INDIA

മേയ്തീ സംവരണം:ഭരണഘടന ബെഞ്ച് മുന്നോട്ടുവെച്ച തത്വങ്ങൾക്ക് വിരുദ്ധം, മണിപ്പൂർ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി

വെബ് ഡെസ്ക്

മണിപ്പൂർ ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. സംസ്ഥാന സർക്കാരിന് മെയ്തീ വിഭാഗത്തെ പട്ടിക വർഗ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി നിർദേശത്തിനെതിരെയാണ് വിമർശനം. ഹൈക്കോടതി വിധി സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് മുന്നോട്ടുവെച്ച തത്വങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. എന്നാൽ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുന്നത് സംബന്ധിച്ച് സുപ്രീം കോടതി നിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

'ഞങ്ങൾക്ക് മണിപ്പൂർ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യേണ്ടി വരും. ജസ്റ്റിസ് മുരളീധരന് തെറ്റുതിരുത്താൻ അവസരം നൽകിയിരുന്നു. പക്ഷേ അദ്ദേഹം അത് ചെയ്തില്ല. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിർദേശങ്ങൾ ഹൈക്കോടതി ജഡ്ജി പാലിച്ചില്ലെങ്കിൽ ഞങ്ങൾക്കെന്ത് ചെയ്യാനാകും'- ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. മണിപ്പൂരിലെ ഗോത്ര വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അ​ക്രമണങ്ങളിൽ നിന്നും അവർക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കുമ്പോഴാണ് കോടതി പരാമർശം.

പട്ടികജാതി/ വർഗ ലിസ്റ്റിൽ പുതിയ സമുദായങ്ങളെ ഉൾപ്പെടുത്തുമ്പോൾ പാലിക്കേണ്ട നിബന്ധനകളെക്കുറിച്ച് സുപ്രീംകോടതി നിർദേശങ്ങൾ നൽകിയിരുന്നു.ഇത് ലംഘിച്ചാണ് മണിപ്പൂർ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മെയ്തീ വിഭാഗത്തെ പട്ടിക വർഗ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ച് മണിപ്പൂർ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എം വി മുരളീധരൻ അടങ്ങുന്ന സിംഗിൾ ബെഞ്ചാണ് ഉത്തരവിറക്കിയത്. തുടർന്ന് മണിപ്പൂരിന്റെ ക്രമസമാധാനം തകർത്തുകൊണ്ട് ഗോത്ര വർഗ വിഭാഗവും മെയ്തീ സമുദായവും തമ്മിൽ വലിയ സംഘർഷമാണുണ്ടായത്.

ഹൈക്കോടതി വിധി ഭരണഘടനാ ബെഞ്ച് മുൻപ് പുറപ്പെടുവിച്ച വിധിക്ക് വിരുദ്ധമാണെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഒരു ജുഡീഷ്യൽ ഉത്തരവിന് പട്ടിക വർഗ ലിസ്റ്റിൽ മാറ്റം വരുത്താൻ സാധിക്കില്ല. രാഷ്ട്രപതിയുടെ ഭരണത്തിലാണെങ്കിൽ മാത്രമേ മാറ്റം സാധ്യമാകുകയുള്ളൂ. അതേസമയം വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടില്ല. ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ള അപ്പീൽ കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ തീരുമാനം.

അതിനിടെ ഹർജിക്കാരോട് ഹൈക്കോടതിയിൽ ഹാജരാകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. തുടർന്ന് ഹർജിക്കാരുടെ അഭിഷകൻ സുരക്ഷപ്രശ്നം ചൂണ്ടിക്കാട്ടിയെങ്കിലും ഓൺലൈൻ ആയിട്ടെങ്കിലും ഹൈക്കോടതിയിൽ ഹാജരാകണമെന്നും സുപ്രീംകോടതി പറഞ്ഞു. കാരണം മേയ്തീ സംവരണത്തിനെതിരെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ അപ്പീൽ സമർപ്പിച്ചിരുന്നതിനാലാണ് ഹർജിക്കാരുടെ വാദം ഡിവിഷൻ ബഞ്ചിൽ അവതരിപ്പിക്കേണ്ടി വരുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്