മദ്യനയ അഴിമതിക്കേസിന്റെ പശ്ചാത്തലത്തില്‍ പരസ്പരം പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും. സിസോദിയ ഭാരതരത്‌ന അര്‍ഹിക്കുന്നുവെന്നും എന്നാല്‍ വേട്ടയാടപ്പെടുകയാണെന്നും കെജ്‌രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെജ്‌രിവാള്‍ തനിക്ക് ഗുരുതുല്യനാണെന്നും അദ്ദേഹത്തെ ചതിക്കില്ലെന്നും സിസോദിയ പ്രതികരിച്ചു. ആം ആദ്മി വിട്ട് ബിജെപിയില്‍ ചേര്‍ന്നാല്‍ തനിക്കെതിരായ കേസുകള്‍ റദ്ദാക്കാമെന്ന് ബിജെപി വാഗ്ദാനം നല്‍കിയതായി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കെജ്‌രിവാളിനെ ചതിക്കില്ലെന്ന സിസോദിയയുടെ പ്രസ്താവന.
സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടന്നതിനു പിന്നാലെയാണ് കെജ്രിവാളിന്റെ പരാമര്‍ശം. അതേസമയം സിസോദിയയ്‌ക്കെതിരായ സിബിഐ റെയ്ഡ് ഉള്‍പ്പെടെ നടപടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കാനാണ് പാര്‍ട്ടി നീക്കം. ഇതിന്റെ ഭാഗമായി കെജ്രിവാളും സിസോദിയയും രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായി അഹമ്മദാബാദിലെത്തിയിട്ടുണ്ട്. ഒരു മാസത്തിനിടെ അഞ്ചാം തവണയാണ് കെജ്രിവാള്‍ ഗുജറാത്ത് സന്ദര്‍ശിക്കുന്നത്.
രാജ്യത്തിന്റെയാകെ വിദ്യാഭ്യാസ സംവിധാനം അദ്ദേഹത്തെ ഏല്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. പകരം രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാന്‍ അവര്‍ സിബിഐ റെയ്ഡുകള്‍ നടത്തി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സിസോദിയ ഭാരതരത്‌ന അര്‍ഹിക്കുന്നുണ്ട്.
''വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ ഡല്‍ഹിയില്‍ സിസോദിയ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഗംഭീരമാണ്. 70 വര്‍ഷമായി മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്തിട്ടില്ലാത്തവിധം സര്‍ക്കാര്‍ സ്‌കൂളുകള്‍ അദ്ദേഹം പരിഷ്‌കരിച്ചു. രാജ്യത്തിന്റെയാകെ വിദ്യാഭ്യാസ സംവിധാനം അദ്ദേഹത്തെ ഏല്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. പകരം രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാന്‍ അവര്‍ സിബിഐ റെയ്ഡുകള്‍ നടത്തി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സിസോദിയ ഭാരതരത്‌ന അര്‍ഹിക്കുന്നുണ്ട്.'' കെജ്രിവാള്‍ പറയുന്നു. സിസോദിയയ്‌ക്കൊപ്പം തന്നെയും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇതെല്ലാം ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം സിസോദിയ ഉള്‍പ്പെടെ പ്രതിപ്പട്ടികയിലുള്ള 13 പേര്‍ക്കെതിരെ സിബിഐ ഞായറാഴ്ച ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികള്‍ രാജ്യം വിടാതിരിക്കാനാണ് സിബിഐയുടെ നീക്കം. നടപടിക്കെതിരെ പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് ലഫ്. ഗവര്‍ണറാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. 15 പ്രതികളടങ്ങിയ പട്ടികയില്‍ എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള മനീഷ് സിസോദിയ ആണ് ഒന്നാം പ്രതി. അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, അക്കൗണ്ടുകളിലെ കൃത്രിമം എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.