കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. റഷ്യൻ - യുക്രെയ്ൻ യുദ്ധത്തിൽ നരേന്ദ്രമോദി സർക്കാരിന്റേത് ശരിയായ നിലപാട് ആയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുളള സംഘർഷത്തിൽ, സമാധാനത്തിന് വേണ്ടി അഭ്യർത്ഥിക്കുന്നതോടൊപ്പം രാജ്യത്തിന്റെ പരമാധികാരവും സാമ്പത്തികവുമായ താൽപ്പര്യങ്ങൾക്ക് പ്രഥമ സ്ഥാനം നൽകുന്നരീതിയിൽ ഇന്ത്യ ശരിയായ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 9 മുതൽ 10 വരെ രാജ്യതലസ്ഥാനത്ത് വച്ചുനടക്കുന്ന ജി 20 ഉച്ചകോടിക്കായി വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് നേതാക്കൾ ഡൽഹിയിൽ എത്തിയ സാഹചര്യത്തിലാണ് മൻമോഹൻ സിങ്ങിന്റെ പരാമർശം. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ പ്രത്യേകിച്ച് റഷ്യ - യുക്രെയ്ൻ യുദ്ധത്തിന്റെയും പാശ്ചാത്യ രാജ്യങ്ങളും ചൈനയും തമ്മിലുള്ള ഭൗമ-രാഷ്ട്രീയ വിള്ളലിന്റെയും വെളിച്ചത്തിലാണ് മൻമോഹൻ സിംഗിന്റെ പരാമർശം ശ്രദ്ധ നേടുന്നത്. ഭരണഘടനാ മൂല്യങ്ങളും മികച്ച സമ്പദ്‌വ്യവസ്ഥയും ഉള്ള സമാധാനപരമായ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യക്ക് ഈ പുതിയ ലോകക്രമം നയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
കൂടാതെ രാജ്യം പുരോഗതിയുടെ പാതയിലാണെന്നും സമാധാമപരമായ അന്തരീക്ഷമാണ് ഇവിടെ നിലകൊളളുന്നതെന്നും മൻമോഹൻ സിംഗ് വ്യക്തമാക്കുന്നതിലൂടെ വെട്ടിലായിരിക്കുന്നത് 2024ൽ നരേന്ദ്രമോദി സർക്കാരിനെ താഴെയിറക്കാനായി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിതക്കുന്ന വിശാല ഐക്യമുന്നണിയായ 'ഇന്ത്യ' സഖ്യമാണ്.
ഇന്ത്യുടെ ഭാവിയെക്കുറിച്ച് ആശങ്കയേക്കാൾ കൂടുതൽ ശുഭാപ്തിവിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തന്റെ ശുഭാപ്തിവിശ്വാസം ഇന്ത്യ ഒരു യോജിപ്പുള്ള സമൂഹമാണെന്നതിലാണെന്നും അത് രാജ്യത്തിന്റെ എല്ലാ പുരോഗതിക്കും വികസനത്തിനും അടിത്തറയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ സഹജാവബോധം വൈവിധ്യത്തെ സ്വാഗതം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വിദേശനയം തന്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ ഏറെ പ്രധാനമായി മാറിയിരിക്കുകയാണ്. നയതന്ത്രവും വിദേശനയവും പാർട്ടിക്കും വ്യക്തിപരമായ രാഷ്ട്രീയത്തിനും ഉപയോഗിക്കുന്നതിൽ സംയമനം പാലിക്കേണ്ടത് ഒരുപോലെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം, അസമത്വം, ആഗോളവ്യാപാരം അടക്കമുളള ആഗോള വെല്ലുവിളികളെ നേരിടാനുള്ള നയ ഏകോപനത്തിനുള്ള ഒരു വേദിയായി ജി 20 ഉച്ചകോടി മാറണം. എന്നാൽ സുരക്ഷയുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള വേദിയായി ഉച്ചകോടിയെ മാറ്റരുതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിക്ക് സാക്ഷ്യം വഹിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മൻമോഹൻ സിംഗ് പറഞ്ഞു. ജി20 ഉച്ചകോടിയിൽ നിന്നും വിട്ടുനിൽക്കുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ തീരുമാനം നിർഭാഗ്യകരമാണെന്നും ഇന്ത്യയുടെ പ്രദേശികവും പരമാധികാരപരവുമായ അഖണ്ഡത സംരക്ഷിക്കുന്നതിനും ഉഭയകക്ഷി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും വേണ്ട നടപടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.