മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ്ക്ക് തിരിച്ചടി. സിസോദിയ രണ്ട് ദിവസം കൂടി സിബിഐ കസ്റ്റഡിയിൽ തുടരും. സിസോദിയയുടെ ജാമ്യാപേക്ഷ സിബിഐ കോടതി മാർച്ച് 10ന് പരിഗണിക്കും. സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ സിബിഐ കസ്റ്റഡി മൂന്ന് ദിവസം കൂടി നീട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട ചില രേഖകൾ കാണാനില്ലെന്നും നിർണായക രേഖകൾ കണ്ടെത്താൻ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നും സിബിഐ കോടതിയെ അറിയിച്ചു. അതേസമയം, സിബിഐയുടെ അന്വേഷണം പരാജയമാണെന്ന് സിസോദിയയുടെ അഭിഭാഷകൻ വാദിച്ചു. കേസുമായി സഹകരിക്കാത്തത് ഒരു വ്യക്തിയെ റിമാൻഡ് ചെയ്യുന്നതിനുളള കാരണമല്ലെന്നും സിസോദിയയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കസ്റ്റഡിയിൽ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് സിസോദിയയും ആരോപിച്ചു.
അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് സിസോദിയയെ കോടതിയിൽ ഹാജരാക്കിയത്. ഡൽഹി റോസ് അവന്യൂ പ്രത്യേക ജഡ്ജി എം കെ നാഗ്പാലാണ് സിസോദിയയുടെ ജാമ്യപേക്ഷ പരിഗണിച്ചത്. റോസ് അവന്യൂ കോടതി വളപ്പിലും പുറത്തും കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ സിസോദിയ ഡൽഹി ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. തുടർന്ന് എഫ്ഐആർ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഹൈക്കോടതിയെ സമീപിക്കാതെ, സുപ്രീംകോടതിയെ സമീപിച്ചത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
2021ല്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഡല്‍ഹിയില്‍ കൊണ്ടുവന്ന പുതിയ മദ്യനയമാണ് കേസിനാധാരം. പുലര്‍ച്ചെ മൂന്ന് മണിവരെ കടകള്‍ തുറക്കാം, മദ്യത്തിന്‌റെ ഹോം ഡെലിവറി തുടങ്ങി നിരവധി നയമാറ്റങ്ങള്‍ പുതിയ മദ്യനയത്തിലുണ്ടായിരുന്നു. വ്യാജമദ്യം ഇല്ലാത്താക്കുക, കരിഞ്ചന്ത ഒഴിവാക്കുക ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുക വരുമാനം വര്‍ധിപ്പിക്കുക എന്നിവയായിരുന്നു സര്‍ക്കാരിന്‌റെ ലക്ഷ്യം. എന്നാല്‍ സര്‍ക്കാര്‍ പൂര്‍ണമായും പിന്‍മാറി സ്വകാര്യ മേഖലയെ സഹായിക്കുന്ന മദ്യനയം, കോഴവാങ്ങി നടപ്പാക്കിയതെന്ന് ആരോപണം ഉയര്‍ന്നു. മദ്യനയത്തിൽ ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ ലഫ്. ഗവർണർ വി കെ സക്സേനയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നാലെ മദ്യനയം പിൻവലിച്ചിരുന്നു. പുതിയ മദ്യനയം എങ്ങനെ തയ്യാറാക്കി, ആരാണ് ഒപ്പിട്ടത്, മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനത്തിലേക്ക് നയിച്ച ചര്‍ച്ചകള്‍ എന്നിവയെ കുറിച്ച് വിശദമാക്കുന്ന രേഖകളൊന്നും കാണാനില്ലെന്നാണ് സിബിഐ വാദം.