കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സുതാര്യമാകണമെങ്കില്‍ വോട്ടര്‍ പട്ടിക പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ക്ലബ് തിരഞ്ഞെടുപ്പില്‍ പോലും ഇല്ലാത്ത രീതിയാണ് ഇപ്പോഴത്തേതെന്ന് തിവാരി ട്വിറ്ററില്‍ കുറിച്ചു. തിരഞ്ഞെടുപ്പില്‍ ജി- 23 കൂട്ടായ്മയില്‍ നിന്ന് മനീഷ് തിവാരിയോ ശശി തരൂരോ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രതികരണം.
'സുതാര്യവും സത്യസന്ധവുമായ തിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ വോട്ടര്‍ പട്ടിക പുറത്തുവിടണം. പട്ടിക കിട്ടണമെങ്കില്‍ പിസിസികളെ സമീപിക്കേണ്ട സാഹചര്യമാണുള്ളത്. വോട്ടർമാർ ആരാണെന്നറിയാതെ എങ്ങനെ സ്ഥാനാർത്ഥികള്‍ നോമിനേഷന്‍ നല്‍കും. ക്ലബ് തിരഞ്ഞെടുപ്പില്‍ പോലും ഇല്ലാത്ത രീതി 'എന്നാണ് തിവാരിയുടെ ട്വീറ്റ് . പാർട്ടിയുടെ തിരഞ്ഞെടുപ്പുകാര്യ ചെയർമാൻ മധുസുദൻ മിസ്ത്രിക്കെതിരെയാണ് പ്രധാന ആരോപണം. എല്ലാ തിരഞ്ഞെടുപ്പുകളും സുതാര്യമാകണമെന്ന് തിവാരിക്ക് പിന്നാലെ കാര്‍ത്തി ചിദംബരം എംപി യും ട്വീറ്റ് ചെയ്തിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവായ പി ചിദംബരമോ മകന്‍ കാർത്തി ചിദംബരമോ ജി-23 നേതാക്കള്‍ക്കനുകൂലമായ നിലപാട് മുന്‍പ് സ്വീകരിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം.
അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്‍ലോട്ടിന്റെ പേരാണ് ഉയർന്നുകേള്‍ക്കുന്നത്. രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം പലകോണില്‍ നിന്നുയർന്ന് വന്നെങ്കിലും ഗാന്ധി കുടുംബത്തില്‍ നിന്നാരും മത്സരത്തിനില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തരൂര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ശശി തരൂരിനെ കൂടാതെ മനീഷ് തിവാരിയുടെ പേരും ഉയര്‍ന്നു വരുന്നുണ്ട്. ഗാന്ധി കുടുംബത്തില്‍ നിന്നാരും ഇല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നതാണ് ജി 23 യുടെ നിലപാട്.