INDIA

മണിപ്പുർ വെടിവയ്പ്: യുവമോർച്ച വൈസ് പ്രസിഡന്റ് ഉൾപ്പെടെ മൂന്നുപേർ കൂടി അറസ്റ്റിൽ

യുവമോർച്ച മണിപ്പുർ വൈസ് പ്രസിഡന്റ് നൊങ്തോമ്പം ടോണി മെയ്തിയാണ് അറസ്റ്റിലായത്

വെബ് ഡെസ്ക്

മണിപ്പൂർ സേഗ റോഡ് വെടിവയ്പ് കേസിൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ. സ്ത്രീ ഉൾപ്പെടെ അഞ്ചുപേർക്ക് വെടിയേറ്റ സംഭവത്തിൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് നൊങ്തോമ്പം ടോണി മെയ്തി, നിങ്തൗജം വിക്കി, ഖൈദേം നിബാസ് എന്നിവരാണ് അറസ്റ്റിലായത്. ഇംഫാൽ വെസ്റ്റ് ഡ്യൂട്ടി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ എട്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ശനിയാഴ്ച രാത്രി 10.40നാണ് ഇംഫാൽ വെസ്റ്റിലെ സേഗ റോഡിൽ വെടിവയ്പ് നടന്നത്. ആയുധധാരികളായ ചിലർ ഖൈദേം സെയ്താജിത് എന്നയാളെ വീട്ടിൽ കയറി പിടിച്ചുകൊണ്ടുപോകുന്നിടത്തുനിന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. വെടിവയ്പിൽ പരുക്കേറ്റ മെയ്‌റ പായ്ബിസ് ഉൾപ്പെടെയുള്ളവർ അക്രമികളെ പിടിച്ചുമാറ്റാൻ വന്നവരായിരുന്നു. പൊതുമധ്യത്തിൽ വച്ച് പല തവണ അക്രമികൾ വെടിയുതിർത്തത്തിനെത്തുടർന്നാണ് മെയ്‌റ പായ്‌ബിസ് ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റത്.

വെടിവയ്പ് സംബന്ധിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ തിരച്ചിലുകൾക്കും ചോദ്യംചെയ്യലുകൾക്കുമൊടുവിലാണ് സംഭവത്തിന് നേതൃത്വം നൽകിയത് യുവമോർച്ച നേതാവ് നൊങ്തോമ്പം ടോണി മെയ്തി ഉൾപ്പെടെയുള്ളവരാണെന്ന് മനസിലായത്. നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത നിങോബം അലക്സ്, ഗുരുമായും റെയ്ബാൻ എന്നിവരെ ചോദ്യം ചെയ്തതിലൂടെയാണ് യുവമോർച്ച നേതാവിലേക്ക് പോലീസ് എത്തുന്നത്.

അക്രമികൾ ഉപയോഗിച്ചിരുന്ന വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ക്രെറ്റ കാർ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഇംഫാൽ വെസ്റ്റ് ഡ്യൂട്ടി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ ഒക്ടോബർ 25 വരെ എട്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വെടിവയ്പിനെത്തുടർന്ന് രൂപീകരിച്ച ജോയിന്റ് ആക്ഷൻ കൗണ്‍സിൽ പരുക്കേറ്റ അഞ്ചുപേരെയും കണ്ട് മൊഴിയെടുത്തു.

മേധാബാട്ടി എന്ന സ്ത്രീയുടെ രണ്ട് കാലുകളിലും വെടിയുണ്ട തുളച്ചുകയറി. എല്ലുകൾക്ക് പൊട്ടലുണ്ട്. കാഴ്ച പരിമിതിയുള്ള ഭർത്താവിന്റെ ഏക തുണയാണ് മേധാബാട്ടി. ഇങ്ങനെ പരുക്കേറ്റു കിടക്കേണ്ടി വന്നാൽ തന്റെ ഭർത്താവിന്റെ കാര്യം ആര് നോക്കുമെന്നാണ് അവരുടെ ചോദ്യം. പരുക്കേറ്റവരിൽ പലർക്കും ഇനി സാധാരണ ജീവിതം സാധ്യമാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ