മദ്യനയ അഴിമതി കേസില്‍ സിബിഐയുടെ അറസ്റ്റ് നടപടിക്കെതിരെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചു. അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന് സിസോദിയ കോടതിയോട് ആവശ്യപ്പെട്ടു. ഇന്ന് വൈകിട്ട് തന്നെ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മറുപടി നല്‍കി. ഹൈക്കോടതിയെ സമീപിക്കാതെ, സുപ്രീംകോടതിയെ സമീപിച്ചത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഇതിന് മറുപടിയായി വിനോദ് ദുവ കേസിലെ സുപ്രീംകോടതി ഇടപെടല്‍ സിസോദിയയുടെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. കോവിഡ് കൈകാര്യം ചെയ്തതിൽ കേന്ദ്രത്തിന് വീഴ്ച സംഭവിച്ചുവെന്ന് വിമർശിച്ചതിന്, മാധ്യമപ്രവർത്തകനായ വിനോദ് ദുവക്കെതിരെ 2021 ജൂണിൽ രാജ്യദ്രോഹ കേസ് ചുമത്തിയിരുന്നു. എന്നാൽ ദുവ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചതോടെ കേസ് റദ്ദാക്കിയിരുന്നു.
മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയയെ ഇന്നലെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ട് ഡൽഹി റോസ് അവന്യു കോടതി ഉത്തരവിട്ടിരുന്നു. മാർച്ച് നാല് വരെയാണ് കസ്റ്റഡി കാലാവധി. സിസോദിയ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും അന്വേഷണം മുന്നോട്ട് പോവാൻ കൂടുതൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും സിബിഐ കോടതിയെ അറിയിച്ചു. എന്നാൽ, സിബിഐയുടെ ആരോപണങ്ങൾ സിസോദിയ കോടതിയിൽ നിഷേധിച്ചു.
പുതിയ മദ്യനയം എങ്ങനെ തയ്യാറാക്കി, ആരാണ് ഒപ്പിട്ടത്, മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനത്തിലേക്ക് നയിച്ച ചര്‍ച്ചകള്‍ എന്നിവയെ കുറിച്ച് വിശദമാക്കുന്ന രേഖകളൊന്നും കാണാനില്ലെന്നാണ് സിബിഐ വാദം. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി സിസോദിയ നൽകുന്നില്ലെന്നും സിബിഐ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. സിസോദിയ ആസൂത്രിതമായി ഗൂഢാലോചന നടത്തിയെന്നും സിബിഐ കോടതിയില്‍ വാദിച്ചു. തനിക്കെതിരായ തെളിവ് ഹാജരാക്കാന്‍ സിബിഐ തയ്യാറാകണമെന്ന് മനീഷ് സിസോദിയ കോടതിയിൽ വാദിച്ചു.
ഡിസംബർ 26നാണ് മദ്യനയ അഴിമതിക്കേസിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. എട്ടുമണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിസോദിയയെ അറസ്റ്റ് ചെയ്തതിനെതിരെ ആം ആദ്മി പാർട്ടി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.