INDIA

ഡല്‍ഹി മദ്യനയ അഴിമതി; സിസോദിയയുടെ ഇ ഡി കസ്റ്റഡി 5 ദിവസത്തേക്ക് കൂടി നീട്ടി, രാഷ്ട്രീയ വേട്ടയാടലെന്ന് ആം ആദ്മി പാര്‍ട്ടി

മാർച്ച് 22ന് സിസോദിയയെ വീണ്ടും ഹാജരാക്കണമെന്ന് റോസ് അവന്യൂ കോടതി

വെബ് ഡെസ്ക്

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ ഇ ഡി കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. ചോദ്യങ്ങള്‍ക്ക് മനീഷ് സിസോദിയ കൃത്യമായ ഉത്തരം നല്‍കുന്നില്ലെന്നും അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്നും ഇ ഡി ഡല്‍ഹി റോസ് അവന്യൂ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടത്. മാർച്ച് 22ന് സിസോദിയയെ വീണ്ടും ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സിസോദിയക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്ന് ആംആദ്മി പാര്‍ട്ടി പ്രതികരിച്ചു.

ഒരു ദിവസം വെറും 30 മിനിറ്റ് മാത്രമേ ഇ ഡി അധികൃതർ ചോദ്യം ചെയ്യുന്നുള്ളൂവെന്നും കൂടുതൽ കാലം ജയിലിൽ പാർപ്പിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും സിസോദിയയുടെ അഭിഭാഷകന്‍ വാദിച്ചു. ചോദ്യങ്ങൾ ആവർത്തിക്കരുതെന്ന് ഉത്തരവുണ്ടായിട്ടും സിബിഐ എല്ലാ ദിവസവും ഒരേ ചോദ്യം തന്നെയാണ് ചോദിക്കുന്നതെന്ന് സിസോദിയ പരാതിപ്പെട്ടു . എട്ട് മാസമായി ഒരേ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്ന സിസോദിയ സിബിഐ പരാതി ഏറ്റെടുത്ത ദിവസം ഫോൺ മാറ്റിയിരുന്നു. ഫോൺ കേടായതിനാലാണ് മാറ്റിയതെന്ന സിസോദിയയുടെ വിശദീകരണം വിശ്വസനീയമല്ലെന്നും ഇ ഡി കോടതിയെ അറിയിച്ചു. നേരത്തേ സിസോദിയയുടെ കംപ്യൂട്ടർ അന്വേഷണ ഏജൻസി പിടി​ച്ചെടുത്തിരുന്നു. എന്നാൽ വീണ്ടും സമാന നടപടി ആവർത്തിക്കുകയാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സിബിഐയുടെ നിഴൽ സംഘടനയാണോയെന്നും സിസോദിയയുടെ അഭിഭാഷകൻ ചോദിച്ചു.

ഡല്‍ഹി മദ്യനയ അഴിമതിക്കേസിൽ ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സിസോദിയക്കെതിരെ സിബിഐ പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഫീഡ്ബാക്ക് യൂണിറ്റില്‍ അഴിമതി ആരോപിച്ചാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.

അതിനിടെ, സിസോദിയയുടെ ഔദ്യോഗിക വസതി ഡൽഹി സർക്കാർ പുതിയ മന്ത്രി അതിഷിക്ക് കൈമാറി. സിസോദിയയുടെ അറസ്റ്റിന് ശേഷം വിദ്യാഭ്യാസം, ടൂറിസം, സാംസ്കാരികം, പൊതുമരാമത്ത് വകുപ്പുകളുടെ ചുമതല വഹിക്കുന്നത് അതിഷിയാണ്.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ