മനീഷ് സിസോദിയ 
INDIA

ഡൽഹി മദ്യനയ അഴിമതി കേസില്‍ മനീഷ് സിസോദിയയെ വിടാതെ സിബിഐ; വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചു

2021-22 ലെ ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട കേസിലാണ് സിസോദിയയെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്

വെബ് ഡെസ്ക്

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ. ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് സിബിഐ സിസോദിയയ്ക്ക് നോട്ടീസയച്ചു. കേസിൽ കുറ്റപത്രം സമർപ്പിച്ച് മൂന്ന് മാസത്തിന് ശേഷമാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ പുതിയ നീക്കം. സിബിഐ ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട വിവരം സിസോദിയ തന്നെയാണ് ട്വീറ്റ് ചെയ്തത്.

'' വീണ്ടും സിബിഐ വിളിച്ചിരിക്കുന്നു. എനിക്കെതിരെ അവർ സിബിഐയുടെയും ഇഡിയുടെയും മുഴുവൻ അധികാരവും ഉപയോഗിച്ചു, എന്റെ വീട് റെയ്ഡ് ചെയ്തു, ബാങ്ക് ലോക്കർ പരിശോധിച്ചു, എന്നിട്ടും ഒന്നും കണ്ടെത്താനായിട്ടില്ല. അന്വേഷണവുമായി ഞാൻ എപ്പോഴും സഹകരിച്ചിട്ടുണ്ട്, അതിനിയും തുടരും.'' - സിസോദിയ ട്വീറ്റ് ചെയ്തു.

2021 നവംബര്‍ 17 ന് നടപ്പാക്കിയ മദ്യനയം വിവാദത്തെ തുടര്‍ന്ന് എഎപി സര്‍ക്കാര്‍ 2022 ജൂലൈയില്‍ പിന്‍വലിച്ചു

2021-22 ലെ ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട കേസിലാണ് സിസോദിയയെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. ലഫ്. ഗവര്‍ണറായിരുന്ന വിജയ് കുമാര്‍ സക്‌സേനയാണ് മദ്യനയത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. 2021 നവംബര്‍ 17 ന് നടപ്പാക്കിയ മദ്യനയം വിവാദത്തെ തുടര്‍ന്ന് എഎപി സര്‍ക്കാര്‍ 2022 ജൂലായില്‍ പിന്‍വലിച്ചു. കേസുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടാണ് എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് അന്വേഷിച്ചത്. 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചതില്‍ സിസോദിയയെ പ്രതി ചേർത്തിട്ടില്ല. അറസ്റ്റിലായ വ്യവസായികളായ വിജയ് നായർ, അഭിഷേക് ബോയിൻപള്ളി എന്നിവരടക്കം ഏഴ് പ്രതികളാണ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ഡല്‍ഹി എക്‌സൈസ് നയം പരിഷ്‌കരിച്ചപ്പോള്‍ മദ്യലോബിയുടെ ഒത്താശയോടെ ക്രമക്കേടുകള്‍ നടന്നുവെന്നാണ് സര്‍ക്കാരിനെതിരായ ആരോപണം. ലൈസന്‍സ് ഫീസ് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്തുവെന്നും ലൈസന്‍സ് ഉടമകള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കിയെന്നും ആരോപണം ഉയര്‍ന്നു. അഴിമതിയിലൂടെ മദ്യക്കമ്പനികള്‍ 12 ശതമാനം ലാഭമുണ്ടാക്കി. അതില്‍ 6 ശതമാനം ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അഭിഷേക് ബോണിപ്പള്ളിയെപ്പോലുള്ള ഇടനിലക്കാര്‍ വഴി പൊതുപ്രവര്‍ത്തകര്‍ക്ക് എത്തിച്ചുവെന്നുമാണ് ആരോപണം.

അഴിമതി നടത്തി ലഭിച്ച പണം ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചുവെന്നാണ് ആരോപണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍വെ സംഘങ്ങളിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് 70 ലക്ഷം രൂപ പണമായി നല്‍കിയെന്നും ആരോപണമുണ്ട്. എഎപിക്ക് വേണ്ടി വക്താവ് വിജയ് നായര്‍ 100 കോടി രൂപയോളം സമാഹരിച്ചെന്നും കുറ്റപത്രത്തിലുണ്ട്.

കുറ്റപത്രത്തിലുള്ള കാര്യങ്ങള്‍ ഇ ഡിയുടെ ഭാവനാസൃഷ്ടിയെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം.ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉയര്‍ന്നുവന്ന കേസ് ബിജെപിയുടെ വഴിതിരിച്ചുവിടല്‍ തന്ത്രമാണെന്നാണ് എഎപിയുടെ വാദം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ