INDIA

കുട്ടിയുടെ ലിംഗഭേദം നിർണയിക്കുന്നത് പുരുഷന്റെ ക്രോമസോമുകളാണെന്ന് സമൂഹം മനസിലാക്കണം: ഡല്‍ഹി ഹൈക്കോടതി

മതിയായ സ്ത്രീധനം നല്‍കാത്തതിനും രണ്ട് പെണ്‍മക്കളെ പ്രസവിച്ചതിനെ തുടർന്നുമുള്ള പീഡനവും മൂലം സ്ത്രീ മരിച്ച കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം

വെബ് ഡെസ്ക്

കുടുംബവംശാവലി കാത്തുസൂക്ഷിക്കാന്‍ കഴിയാത്തതില്‍ മരുമക്കളെ ബുദ്ധിമുട്ടിക്കുന്ന മാതാപിതാക്കള്‍ക്ക് കുട്ടിയുടെ ലിംഗഭേദം നിശ്ചയിക്കുന്ന ക്രോമസോമുകള്‍ മകന്റേതാണെന്ന് മനസിലാക്കിക്കൊടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. മതിയായ സ്ത്രീധനം നല്‍കാത്തതിനും രണ്ട് പെണ്‍മക്കളെ പ്രസവിച്ചതിനെ തുടർന്നുമുള്ള പീഡനവും മൂലം സ്ത്രീ മരിച്ച കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. സമകാലിക കാലത്ത് ഒരു സ്ത്രീയുടെ മൂല്യം ഇത്തരത്തില്‍ കണക്കാക്കുന്നത് സമത്വത്തിനും അന്തസിനും വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

വിവാഹിതയായ സ്ത്രീയുടെ മൂല്യം അവരുടെ ഭർതൃകുടുംബത്തിന്റെ സാമ്പത്തിക ആവശ്യം നിറവേറ്റാനുള്ള മാതാപിതാക്കളുടെ കഴിവിനെ ആശ്രയിച്ചിരിക്കരുതെന്നും കോടതി വ്യക്തമാക്കി

വിവാഹിതയായ സ്ത്രീയുടെ മൂല്യം അവരുടെ ഭർതൃകുടുംബത്തിന്റെ സാമ്പത്തിക ആവശ്യം നിറവേറ്റാനുള്ള മാതാപിതാക്കളുടെ കഴിവിനെ ആശ്രയിച്ചിരിക്കരുതെന്നും കോടതി വ്യക്തമാക്കി. തന്റെ മകള്‍ക്ക് സുഖവും സന്തോഷവും ലഭിക്കണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുമ്പോള്‍ ഭർതൃഗൃഹത്തില്‍ നിന്ന് പീഡനം അനുഭവിക്കുന്നത് കാണുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു. ലിംഗഭേദത്തിന് സ്ത്രീമാത്രമാണ് ഉത്തരവാദി എന്ന മട്ടിലുള്ള സമീപനത്തില്‍ നിന്നുണ്ടാകുന്ന പീഡനത്തില്‍ ഒരാള്‍ ജീവിതം തന്നെ ഉപേക്ഷിക്കുമ്പോള്‍ അതിന്റെ ആഘാതം ദീർഘകാലം നിലനില്‍ക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

''ജനിതകശാസ്ത്രത്തെ പൂർണമായി അവഗണിക്കുന്ന സാഹചര്യമാണ് ഇവിടെയുണ്ടാകുന്നത്. ഗർഭസ്ഥ ശിശുവിന്റെ ലിംഗഭേദം നിർണയിക്കുന്നത് എക്സ്, വൈ ക്രോമസോമുകളാണ്. ഇതില്‍ ഉള്‍പ്പെടുന്നത് സ്ത്രീകളുടെ രണ്ട് എക്സ് ക്രോമസോമുകളും പുരുഷന്മാരുടെ ഒരു എക്സും ഒരു വൈ ക്രോമസോമുകളുമാണ്. എന്‍സൈക്ലൊപീഡിയ ബ്രിട്ടാണിക്കയില്‍ പറയുന്നതനുസരിച്ച് ബീജസങ്കലനം ചെയ്യപ്പെടാത്ത അണ്ഡം എക്സ് അല്ലെങ്കില്‍ വൈ ക്രോമസോമുകള്‍ വഹിക്കുന്ന ബീജവുമായി സംയോജിക്കുമ്പോഴാണ് പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ജനിക്കുന്നത്,'' കോടതി പറഞ്ഞു.

ഭർതൃവീട്ടിലെ നിരന്തര പീഡനം മൂലം പെണ്‍കുട്ടികള്‍ ജീവനൊടുക്കിയ നിരവധി കേസുകള്‍ കോടതി പരിഗണിച്ചിട്ടുണ്ട്. കുട്ടികളുടെ ലിംഗഭേദം നിർണയിക്കുന്ന ക്രോമസോമുകള്‍ മകന്റേതാണ് മരുമകളുടേതല്ല എന്ന വസ്തുത ഇവർ മനസിലാക്കേണ്ടതുണ്ട്. മരിച്ച സ്ത്രീയുടെ ഭർത്താവിന് ജാമ്യം നിഷേധിച്ചുകൊണ്ടായിരുന്നു കോടതി മേല്‍പ്പറഞ്ഞ നിരീക്ഷണങ്ങള്‍ നടത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ കുടുംബാംഗങ്ങള്‍ക്കൊപ്പം ചേർന്ന് പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തതായാണ് പ്രതിക്കെതിരായ ആരോപണം. സ്ത്രീയുടെ പിതാവാണ് കേസ് നല്‍കിയിരിക്കുന്നത്. രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന്റെ പേരിലും ഭർതൃകുടുംബാംഗങ്ങളില്‍ നിന്ന് പീഡനം നേരിട്ടിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്.

സമത്വത്തിന്‍ മുന്‍തൂക്കം നല്‍കി സ്ത്രീശാക്തീകരണത്തിനായി പരിശ്രമിക്കുന്ന ഒരു സമൂഹത്തിന് ഇത്തരം സംഭവങ്ങള്‍ നിരാശ പകരുന്നതായും കോടതി പറഞ്ഞു

പ്രാഥമികഘട്ടത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന്റെ പേരിലാണ് ഒരു സ്ത്രീക്ക് ജീവന്‍ നഷ്ടമായിരിക്കുന്നതെന്ന് മനസിലാക്കുന്നതായും ആരോപണങ്ങള്‍ ഗുരുതരമായതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കാനാകില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.

സമത്വത്തിന് മുന്‍തൂക്കം നല്‍കി സ്ത്രീശാക്തീകരണത്തിനായി പരിശ്രമിക്കുന്ന ഒരു സമൂഹത്തിന് ഇത്തരം സംഭവങ്ങള്‍ നിരാശ പകരുന്നതായും കോടതി പറഞ്ഞു. ഭർതൃവീട്ടുകാരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ പോകുന്ന സ്ത്രീയുടെ മൂല്യം കുറഞ്ഞു പോകുന്നു എന്നത് വിവേചനത്തിന്റെ ഉദാഹരണമായി മാറുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം