INDIA

'അക്രമങ്ങള്‍ക്ക് ബിജെപി പിന്തുണ'; മണിപ്പൂര്‍ വിഷയത്തിൽ ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

സംഘര്‍ഷബാധിത മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ 14 കമ്പനി സുരക്ഷാസേനയേയും കേന്ദ്ര സര്‍ക്കാര്‍ 20 കമ്പനി സേനയേയും വിന്യസിച്ചു

വെബ് ഡെസ്ക്

സംഘര്‍ഷം തുടരുന്നതിനിടെ മണിപ്പൂര്‍ വിഷയം സുപ്രീംകോടതിയില്‍. അക്രമങ്ങളെ തുടര്‍ന്ന് വീടുകള്‍ വിട്ട് പോകേണ്ടി വന്ന ഗോത്ര വിഭാഗക്കാരെ, സ്വന്തം സ്ഥലങ്ങളില്‍ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മണിപ്പൂര്‍ ട്രൈബല്‍ ഫോറം കോടതിയെ സമീപിച്ചു. സിആര്‍പിഎഫ് ക്യാമ്പുകളില്‍ അഭയംതേടിയ മണിപ്പൂരി ഗോത്രവിഭാഗക്കാരെ സുരക്ഷിതമായി സ്വന്തം വീടുകളിലെത്തിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിക്കണമെന്നാണ് ആവശ്യം.

മണിപ്പൂരിലെ ഗോത്ര വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് ബിജെപിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് മണിപ്പൂര്‍ ട്രൈബല്‍ ഫോറം ആരോപിക്കുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരണത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരുകള്‍ ഗോത്ര വിഭാഗങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നവരെ പിന്തുണയ്ക്കുകയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ 30 ഗോത്ര വര്‍ഗക്കാര്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടുവെന്നും 132 പേര്‍ പരുക്കേറ്റ് ചികിത്സയിലാണെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നു.

അതിനിടെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കി . സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ പാർട്ടികളും പിന്തുണയ്ക്കണമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് ആവശ്യപ്പെട്ടു. പാര്‍ട്ടികളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ഐക്യമുണ്ടാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഇബോബി സിങ്ങും ആഹ്വാനം ചെയ്തു.

സംഘര്‍ഷബാധിത മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ 14 കമ്പനി സുരക്ഷാസേനയേയും കേന്ദ്ര സര്‍ക്കാര്‍ 20 കമ്പനി സേനയേയും വിന്യസിച്ചിട്ടുണ്ട്. അക്രമം രൂക്ഷമായ മലയോരമേഖലകളില്‍ നിന്ന് മെയ്റ്റികളേയും ഇംഫാല്‍ താഴ്‌വരയില്‍ നിന്ന് കുകികളെയും ഒഴിപ്പിക്കുന്നത് തുടരുകയാണ്. സുരക്ഷിത അഭയസ്ഥാനം തേടി പോകുന്നവരെ അക്രമിക്കില്ലെന്ന് ഇരുവിഭാഗങ്ങളും അറിയിച്ചിട്ടുണ്ട്.

വ്യാപാരസ്ഥാപനങ്ങളും മറ്റും പലയിടത്തും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഗതാഗതവും പുഃനസ്ഥാപിച്ചു. പട്ടാളം, ദ്രുതകർമസേന, കേന്ദ്ര പോലീസ് സേന എന്നിവരുടെ നേതൃത്വത്തില്‍ എല്ലായിടത്തും സുരക്ഷ ശക്തമാണ്.

മണിപ്പൂരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിലും സംഘര്‍ഷങ്ങള്‍ തടയുന്നതിലും സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു.സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കണ്ട് തടയുന്നതില്‍ വീഴ്ചയുണ്ടായെന്നായിരുന്നു കേന്ദ്രത്തിന്റെ കണ്ടെത്തല്‍. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടാണ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സര്‍വകക്ഷിയോഗം ചേര്‍ന്നത്.

മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ മരിച്ചത് 54 പേരാണെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. മൃതദേഹങ്ങൾ ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിലും ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും സൂക്ഷിച്ചിരിക്കുകയാണ്. ചുരാചന്ദ്പൂരില്‍ വെള്ളിയാഴ്ച സുരക്ഷാസേന നടത്തിയ ഒഴിപ്പിക്കലിനിടെയുണ്ടായ വെടിവയ്പില്‍ മെയ്റ്റി വിഭാഗത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു.

ഗോത്രമേഖലയുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാരിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങിയത്. കൂടിയാലോചനയ്ക്കുശേഷം തയ്യാറാക്കിയ ബില്‍ അവതരിപ്പിക്കാതെ പുതിയ ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതിഷേധം അക്രമ സംഭവങ്ങളിലേക്ക് കടക്കുകയായിരുന്നു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം