INDIA

ഡൽഹി മദ്യനയക്കേസിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് എഎപി

എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്

വെബ് ഡെസ്ക്

ഡല്‍ഹി മദ്യനയക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റില്‍. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സംസ്ഥാന എക്‌സൈസ് മന്ത്രി കൂടിയായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ആംആദ്മി പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധങ്ങൾക്കിടെയാണ് മനീഷ് സിസോദിയയെ രാവിലെ സിബിഐ ചോദ്യം ചെയ്തത്. അറസ്‌ററിന് പിന്നാലെ സിബിഐ ആസ്ഥാനത്തെ സുരക്ഷ വര്‍ധിപ്പിച്ചു. ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് ആംആദ്മി പാർട്ടി പ്രതികരിച്ചു.

മുതിര്‍ന്ന നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായി മനീഷ് സിസോദിയയുടെ അറസ്റ്റില്‍ കടുത്ത പ്രതിഷേധമാണ് എഎപി ഉയർത്തുന്നത്. ജനാധിപത്യത്തിലെ കറുത്ത ദിനമെന്നും നടപടി ബിജെപിയുടെ രാഷ്ട്രീയ പകപോക്കലെന്നും എഎപി കുറ്റപ്പെടുത്തി. അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് സിബിഐ നടപടിയെന്നാണ് ആംആദ്മി പാർട്ടിയുടെ വാദം.

മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സിസോദിയയോട് ഹാജരാകാന്‍ സിബിഐ ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ബജറ്റുമായി ബന്ധപ്പെട്ട തിരക്കുമൂലം സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെടുകയും ഇന്നത്തേക്ക് ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കുകയുമായിരുന്നു. മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാനാണ് സിബിഐ നീക്കമെന്നായിരുന്നു എഎപി ആരോപണം. വലിയ രീതിയിലുള്ള പ്രതിഷേധം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായി. പ്രതിഷേധവുമായി ബന്ധപ്പെട്ട് നേതാക്കളടക്കം 50ഓളം പേരെ ഡല്‍ഹി പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ് ഉള്‍പ്പെടെ കസ്റ്റഡിയിലുണ്ട്. നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റെന്ന് പോലീസ് വ്യക്തമാക്കി.

രാവിലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്താണ് മനീഷ് സിസോദിയ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായത്. താന്‍ ഏഴോ എട്ടോ മാസം ജയിലില്‍ കിടന്നാലും തനിക്ക് വേണ്ടി ദുഃഖിക്കരുത് മറിച്ച് തന്നെയോര്‍ത്ത് അഭിമാനിക്കണമെന്ന് സിസോദിയ പ്രവര്‍ത്തകരോട് പറഞ്ഞു. നരേന്ദ്ര മോദിക്ക് അരവിന്ദ് കെജ്രിവാളിനെ ഭയമെന്നും അതിനാല്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും സിസോദിയ ആരോപിച്ചു.

2021ല്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഡല്‍ഹിയില്‍ കൊണ്ടു വന്ന പുതിയ മദ്യനയമാണ് കേസിനാധാരം. പുലര്‍ച്ചെ മൂന്ന് മണിവരെ കടകള്‍ തുറക്കാം, മദ്യത്തിന്‌റെ ഹോം ഡെലിവറി തുടങ്ങി നിരവധി നയമാറ്റങ്ങള്‍ ഇതിലുണ്ടായി. വ്യാജമദ്യം ഇല്ലാത്താക്കുക, കരിഞ്ചന്ത ഒഴിവാക്കുക ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുക വരുമാനം വര്‍ധിപ്പിക്കുക എന്നിവയായിരുന്നു സര്‍ക്കാരിന്‌റെ ലക്ഷ്യം. എന്നാല്‍ സര്‍ക്കാര്‍ പൂര്‍ണമായും പിന്‍മാറി സ്വകാര്യ മേഖലയെ സഹായിക്കുന്ന മദ്യനയം, കോഴവാങ്ങി നടപ്പാക്കിയതെന്ന് ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെട്ടതോടെ പുതിയ മദ്യനയം നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി.

സ്വകാര്യ കമ്പനികള്‍ നയരൂപീകരണത്തില്‍ പങ്കാളിയായെന്നും ഇതിന് അധികൃതര്‍ കോഴ വാങ്ങിയെന്നുമാണ് സിബിഐയുടെ വാദം. പുതിയ മദ്യനയ നടപ്പാക്കിയിരുന്നെങ്കില്‍ 12 ശതമാനം ലാഭം സ്വകാര്യ കമ്പനികള്‍ക്ക് അധികമായി ലഭിച്ചേനെ എന്നും അതില്‍ പകുതി രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കിയേനേ എന്നുമാണ് സിബിഐ കണ്ടെത്തല്‍. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഷേക് ബോനിപ്പള്ളി എന്ന വ്യവസായിയാണ് ഇതിന് ഇടനിലക്കാരനെന്നും സിബിഐ പറയുന്നു. സിബിഐയ്ക്ക് പുറമേ ഇടപാടിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇ ഡിയും കേസെടുത്തിട്ടുണ്ട്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍