്‍ശനത്തിന് പോകുന്നതിന് മുൻപായി സംസ്ഥാനത്തെ വിഷയം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യാനാണ് എൻ ബിരേൻ സിങ് ലക്ഷ്യമിടുന്നത്. അതിനിടെ, മണിപ്പൂരിലെ മേയ്തി വിഭാഗക്കാരായ ബിജെപി എംഎഎൽമാര്‍ ഡൽഹിയിലെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും പ്രധാനമന്ത്രിയെ കാണാൻ അനുമതി ലഭിച്ചില്ല. 10 പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളും അഞ്ച് ദിവസമായി പ്രധാനമന്ത്രിയെ കാണാൻ അനുമതിക്കായി ഡൽഹിയിൽ കാത്തിരിക്കുകയാണ്.
മണിപ്പൂര്‍ വിഷത്തിൽ പ്രധാനമന്ത്രി മൗനം തുടരുന്നതിനെതിരെ പ്രതിപക്ഷവും മണിപ്പൂരിൽനിന്നുള്ള ബിജെപി അംഗങ്ങളും പ്രതിഷേധത്തിലാണ്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ട്രൈബൽ ലീഡേഴ്സ് ഫോറം രംഗത്തെത്തി. ഞായറാഴ്ച ഇംഫാൽ വെസ്റ്റിൽ മൻ കി ബാത്ത് പ്രക്ഷേപണത്തിനിടെ പ്രതിഷേധവുമായെത്തിയവര്‍ റേഡിയോ ട്രാൻസ്മിറ്ററുൾപ്പെടെ തകര്‍ത്തു. 'മൻ കി ബാത്ത് അല്ല, മണിപ്പൂര്‍ കി ബാത്ത്' ആണ് സംസാരിക്കേണ്ടതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് പൂര്‍ണപിന്തുണയുണ്ടാകുമെന്ന് മിസോറാം മുഖ്യമന്ത്രി സോറാംങ്താമ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരോ മണിപ്പൂര്‍ സര്‍ക്കാരോ സ്വീകരിക്കുന്ന ഏത് നടപടികള്‍ക്കും പിന്തുണ നല്‍കും. മണിപ്പൂരിലെ മേയ്തി വിഭാഗങ്ങളുടെ അവസ്ഥയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മണിപ്പൂരിലെ സംഘര്‍ഷം ഉടനടി അവസാനിപ്പിക്കാനും സമാധാനവും സൗഹാർദവും നിലനിർത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസും രംഗത്തെത്തിയിരുന്നു.
മേയ് മൂന്നിനാണ് മണിപ്പൂരിൽ സംഘര്‍ഷങ്ങളുടെ തുടക്കം. കുകി - മേയ്തി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നൂറിലധികംപേർ കൊല്ലപ്പെട്ടു. അൻപതിനായിരത്തിലേറെ പേർക്ക് വീടുകൾ നഷ്ടപ്പെട്ടു.